അഷ്ടമൂർത്തിയുടെ നോവൽ ക്യുറേറ്റർ - ഓർമ്മളുടെ സൂക്ഷിപ്പുകാരൻ - സുധീഷ് അമ്മവീട്


ക്യൂറേറ്റർ - ഓർമ്മകളുടെ സൂക്ഷിപ്പുകാരൻ


എന്തിനെയും കരുതിവെക്കാനും
സൂക്ഷിക്കാനും എളുപ്പം
ഓർമ്മകളായി അതിനെ മാറ്റുക എന്നതാണ്. പക്ഷെ അത് എളുപ്പമാണെന്ന് പറയാമെങ്കിലും
എളുപ്പമല്ല ......
ഇന്നലെകൾ എന്തിന് നമ്മൾ തൊട്ട് മുമ്പ് ജീവിച്ച - ചിരിച്ച, സങ്കടപ്പെട്ട
നിമിഷങ്ങൾ വരെ ഓർമ്മകളാണ്
അതിനെ അടുക്കും ചിട്ടയോടെയും
മറവിയുടെ ചിതലരിക്കാതെയും
കരുതി വെക്കുക എന്നത് ചെറിയ കാര്യമല്ല. 
ഓർമ്മകളുടെ ശേഖരം നഷ്ടപ്പെട്ടാൽ നമുക്ക് ഭ്രാന്തുപിടിക്കും. ഏകാന്തതയുടെ നൂറുവർഷങ്ങൾ എന്ന ലോകത്തിലെ എല്ലാ വായനക്കാരുടെയും പ്രിയപ്പെട്ട കൃതിയുടെ എഴുത്തുകാരൻ
ഖബ്രിയേൽ ഗാർസിയ മാർക്വേസ്
തൻ്റെ അവസാന കൃതിയായ 
(Until the August) ആഗസ്റ്റിൽ കാണാം എന്ന കൃതിയുടെ രചന ക്കിടയിൽ തൻ്റെ ഓർമ്മകൾ
നശിച്ചു തുടങ്ങുന്നത് വേദനയോടെ തിരിച്ചറിയുന്നുണ്ട്.
‘’ഓർമ്മകളാണ് എൻ്റെ പണിപ്പുര
ഓർമ്മകളാണ് എൻ്റെ പണിയായുധവും അത് കൈവിട്ടാൽ പിന്നെ എന്ത് ഞാൻ “
ഒരു എഴുത്തുകാരൻ എന്ന നിലയിൽ മാത്രമല്ല ഒരു മനുഷ്യൻ
എന്ന നിലയിൽ ഒരാൾക്ക് ശ്വാസം പോലെ തന്നെ ജീവിക്കാൻ 
വേണ്ട ഒന്നാണ് അവൻ്റെ ഓർമ്മകൾ എന്ന് എനിക്കു തോന്നുന്നു.

അഷ്ടമൂർത്തി മാഷുടെ ക്യൂറേറ്റർ
എന്ന ഒരു നോവൽ
ഇത്തരത്തിൽ വ്യത്യസ്ത സൂക്ഷിപ്പുകൾ ഭ്രാന്തായി കൊണ്ടു നടക്കുന്ന ചിലരുടെ കഥ പറയുന്നുണ്ട്.
ഇന്നലെകൾ ഇന്ന് എന്നിവയെ കൂട്ടികെട്ടി അവരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ഇത്തരം സൂക്ഷിപ്പുകളാണ്.
ചാനൽ പശ്ചാത്തലത്തിൽ അവരുടെ കണ്ടൻ്റ് ക്രിയേഷൻ്റെ ഭാഗമായ അലച്ചിലും കിട മത്സരങ്ങളും പുതുമയുള്ള ഒരു
രചന രീതി നമ്മളെ പരിചപ്പെടുത്തുന്നു. 
ചാനൽ പ്രവർത്തകരുടെ ജാർഗണുകളും അവരുടെ ജീവിത പരിസരങ്ങളും നോവൽ സാഹിത്യത്തിൻ്റെ പുതിയ ഭാഷയായി നമുക്കു അനുഭവപ്പെടും. അവർ ഏറ്റെടുക്കുന്ന ഒരു പ്രോഗ്രാം ചില വ്യത്യസ്ത ജീവിതം നയിക്കുന്നവരെ പരിചയപ്പെടുത്തുന്ന ഒന്നാണ്.
‘’ഇങ്ങനെയും ഒരാൾ “ എന്ന
ഒരു പ്രാദേശിക ചാനൽ പരിപാടിയിൽ വന്നു വീഴുന്ന
ചിലർ നമ്മളെ ഇതുവരെ അനുഭവിച്ചിട്ടില്ലാൽ ഒരു ഉൻമാദത്തെ അനുഭവിപ്പിക്കുന്നു.

