Posts

Showing posts from 2015

രക്തസാക്ഷി...

രക്തസാക്ഷി... ************** സത്യൻ... മതിലകത്തെ ദളിതരുടെ ജീവിക്കുന്ന രക്തസാക്ഷി. , കുഴിച്ചുമൂടപ്പെട്ട സത്യങ്ങളുടെ കാവൽക്കാരൻ.. മിനുമിനുത്ത പോളീസ്റ്റർ മുണ്ട് ഗൾഫുകാരുടെ മാത്രം കുത്തകയായിരുന്ന കാലത്ത് ഒരു ദളിതൻ അത് ഉടുത്തു നടന്നാൽ കട്ടതാവാനേ തരമുളളു എന്ന പൊതുബോധം സത്യനെ കളളനാക്കി... കൊണ്ടുപോയി തല്ലിചതച്ച് ഭ്രാന്തനാക്കിയപ്പോൾ അറിയണം ഭരണകൂടത്തിനും പോലീസിനും പാവം ദളിതരോടുളള കരുതൽ... മതിലകത്തിൻടെ നാട്ടുവഴികളിൽ സത്യനിപ്പോഴും പുലമ്പികൊണ്ട് പായുന്നുണ്ട്.... ഇനിയൊന്നും ആരോടും അയാൾക്കു പറയാനില്ല.. എങ്കിലും... മതിലകത്തുകാരനായതിൽ ലജ്ജിക്കണമെന്ന് നമ്മളെ ഇടക്കിടെ ഓർമ്മപ്പെടുത്തുന്നുണ്ട്.. ദളിതനായതു കൊണ്ടുമാത്രം ഭ്രാന്തനായ സത്യൻ. ...!!

പ്രണയം

പ്രണയം ********** വിഷ സർപ്പത്തിനൊപ്പമാണ് ഉറങ്ങാൻകിടന്നത്... ഉറക്കത്തിലെപ്പോഴെങ്കിലും വിഷം തീണ്ടിയേക്കും.. പക്ഷെ.... മരണത്തേക്കാൾ വലുതെല്ലെ നമുക്ക് പ്രണയം....

നോട്ടം...

നോട്ടം... ******* ഒരുനോട്ടത്തിന് ഇരമ്പിയാർക്കുന്ന കടലിനെ തുറന്നുവിടാനാകും.. സ്വന്തമെന്ന് ഇതുവരെ നിനച്ചതൊന്നും അങ്ങിനെയല്ലെന്ന് പറയാനാകും... കരുതിയതൊന്നും അരുതെന്ന് വിളിച്ചു പറയാനാകും

നിർഭയ..എന്ന മകൾക്ക്

നിർഭയ..എന്ന മകൾക്ക് ------------------------ കൊന്നിട്ടും തിന്നാതെ... ബാക്കിവെച്ചതെന്തിന് പക്ഷംപിടിച്ച് ഓടിവരുന്നവർക്ക് ഉപ്പുനോക്കുവാനോ..... ?

നട്ടെല്ല്

നട്ടെല്ല് ******** മുത്തശ്ശിയുടെ വില്ലു പോലെ വളഞ്ഞ നട്ടെല്ലിനു പറയാനുളളത് തമ്പ്രാക്കൻമാരെ കുനിഞ്ഞു കുമ്പിട്ടതിൻടെ കഥകളാണ്... വളഞ്ഞ നട്ടെല്ലിൽ നിന്നും പറിച്ചുനട്ടതു കൊണ്ടാകും അച്ഛനുമുണ്ട് മോശമില്ലാത്ത വളവ്. പേരിനൊപ്പം വാലുളള മേലാപീസർമാരെ കാണുമ്പോൾ.. എൻടെ നട്ടെല്ലിനും ഒരു കിരുകിരുപ്പ് ..........................

ചവർക്കുന്ന മുന്തിരി

ചവർക്കുന്ന മുന്തിരി ............... പ്രണയിച്ചു നഷ്ടപ്പെടുന്നതിൻടെ സുഖമറിയാൻ ഒന്നുപ്രണയിക്കണമെന്നു തോന്നി പക്ഷെ നഷ്ടപെടാൻ മനസ്സുവന്നില്ല അത് കടംകഥ പോലെ അയാളെ മോഹിപ്പിച്ചു മായകാഴ്ചകളിലേക്ക് കൂട്ടികൊണ്ടുപോയി ... മുന്തിരിവല്ലികൾ തളിർത്ത താഴ്വരയിൽ അവർ മാത്രമായി ഒടുവിൽ അവർക്ക് അവരെ തന്നെ മടുത്തുതുടങ്ങി അങ്ങിനെ ആ ചവർക്കുന്ന മുന്തിരി അവർ കടിച്ചു തുപ്പി

