ബിരിയാണി നാടകം ... കഥയോട് നൂറു ശതമാനം നീതി പുലർത്തിയ ആവിഷ്ക്കാരം - മൂസ വടക്കനോളി
രണ്ട് വേദികളിലായി മുമ്പ് രണ്ട് തവണ അരങ്ങേറിയ *ബിരിയാണി* എന്ന നാടകം ഇന്നലെ (2l.09.19- ശനി) പെരിഞ്ഞനം കമ്മ്യൂണിറ്റി ഹാളിൽ നടന്നപ്പോഴാണ് കാണാൻ ഭാഗ്യമുണ്ടായത്. സുധീഷ് അമ്മവീട്, ആദിത്യൻ കാതിക്കോട് പ്രതിഭകളുടെ കൂട്ടുകെട്ടിൽ വിരിഞ്ഞ ഈ സോളോ ഡ്രാമ സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥയുടെ തനത് നാടകരൂപമാണ് എന്നതാണ് പ്രത്യേകത. പെരിഞ്ഞനം ലയൺസ് ക്ലബ്ബിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് അരങ്ങേറിയ പരിപാടി കാണികളാൽ നിബിഡമായിരുന്നു.
ഏറെക്കുറെ എല്ലാ മലയാളികളും വായിച്ചിരിക്കാനിടയുള്ളതും, വിവാദപരവും വിചാര പരവുമായ ചർച്ചകളാൽ പ്രശ്നവൽക്കരിക്കപ്പെട്ടതുമായ ഒരു കഥ നാടകമാക്കി അവതരിപ്പിക്കുക എന്നത് ശരിക്കും ഒരു സാഹസമാണ്. എന്നാൽ ആ വെല്ലുവിളി ഏറ്റെടുത്തു വിജയിപ്പിച്ചു എന്നതാണ് ഈ നാടകത്തിന്റേയും നാടകക്കാരുടേയും പ്രസക്തി. മൂലകഥയോട് നൂറു ശതമാനവും നീതി പുലർത്തിക്കൊണ്ട്, വൈകാരിതക്ക് തെല്ലും ലോപം തട്ടാതെയും, ജീവിതാവസ്ഥകളെ തമസ്കരിക്കാതെയും അരമണിക്കൂറിനുള്ളിൽ കളിച്ചു തീർക്കാവുന്ന നാടക ശില്പം തയ്യാറാക്കി സംവിധാനിച്ച സുധീഷ് അമ്മവീട് തീർച്ചയായും അഭിനന്ദനമർഹിക്കുന്നു. കലന്തൻ ഹാജിയായും, ഗോപാൽയാദവായും നിറഞ്ഞാടിയ ആദിത്യൻ കാതിക്കോടാവട്ടെ സഹജമായ നടന വൈഭവത്തിലൂടെ ധൂർത്തിനോടുള്ള രോഷവും വിശപ്പിന്റെ നൊമ്പരവും കാണികളെ അനുഭവിപ്പിച്ച് പ്രശംസ ഏറ്റുവാങ്ങിയാണ് വേദിയിൽ നിന്നും പടി ഇറങ്ങിയത്. ഭാഷ കൊണ്ട് പറഞ്ഞു ഫലിപ്പിക്കാനാവാത്ത ഭാവ ചലനങ്ങളായിരുന്നു ചെറിയ നേരം കൊണ്ട് ആദിത്യൻ ആസ്വാദകർക്ക് മുമ്പിൽ കാഴ്ചവെച്ചത്. ദൈന്യം, സ്വപ്നം, വിശപ്പ്, പ്രണയം, വാത്സല്യം തുടങ്ങി വിപ്ലവവും പോരാട്ടവും വരെ അനായാസം ധ്വനിപ്പിക്കാൻ ആ മുഖത്തിനായി. അതെ, തുറന്ന സ്റ്റേജിൽ ഒരു മറ പോലുമില്ലാതെ കാണികളെ മുഴുവൻ നിശബ്ദരാക്കി സുധീഷ് ആദിത്യൻ സംഘം ശരിക്കും വേദി കീഴടക്കുകയായിരുന്നു. വിശന്ന് മരിച്ച ഏക മകൾ ബസുമതിയെ ഓർത്ത് ഉള്ളു പൊട്ടി കരയുമ്പോഴും ഗോപാൽ യാദവ് ബിരിയാണിച്ചെമ്പ് തുറന്ന് ചൂടുള്ള ദം ബിരിയാണി കുഴിയിലേക്ക് ചവുട്ടി താഴ്ത്തുന്ന രംഗം ആരുടേയും സ്വാസ്ഥ്യം കെടുത്താതിരിക്കില്ല. കാലിനടിയിൽ പറ്റിപിടിച്ച ബസുമതി ചോറ് വടിച്ചെടുത്ത് ഒരു അലർച്ചയോടെ കുഴിയിലേക്കെറിയുമ്പോൾ അത് ധൂർത്തന്മാരുടെ മുഖത്തേൽക്കുന്ന അടിതന്നെയായി മാറുന്നു. ബിരിയാണി എന്ന കഥ വിശപ്പിന്റെ കടലിരമ്പം ആയിരിക്കുമ്പോൾ തന്നെ ഇരകളുടെ പോരാട്ടസിംഫണി കൂടിയാണെന്ന് മനസ്സിലാക്കാൻ ഈ നാടകം കാരണമായി. തീർച്ചയായും സുധീഷ് അമ്മവീട്, ആദിത്യൻ കാതിക്കോട് കൂട്ടുകെട്ടിന്റെ യജ്ഞം വിഫലമായില്ല എന്ന് പറയാൻ ഏറെ സന്തോഷമുണ്ട്.
