വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്
കവിതയെ ചമയങ്ങൾ കൊണ്ടും അലങ്കാരങ്ങൾ കൊണ്ടും മനുഷ്യന്റെ യഥാർത്ഥ ജീവിതത്തെ അന്യവൽക്കരിക്കുകയല്ല മറിച്ച് അവയെല്ലാം കുടഞ്ഞെറിഞ്ഞ് മനുഷ്യ ജീവിതത്തിന്റെ വ്യഥകളെയും പ്രതീക്ഷകളെയും തുറന്നു കാട്ടുന്നതാകണം കവിത എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ഒരു കവിയാണ് വലയാർ
സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും എന്ന് ഈ കവി ആമുഖ മായ്കുറിച്ചിടുമ്പോൾ.. തന്റെ കവിത ആർക്ക് ഒപ്പമാണ് എന്നും അത് ആർക്ക് വേണ്ടിയാണ് ശബ്ദിക്കുന്നതെന്നും വെളിപെടുത്തുകയാണ് കവി ...
വാളല്ല എന്റെ സമരായുധമെന്നും അതുകൊണ്ട് വാളു വിറ്റ് ഒരു മണി പൊൻവീണ വാങ്ങിയെന്ന് ഈ കവി പാടുമ്പോൾ... കലാകാരന്റെ സർഗ്ഗശേഷികൊണ്ട് ലോകത്തെ മാറ്റി തീർക്കാനാവുന്നതു പോലെ ആയുധങ്ങൾ കൊണ്ടു കഴിയില്ലയെന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ട് അദ്ദേഹം .... അത് കൊണ്ടാണ് ദിഗ്വ് വിജയത്തിനായി... തന്റെ സർഗ്ഗശേഷിയാകുന്ന കുതിരയെ കെട്ടഴിച്ചുവിട്ടു കൊണ്ട് പുതിയ കാലത്തിന്റെ അശ്വമേധത്തിന് തുടക്കമിടുന്നത്.... പൂർവ്വികരിൽ ൽ നിന്നു താൻ ആർജിച്ചെടുന്ന സാംസ്ക്കാരിക മൂല്യങ്ങൾ... അറിവുകൾ അങ്ങിനെ ജൻ മാന്തരങ്ങൾ കൊണ്ട് താൻ നേടിയ സർഗ്ഗശേഷിയെ പിടിച്ചു ക്കെട്ടാൻ ആർക്കാകുമെന്നും മാറ്റത്തിന്റെ അശ്വമേധം ജയിക്കാൻ സർഗ്ഗ ശക്തികൊണ്ടേ ആകു എന്നുo കവി പറഞ്ഞുവെക്കുന്നു.
-- സുധീഷ് അമ്മവീട്
അശ്വമേധം - വയലാര്‍
ആരൊരാളെൻ കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ?
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ!
വിശ്വസംസ്കാരവേദിയിൽ പുത്തനാ-
മശ്വമേധം നടത്തുകയാണു ഞാൻ!
നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പയു-
മെൻ കുതിരയെ, ചെമ്പൻ കുതിരയെ?
എന്തൊരുന്മേഷമാണതിൻ കൺകളിൽ
എന്തൊരുത്സാഹമാണതിൻ കാൽകളിൽ!
കോടികോടി പുരുഷാന്തരങ്ങളിൽ-
ക്കൂടി നേടിയതാണതിൻ ശക്തികൾ.
വെട്ടി വെട്ടി പ്രക്രുതിയെ മല്ലിട്ടു-
വെറ്റി നേടിയതാണതിൻ സിദ്ധികൾ!
മന്ത്രമായൂരപിഞ്ചികാചാലന-
തന്ത്രമല്ലതിൻ സംസ്കാരമണ്ഡലം!
കോടികോടി ശതാബ്ദങ്ങൾ മുമ്പൊരു
കാടിനുള്ളിൽ വച്ചെൻ പ്രപിതാമഹർ
കണ്ടതാണീക്കുതിരയെ;ക്കാട്ടുപുൽ-
ത്തണ്ടുനൽകി വളർത്തി മുത്തശ്ശിമാർ;
കാട്ടുചൊലകൾ പാടിയപാട്ടുക-
ളേറ്റുപാടിപ്പഠിച്ച മുത്തശ്ശിമാർ;
ഇന്നലത്തെ ചരിത്രം മയങ്ങുന്ന
മണ്ണിലൂടെ കുതിച്ചുപാഞ്ഞീടവെ
എത്രയെത്ര ശവകുടീരങ്ങളിൽ
ന്രുത്തമാടിയതാണാക്കുളമ്പുകൾ!
ദ്രുപ്തരാഷ്ട്ര പ്രതാപങ്ങൾതൻ കോട്ട-
കൊത്തളങ്ങളെപ്പിന്നിടും യാത്രയിൽ,
എത്ര കൊറ്റക്കുടകൾ,യുഗങ്ങളിൽ
കുത്തിനിർത്തിയ മുത്തണിക്കൂണുകൾ,-
അക്കുളമ്പടിയേറ്ററ്റുവീണുപോയ്;
അത്രയേറെബ്ഭരണകൂടങ്ങളും!
കുഞ്ചിരോമങ്ങൾതുള്ളിച്ചുതുള്ളിച്ചു
സഞ്ചരിച്ചൊരിച്ചെമ്പങ്കുതിരയെ,
പണ്ടു ദൈവം കടിഞ്ഞാണുമായ് വന്നു
കൊണ്ടുപോയീ സവാരിക്കിറങ്ങുവാൻ.
പിന്നെ രാജകീയോന്മത്തസേനകൾ
വന്നു നിന്നു പടപ്പാളയങ്ങളിൽ!
ആഗമതത്വവേദികൾ വന്നുപോൽ
യോഗദണ്ഡിതിലിതിനെത്തളയ്ക്കുവാൻ!
എന്റെ പൂർവികരശ്വഹ്രിദയജ്ഞ;
രെന്റെ പൂർവികർ വിശ്വവിജയികൾ,
അങ്കമാടിക്കുതിരയെ വീണ്ടെടു-
ത്തന്നണഞ്ഞു യുഗങ്ങൾതൻ ഗായകർ!
മണ്ണിൽനിന്നു പിറന്നവർ മണ്ണിനെ -
പ്പൊന്നണിയിച്ച സംസ്കാരശില്പികൾ!
നേടിയതാണവരോടു ഞാ,-നെന്നിൽ
നാടുണർന്നോരുനാളിക്കുതിരയെ!
ഈ യുഗത്തിന്റെ സാമൂഹ്യശക്തി ഞാൻ
മായുകില്ലെന്റെ ചൈതന്യവീചികൾ!
ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ
പച്ചമണ്ണിൻ മനുഷ്യത്മാണുഞാൻ!
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ
ആരൊരാളിക്കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ

Comments
Post a Comment