മഴ തന്നെ മഴ

മഴ തന്നെ മഴ.... ************* അന്നൊരു മഴക്കാലത്ത് അച്ഛൻടെ കയ്യും പിടിച്ച് രക്ത സാക്ഷി മണ്ഢപങളിലേക്ക് ഞാനും യാത്രപോയിട്ടുണ്ട് ഹൃദയം കൊണ്ട് ഈങ്കിലാബെന്ന് വിളിച്ചിട്ടുണ്ട്.... പക്ഷെ.... ഇന്നവർ.... എൻടെ ഉടലിൽ വെട്ടികീറിയത്... ചുവന്ന മഴച്ചാലുകൾ....

മഴ....

മഴ... . ***** ഞാനൊന്നു പെയ്യാൻതുടങ്ങുമ്പഴേക്കും നീ കുട നിവർത്തുന്നതുകൊണ്ട് നിന്നെയൊന്നു നനയ്കാൻ എനിക്കാവുന്നില്ലല്ലോ

മറ്റെന്തെങ്കിലും...

മറ്റെന്തെങ്കിലും... ************* പ്രണയം പൂവിട്ടിരുന്ന എൻടെ നാട്ടുവഴികളിൽ ഇപ്പോൾ... ചന്ദനത്തിരികൾ മണക്കുന്നു പുകയുന്ന സമ്രാണിത്തിരികൾ എൻടെ കണ്ണുപൊത്തുന്നു എനിക്കു പരിചിതമല്ലാത്ത വഴികളിലൂടെ എന്നെ കുറെ ദൂരം നടത്തികൊണ്ടുപോകുന്നു... ചെമ്പരത്തികൾ പൂത്തുനിൽക്കുന്ന ഇടവഴികളിൽ ഒരു പാദസര കിലുക്കത്തിന് കാതോർക്കവെ ശിരോവസ്ത്രത്തിനുളളിൽനിന്നും പേടിച്ചരണ്ട രണ്ടു കണ്ണുകൾ... അതെന്നോട് ജാതി ചോദിക്കുന്നു... വിപ്ളവം തിളച്ചിരുന്ന എൻടെ മോസ്കോകവലയിൽ മതപ്രഭാഷണ പരമ്പരകൾ... ഞാനൂം നീയും കൂടുന്നിടത്തെല്ലാം മതം പറയുന്നു... ഇഷ്ടമാണെന്ന് പറഞ്ഞില്ലെങ്കിലും പ്ളീസ്... മതമെല്ലാതെ മറ്റെന്തെങ്കിലും എന്നോടു പറയൂ...

കാത്തിരിപ്പ്

കാത്തിരിപ്പ് ************* ഇടവഴി രണ്ടായിപിരിയുന്ന ഇവിടെ വെച്ചാണ് വീണ്ടും കാണാമെന്ന ഉറപ്പോടെ നമ്മൾ പിരിഞ്ഞത്... ഇടവഴി പിന്നീട് ഒന്നായ് ചേർന്ന് നീണ്ടൂ പോയിട്ടും നമ്മൾ തമ്മിൽകണ്ടില്ല.. അന്ന് പിരിയും നേരം നീ കണ്ണിൽ ഒളിപ്പിച്ച നുണയുടെ ഇഴപിരിച്ചെടുക്കാൻ എനിക്കെൻടെ ആയുസ്സ് തികയില്ല അങ്ങിനെ കാത്തിരിപ്പ് എനിക്കൊരു ശീലമായി....

പ്രണയത്തിൻടെ കടൽ

പ്രണയത്തിൻടെ കടൽ """"""""""""""""""""""""""""""" കടൽ... , നിൻടെ പതഞ്ഞുപൊന്തുന്ന തിരകൾക്കുമപ്പുറം ഒളിഞ്ഞിരിക്കുന്ന പ്രണയത്തിൻടെ ആഴങ്ങളുണ്ട്..... നിലതെറ്റിക്കുന്ന നീർച്ചുഴികളിൽ മുറിവേറ്റ പ്രണയത്തിൻടെ തണുത്തപകയുണ്ട്... മുത്തും പവിഴവും ഗർഭം ധരിച്ച നിൻടെ അഗാധതകളിൽ പറയാതെ കാത്തുവെച്ച പ്രണയത്തിൻടെ ഘനീഭവിച്ച ലാവകളുണ്ട്... ഓരോ തിരയും പാതിപറഞ്ഞ് മറുപാതിപറയാൻ അടുത്ത തിരയെ പറഞ്ഞുവിടും. ഒരിക്കലും പറഞ്ഞുതീരാത്ത പ്രണയത്തിൻടെ ദൂതരെപോലെ തിരകൾ അവസാനിക്കുന്നില്ല......