പട്ടികളെ പോറ്റാൻ ശേഷിയില്ലാത്ത
ഗോപാലൻ കുട്ടി എന്ന ഒരാൾ
പട്ടികളുടെ പ്രിയപ്പെട്ടവനാകുന്നു.
അയാൾ പട്ടികളുമായി
നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുന്നു. പട്ടികൾ ഏറ്റവും
സ്നേഹത്തോടെയും കരുണയോടെയും അത് കേട്ടിരിക്കുന്നു..... അയാൾക്ക് പക്ഷെ ചാനലിനു മുന്നിൽ ഭാഷയും ചിരിയും നഷ്ടമാകുന്നുണ്ട്.
അത് കൊണ്ട് തന്നെ ഒരു ഷോ എന്ന നിലയിൽ ചാനൽ മുതലാളിയെയും കണ്ടൻ്റ് ക്രിയേറ്ററെയും അത് വേണ്ട രീതിയിൽ തൃപ്തിപ്പെടുത്തുന്നില്ല.
എന്നാൽ ഗോപാലൻ കുട്ടിയും പട്ടികളും പാതിര വരെ സംസാരിച്ചു കൊണ്ടിരുന്നു. 
ഇങ്ങനെയും ഒരാളിൻ്റെ ‘ മറ്റൊരു ഫ്രെയിമിൽ വന്നു വീഴുന്നത്
സോമശേഖരൻ നായർ എന്ന ആനുകാലിക പുസ്തകങ്ങളുടെ
സൂക്ഷിപ്പുകാരനിലാണ്. വായനക്കാരിയായ
അമ്മയ്ക്കു വേണ്ടി പുസ്തകങ്ങൾ വാങ്ങി തുടങ്ങിയ അയാൾ
അത് ഭ്രാന്തുപോലെ പിന്തുടരാൻ തുടങ്ങുന്നു. ആനുകാലികങ്ങൾ വാങ്ങിക്കാനും സൂക്ഷിക്കാനും വേണ്ടി അയാളുടെ ജീവിതം മുഴുവൻ ഹോമിക്കുന്നു. പ്രിയപ്പെട്ടതിനെയല്ലാം അയാൾ അതിന് വേണ്ടി ബലി കൊടുക്കുന്നു.
ഭാര്യ ഭാമിനി ഒരു ഒന്നാം തരം വായനക്കാരിയായിരുന്നത് കൊണ്ട്
വായനയിൽ ഭ്രാന്തുള്ള ഒരാളെ
ഭർത്താവായി കിട്ടാൻ മുമ്പ് ആഗ്രഹിച്ചിരുന്നു. എന്നാൽ കിട്ടിയ ആൾക്ക് ഭ്രാന്ത് കുറെകൂടി പോയി എന്ന് ഭാമിനി പറയുന്നുണ്ട്.
ഭാമിനി സോമശേഖരൻ്റെ ഭ്രാന്തിന്
അവളുടെ ജീവിതം നൽകേണ്ടി വരുന്നുണ്ട്. മക്കൾക്ക് പഠിക്കാൻ പോലും മെച്ചപ്പെട്ട ഒരിടം വീടിനകത്ത് ലഭിക്കുന്നില്ല. അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ആഗ്രഹമുണ്ടെങ്കിലും
സോമശേഖരന് കഴിയുമായിരുന്നില്ല അയാളുടെ വരുമാനത്തിൻ്റെ ഏറിയ പങ്കും
അയാൾ ചെലവഴിച്ചത് ആനുകാലികങ്ങൾ വാങ്ങാനും സൂക്ഷിക്കാനുമാണ്…
കുട്ടികൾക്ക് പഠിക്കാൻ ഒരു മുറി പണിയാൻ തൻ്റെ മാല വിൽക്കാൻ വേണ്ടി ഭാമിനി അയാൾക്കു നൽകുന്നുണ്ട്. എന്നാൽ മുറിയുടെ പണി പൂർത്തിയാകുമ്പോൾ പ്രൊവിഡൻ്റ് ഫണ്ടിൽ നിന്നും ലോണെടുത്ത് മറ്റൊരാളിൽ നിന്നു വാങ്ങി കൊണ്ടുവന്ന പുസ്തകശേഖരം സൂക്ഷിക്കാൻ ആ മുറി ഉപയോഗിക്കുന്നു. 
മക്കളും ഭാര്യയും ഇയാളുടെ ഭ്രാന്തിനെ വല്ലാതെ വെറുക്കുന്നുണ്ട്. പക്ഷെ ഈ ഭ്രാന്ത് ഇല്ലാതായാൽ അയാൾ തന്നെ ഇല്ലാതാകുമെന്ന് ഭാമിനി വിശ്വസിക്കുന്നുണ്ട്. അത് കൊണ്ട മകളുടെ കല്യാണ ആലോചന വരുന്ന സമയത്ത് പൈസക്ക് ഒത്തിരി ആവശ്യമുണ്ടായിട്ടും 
തൻ്റെ പുസ്തകശേഖരം വാങ്ങാൻ മോഹ വില നൽകാമെന്ന ഓഫറുമായി വരുന്ന ആളോട്