കലന്തൻ ഹാജിയുടെ സംഭാഷണത്തിനിടയിൽ സംവിധായകൻ അണിയറയിൽ നിന്നും എറിയുന്ന ചില ചോദ്യങ്ങൾ കാണികൾക്ക് കഥയുമായി സാമ്യപ്പെടാൻ ഏറെ സഹായകരമായി. എന്നാൽ കടന്നു പോന്ന ജീവിതത്തിന്റെ ദൈന്യം മുഴുവൻ ഓർത്തെടുക്കുന്ന ഗോപാൽ യാദവിന്റെ ആവിഷ്ക്കാര വേളയിൽ ഈ ഒരു ശ്രമം വേണ്ടെന്ന് വെച്ചത് എന്തുകൊണ്ടാണെന്നറിയില്ല. സന്ദർഭത്തിന് അനുയോജ്യമായ സംഗീതത്തിന്റെയും കവിതയുടേയും അകമ്പടി ഉണ്ടായിരുന്നു എന്നത് വിസ്മരിക്കുന്നില്ല. ഒപ്പം സംഭാഷണത്തിന്റെ തുടർച്ചക്കും സംഭവളുടെ ഗതി വിഗതികൾക്കും പിന്നണിയിൽ നിന്നുള്ള ചോദ്യശകലങ്ങൾ (ആദ്യ പകുതിയിൽ ഉണ്ടായിരുന്നതു പോലെ) സഹായകരമായേനെ എന്ന കാര്യം വിനയപൂർവ്വം ചേർത്ത് വെക്കട്ടെ.
സുധീഷ് അമ്മവീടിനേയും ആദിത്യൻ കാതിക്കോടിനേയും കൂടാതെ ഈ നാടകത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച മറ്റുള്ളവരെ കൂടി ഓർക്കാതെ പോകുന്നത് അനുചിതമായിരിക്കും. സംഗീത സംവിധായകൻ സതീഷ് ബാബു, കവിത രചയിതാവ് സുകേഷ് താമരക്കുളം, പിന്നണി സഹായി ജിതി സുധീഷ് എന്നിവർ തങ്ങളുടെ കൃത്യം ഭംഗിയായി തന്നെ നിർവ്വഹിച്ചു. കാലം ആവശ്യപ്പെടുന്ന മഹത്തായ ഒരു കഥാസൃഷ്ടിയാണ് ബിരിയാണി. നൈതികവും, ധാർമ്മികവും, നിയമപരവുമായ ഒട്ടേറെ ചോദ്യങ്ങൾ ഈ രചന മുന്നോട്ട് വെക്കുന്നുണ്ട്. ജീവിക്കാനുള്ള അവകാശം തന്നെയാണ് അതിൽ പ്രധാനമായിട്ടുള്ളത്. ഇത്രയേറെ സാമൂഹ്യ പ്രതിബന്ധതയുള്ള ഒരു കഥ നാടകരൂപത്തിൽ ജനസമക്ഷം എത്തിക്കാൻ മനസ്സ് വെച്ച ചങ്ങാതികളേ, നിങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി. മനുഷ്യബന്ധങ്ങളുടെ പുതിയ വർത്തമാനങ്ങളുമായി ഇനിയും ഈ 'നാടകത്ത്' നിങ്ങൾ ഉണ്ടാവണം എന്ന അഭ്യർത്ഥനയോടെ... ഒരായിരം ആശംസകളോടെ...
- മൂസ വടക്കനോളി -

Comments
Post a Comment