ഇരകൾ

ഇരകൾ ********* വെളളി വെളിച്ചത്തിലേക്ക് പറന്നുപോയ സ്വപ്നങ്ങളാകുന്ന ശലഭങ്ങൾ ചിറകു കരിഞ്ഞു വീഴും പോലെ.. മഴ..പെയ്യാൻതുടങ്ങുന്നു വ്യവസ്ഥിതിക്കെതിരെ നീന്താൻ തുനിഞ്ഞ് പാതിവഴിയിൽ ഒറ്റുകൊടുക്കപ്പെട്ട വിപ്ളവകാരികളാണവർ.. കറുപ്പും ഇരുട്ടും അതിരിട്ട അഴുക്കും വെറുപ്പും കുഴഞ്ഞ ചേരികളിൽ നിന്നും ജീവിതം തിരികെപിടിക്കാൻ നടന്നപ്പോഴാണ് ആരോ പടുകുഴിയിലേക്ക് വലിച്ചിട്ടത്.. പകലുകൾ നമുക്കുവേണ്ടിയും കൂടിയാണെന്ന് വിളിച്ചുപറയാൻ തുടങ്ങുമ്പോഴാണ് ആരോ വാ പൊത്തിയത്..

ഗാസ്സ....

ഗാസ്സ.... ****** ഗാസ്സാ.. രക്തം മണക്കുന്ന നിൻടെ തെരുവീഥികളിൽ.... മരണം പതിയിരിക്കുന്ന നിൻടെ ഇടനാഴികളിൽ മിസൈലുകൾ തുപ്പുന്ന തീക്കാറ്റിലും.. ഒരു ഇല...വാടാതെ ഇരിക്കുമെങ്കിൽ അതുമതി... ജനിച്ച നാടിനുവേണ്ടിയുളള പോരാട്ടത്തേ കുറിച്ച് ലോകത്തോട് പറയാൻ ..............

ഭൂപടത്തിലില്ലാത്ത ഇടങ്ങൾ തേടി

Image
ഭൂപടത്തിലില്ലാത്ത ഇടങ്ങൾ തേടി ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, എൻടെ ആളുകൾ പൊതുനിരത്തുകളിൽ നിന്നു൦ പുറത്താക്കപ്പെടുന്നത് എന്തുകൊണ്ടാണ് സ്വയ൦പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ പാലായന൦ എന്ന ഉത്തരത്തിനോട് എനിക്കെ(ത(ശമിച്ചിട്ടു൦ സമരസപ്പെടാനാവുന്നില്ല കൂട്ട൦ തെറ്റിയ ഇടവഴികളിൽ വ൦ശനാശ൦ സ൦ഭവിച്ചുകൊണ്ടിരിക്കുന്ന ജീവികളെപ്പോലെ അവർ മിന്നിമായുന്നത് ഞാൻ അറിയുന്നുണ്ട് പകൽവെളിച്ചത്തിൽ പൂച്ചകളെപ്പോലെ പതുങ്ങി സ്വയ൦ അദൃശ്യരാവുന്ന അവർ രാ(തിയുടെ പതിഞ്ഞവെട്ടത്തിൽ വെറുപ്പു൦ അമർഷവു൦ ചവച്ചുതുപ്പി ഒറ്റയാനെപ്പോലെ വഴികൾ ചവിട്ടിമെതിച്ച് പാഞ്ഞുവരുന്നതു൦ ഞാൻ കാണുന്നുണ്ട് ഈയാ൦പാറ്റകളെ പോലെ രാ(തി വിളക്കിലേക്ക് പറന്നിറങ്ങുന്ന ഇവർ സ്വയ൦ നിർമ്മിച്ച ചിതൽ പുറ്റുകളിൽ പകലുറങ്ങി.... എൻടെ ആളുകൾ കറുത്തുപോയത് എന്തുകൊണ്ടാവാ൦ ? പകലിനെ പേടിച്ച് സ്വയ൦ ഇരുട്ടായി രാ(തി ചമച്ചതുകൊണ്ടാണെന്ന് എ(തപറഞ്ഞിട്ടു൦ എനിക്കുബോധ്യമാകുന്നില്ല...      Sudheesh ammaveedu