എന്ത് പറയണമെന്ന ആശയകുഴപ്പത്തിൽ നിൽക്കുമ്പോൾ ഭാമിനി പറയുന്നുണ്ട് താങ്കൾക്ക് ഇഷ്ടമുള്ളത് ചെയ്യാൻ. ഇത് അൽപ്പം നീരസത്തോടെയാണെങ്കിലും
അത് വിട്ട് കൊടുക്കരുത് എന്ന് തന്നെയാണ് ആവൾ ഉദ്ദേശിച്ചത് എന്ന് മറ്റൊരിടത്ത് നമുക്ക് ബോധ്യപെടുന്നു. ഭാമിനിയുടെ മരണത്തോടെ അയാൾ ശരിക്കും ഒറ്റ പ്പെടുന്നു.
അച്ഛനോടുള്ള അതൃപ്തിയിൽ മക്കൾ ജീവിതം രണ്ടിടങ്ങളിൽ കരുപിടിപ്പിക്കുന്നുണ്ട്. പഠനാവശ്യങ്ങൾക്ക്
പലയാളുകൾ ആനുകാലിക ശേഖരം തേടിയെത്തുന്നുണ്ട്. അത് വലിയ കാര്യമായി സോമശേഖരൻ കരുതിപോന്നു. എന്നാൽ കാലക്രണേ അയാൾക്ക് അത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പ്രായവും അസുഖങ്ങളും അയാളെ ഈ ശേഖരങ്ങൾ ഉത്തരവാദിത്ത പ്പെട്ട ഒരിടത്ത് ഏൽപ്പിക്കാൻ ആഗ്രഹിക്കുന്നു. സാഹിത്യ അക്കാദമിയുടെ അപ്പൻ തമ്പുരാൻ ഹാളിൽ ഒരു ഇടം ശേഖരത്തന് ഉണ്ടാകാൻ അയാൾ ശ്രമിക്കുന്നുണ്ട്. സി.ബി എന്ന ഷോർട്ട് പേരിൽ അറിയപ്പെടുന്ന ചാനൽ പ്രവർത്തകൻ ആ ദൗത്യം ഭംഗിയായി നിർവ്വഹിച്ചതുമാണ്.
ആ ഇടക്കും മോഹ വിലകൾ നൽകാമെന്ന് പറഞ്ഞ് പലരും സോമശേഖരനെ സമീപിച്ചു. മുൻപെന്ന പോലെ കടുത്ത ഭാഷയിയിൽ ആണ് അയാൾ അവരോട് പ്രതികരിച്ചത്.
എന്നാൽ അക്കാദമി സമ്മതം മൂളിയെങ്കിലും നടപടിക്രമങ്ങൾ കാലം താമസം സൃഷ്ടിച്ചു. അസുഖബാധിതനായ സോമശേഖരൻ വെൻ്റിലേറ്ററിലാകുന്നു. മകൻ വീട് വിറ്റ് ഒഴിവാക്കാനും അച്ഛനെ വൃദ്ധ സദനത്തിൽ ഏൽപ്പിക്കാനും ശ്രമിക്കുന്നുണ്ട്.
അക്കാദമി അപ്രയിസൽ കമ്മിറ്റി പരിശോധന നടത്തുമ്പോൾ
ഏറ്റവും പ്രധാനപ്പെട്ട ഒരു വിഭാഗം
പുസ്തകങ്ങൾ ചിതലരിച്ചതായി
കാണുന്നിടത്ത് വായനക്കാരുടെ
നെഞ്ചു പിടയുന്നു. വെൻ്റിലേറ്ററിൽ മരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്ന സോമശേഖരൻ തൻ്റെ പ്രിയപ്പെട്ട നിധി ചിതലരിച്ചത് അറിയാൻ തിരിച്ചു വരല്ലെ എന്ന് നമ്മൾ ആഗ്രഹിക്കും. സിനിമയിലെ ദുഖപര്യവസാനിയായ ക്ലൈമാക്സ് നീറ്റലുള്ള് ഒരു അനുഭവമാണ്
നോവലിൻ്റെ വായന നമ്മളെ കൊണ്ട് എത്തിക്കുന്നത്.
 ശ്രീ കണ്ഠേശ്വരം പത്മനാഭപിള്ള തൻ്റെ ജീവിതത്തിൻ്റെ ഏറ്റവും പ്രിയപ്പെട്ട 26 വർഷങ്ങൾ ചെലവഴിച്ച് എഴുതിയ ശബ്ദതാരാവലിയുടെ രചനക്കിടയിൽ അനുഭവിച്ച സഹനങ്ങളെ കുറിച്ച് നമ്മളെ ആഴത്തിൽ സ്പർശിക്കുന്ന ഒരു കാര്യം പറയുന്നുണ്ട്.
‘’ഈ പുസ്തകത്തിൽ സുഖം എന്ന
ഒരു വാക്കുണ്ട് എന്നാൽ എൻ്റെ ജീവിത കാലയളവിൽ ഞാനത്
അനുഭവകൊണ്ട് അറിഞ്ഞിട്ടില്ല”

