ബിരിയാണി നാടകം ... കഥയോട് നൂറു ശതമാനം നീതി പുലർത്തിയ ആവിഷ്ക്കാരം - മൂസ വടക്കനോളി രണ്ട് വേദികളിലായി മുമ്പ് രണ്ട് തവണ അരങ്ങേറിയ *ബിരിയാണി* എന്ന നാടകം ഇന്നലെ (2l.09.19- ശനി) പെരിഞ്ഞനം കമ്മ്യൂണിറ്റി ഹാളിൽ നടന്നപ്പോഴാണ് കാണാൻ ഭാഗ്യമുണ്ടായത്. സുധീഷ് അമ്മവീട്, ആദിത്യൻ കാതിക്കോട് പ്രതിഭകളുടെ കൂട്ടുകെട്ടിൽ വിരിഞ്ഞ ഈ സോളോ ഡ്രാമ സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥയുടെ തനത് നാടകരൂപമാണ് എന്നതാണ് പ്രത്യേകത. പെരിഞ്ഞനം ലയൺസ് ക്ലബ്ബിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് അരങ്ങേറിയ പരിപാടി കാണികളാൽ നിബിഡമായിരുന്നു. ഏറെക്കുറെ എല്ലാ മലയാളികളും വായിച്ചിരിക്കാനിടയുള്ളതും, വിവാദപരവും വിചാര പരവുമായ ചർച്ചകളാൽ പ്രശ്നവൽക്കരിക്കപ്പെട്ടതുമായ ഒരു കഥ നാടകമാക്കി അവതരിപ്പിക്കുക എന്നത് ശരിക്കും ഒരു സാഹസമാണ്. എന്നാൽ ആ വെല്ലുവിളി ഏറ്റെടുത്തു വിജയിപ്പിച്ചു എന്നതാണ് ഈ നാടകത്തിന്റേയും നാടകക്കാരുടേയും പ്രസക്തി. മൂലകഥയോട് നൂറു ശതമാനവും നീതി പുലർത്തിക്കൊണ്ട്, വൈകാരിതക്ക് തെല്ലും ലോപം തട്ടാതെയും, ജീവിതാവസ്ഥകളെ തമസ്കരിക്കാത...