അമ്മ

അമ്മ ******** എൻടെകുട്ടികാലത്ത് നനഞ്ഞ അടുപ്പിലെ പുകഞ്ഞ വിറകിൻടെ മണമായിരുന്നുഅമ്മയ്ക്ക്... പാതി വെന്ത കഞ്ഞിയുടെ ഉപ്പിച്ച രുചിയായിരുന്നു അമ്മയ്ക്ക്...! എങ്കിലും .... പനിച്ചുകിടക്കുമ്പോൾ പൊളളുന്ന നെറ്റിയിൽ അമ്മയുടെ- തണുത്തൊരു മുത്തത്തിന് കൊതിയോടെ....ഇപ്പോഴും..!

.തർക്കം.

തർക്കം ******* ദൈവത്തിൻടെ പേരിൽ പൊരുതി മരിച്ചവനും കമ്മ്യൂണിസ്റ്റ് രക്തസാക്ഷിയും സ്വർഗ്ഗത്തിലേക്കുളള തലനാരിഴപാലത്തിൻടെ വക്കിൽവെച്ച് കണ്ടുമുട്ടി വീണ്ടുംതർക്കം ദൈവമുണ്ടെന്നും ഇല്ലെന്നും..... ദൈവം കണ്ണുതുറന്നപ്പോൾ കണ്ടത്... ദൈവമുണ്ടെന്ന് പറഞ്ഞ ആൾ കാലുതെറ്റി കത്തിയാളുന്ന നരകത്തിലേക്ക്... ദൈവമില്ലെന്ന് പറഞ്ഞ കമ്മ്യൂണിസ്റ്റ്ക്കാരൻ ഈങ്ക്വിലാബും മുഴക്കി മുന്തിരികൾ പഴുത്തു നിൽക്കുന്ന സ്വർഗ്ഗത്തിലേക്ക്...

വിളിക്കാതെ വന്ന വസന്തങ്ങൾ (kavitha)

വിളിക്കാതെ വന്ന വസന്തങ്ങൾ ................ നീ നടന്നുപോയ വഴിയോളം പ്രിയപ്പെട്ട ഒരിടം എനിക്കില്ല കൊന്നപത്തലും മുളകുചെമ്പരത്തിയും വേലിയിട്ട വഴിയിലൂടെ എത്രപതുക്കെ നടന്നിട്ടും നമ്മൾപറഞ്ഞുതീർന്നില്ലല്ലോ.. വിരലുകൾതമ്മിൽ തൊടാതെ തൊട്ട് ഉടലാകെ പൂവിട്ടത് വസന്തം വന്നുവിളിച്ചിട്ടായിരുന്നില്ല അതുകൊണ്ട് ഇലകൊഴിയുന്ന ഈ ശിശിരത്തിലും എനിക്കായ് ഒരുപൂക്കാലം ഒരുക്കിവെയ്ക്കാൻ നിനക്കാകുമെന്ന് എനിക്കുറപ്പുണ്ട്....

ഭയം (kavitha)

ഭയം ''''''''''''''''''''''''''' ശവപറമ്പിലൂടെ നടന്നു പോയിട്ടുണ്ടോ ? പഴയതും പുതിയതുമായ ശവക്കൂനകൾ നമ്മെ തുറിച്ചുനോക്കുന്നത് ഒന്നു സങ്കൽപിച്ചുനോക്കൂ.. പാതിയിൽ വറ്റിപോയ സ്വപ്നങ്ങളുടെ കടൽ ഇപ്പോഴും ഇരമ്പുന്നുണ്ടിവിടെ പെയ്യാതെ പോയ മോഹങ്ങൾ ചത്തുചീഞ്ഞ ദുർഗന്ധം അവിടെ തളംകെട്ടി നിൽക്കുന്നുണ്ട് പ്രിയപ്പെട്ടവരാരോ വന്നു എന്ന തോന്നലിൽ ആരൊക്കെയോ തലപൊക്കിനോക്കുന്നതും നിരാശയുടെ വാൽമീകത്തിലേക്ക് വീണ്ടും പൂണ്ടു പോകുന്നതും കാണാം അടുത്തെവിടെയോ ഒഴിഞ്ഞ ഒരു ഇടം നമ്മെ നോക്കി ഭയപ്പെടുത്തുന്നത് കണ്ടിട്ടല്ല നമ്മൾ തിടുക്കപ്പെട്ടു നടന്നത് എന്ന് നമ്മൾ കളളം പറയും