അഷ്ടമൂർത്തി എഴുതിയ ക്യൂറേറ്റർ എന്ന നോവലിലെ സോമശേഖരൻ എന്നയാളുടെ ജീവിതത്തിൻ്റെ വ്യഥകളും അയാൾ പേറിയാ അപമാനങ്ങളും ഒരു പക്ഷെ മേൽപറഞ്ഞ വാക്കിൽ അടക്കം ചെയ്തിട്ടുണ്ട്….
കുറെ കൂടി മെച്ചപ്പെട്ട വായനക്കായ് നിങ്ങളെ ഞാൻ ക്ഷണിക്കുന്നു.
       - സുധീഷ് അമ്മവീട്


കെ.വി. അഷ്ടമൂർത്തി

1952 ജൂൺ 27ന്‌ തൃശൂർ ജില്ലയിലെ ആറാട്ടുപുഴയിൽ ജനിച്ചു. അച്‌ഛൻ: കെ.കെ. വാസുദേവൻ നമ്പൂതിരിപ്പാട്‌. അമ്മ: ശ്രീദേവി അന്തർജനം. തൃശൂർ ശ്രീകേരളവർമ കോളേജിൽ നിന്നും ബി.കോം. കഴിഞ്ഞ്‌ 1974ൽ മുംബൈയിലെ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചു. ഇവിടെ പന്ത്രണ്ടുകൊല്ലം ജോലി ചെയ്‌തു. 1986ൽ നാട്ടിൽ തിരിച്ചെത്തി. തൃശൂരിലുളള എസ്‌.എൻ.എ. ഔഷധശാലയിൽ ജോലിചെയ്തിരുന്നു. സബിതയെയാണ് ഇദ്ദേഹം വിവാഹം കഴിച്ചത്. ഇവർക്ക് ഒരു മകളുണ്ട്.

കൃതികൾ

  • എപ്പോഴാണ് മകൾ മടങ്ങിയെത്തുക[1]
  • കരുവന്നൂർപ്പുഴയിലെ പാലം[2]
  • റിഹേഴസൽ ക്യാമ്പ്‌ [3]
  • മരണശിക്ഷ - കഥാവർഷം [4]
  • വീടുവിട്ടുപോകുന്നു[5][6]
  • തിരിച്ചുവരവ്‌ [7]
  • പകൽവീട്‌ [8]
  • കഥാസാരം
  • ലാ പത്താ
  • അനുധാവനം (പ്രവീൺകുമാറുമൊത്തെഴുതിയത്)
  • തിരിച്ചുവരവ്‌ (നോവലെറ്റ്)
  • അകലത്തെ ബോംബേ, അയലത്തെ മുംബൈ

പുരസ്കാരങ്ങൾ

റിഹേഴ്‌സൽ ക്യാമ്പ്‌ എന്ന നോവൽ 1982-ലെ കുങ്കുമം അവാർഡു നേടി. വീടുവിട്ടുപോകുന്നു എന്ന കൃതിക്ക് 1992ലെ കേരള സാഹിത്യ അക്കാദമി അവാർഡു ലഭിച്ചു. 


Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)