വേര് - വേര് നഷ്ടപ്പെടുന്നവരെ കുറിച്ചുള്ള സിനിമ

വേര് - വേര് നഷ്ടപ്പെടുന്നവരെക്കുറിച്ചുള്ള സിനിമ

നമ്മുടെ നാട്ടുകാരൻ
മുരളി ചന്ദ്രൻ സംവിധാനം ചെയ്ത
വേര് എന്ന സിനിമ അടിത്തട്ടിലെ ജനതയുടെ  അരക്ഷിതാവസ്ഥയെയും തീരാവ്യഥകളെയും തീവ്രമായി ആവിഷ്ക്കരിക്കുന്നു.
ലാഭ കേന്ദ്രീകൃതമായ ഒരു സിനിമാ വ്യവസായത്തിന് അപ്പുറം സമാന്തരമായി
പരുവപ്പെടുന്ന ഒരു സിനിമ സങ്കേതത്തിന്റെ തുടർച്ചയാണ്
മുരളി ചന്ദ്രന്റെ വേര്
ആദിവാസി ജനത അനുഭവിക്കുന്ന
ദുരിത സമാനമായ ജീവിതം
മലയാള സിനിമയുടെ വിഷയമാക്കാൻ
വലിയ ശ്രമങ്ങൾ നടന്നിട്ടില്ല. വിപണി സാധ്യത തീരെയില്ലാത്ത അത്തരം ഇടങ്ങളിലേക്ക് കടന്നു ചെല്ലുക എന്നത് 
മലയാളി സമൂഹത്തിന്റെ കാഴ്ച്ച ശീലങ്ങൾക്ക് തീരെ പരിചയമില്ല.
അവിടെയാണ് മുടക്കു മുതലു പോലും തിരിച്ചു കിട്ടാനിടയില്ലാത്ത ഒരു സാഹസത്തിന് ഇതിന്റെ നിർമ്മാതാവായ മനോജ് ( ദേവി വാച്ച്സ് )  സംവിധായകൻ മുരളി ചന്ദ്രനും തയ്യാറാകുന്നത്. മലയാളിയുടെ കാഴ്ച്ച ശീലങ്ങളോട് കലഹിച്ചു കൊണ്ടല്ലാതെ
മനുഷ്യ വംശത്തിന്റെ വേരുകൾ പോലെ മണ്ണിന്റെ അടിത്തട്ടിൽ പടർന്നു കിടക്കുന്ന ഒരുപറ്റം ജനതയുടെ കറുത്ത ജീവിതങ്ങൾ  ആവിഷ്ക്കരിക്കാൻ കഴിയില്ല. 
കാടിന്റെ ആവാസ വ്യവസ്ഥയോട് പിണഞ്ഞു കിടക്കുന്ന ആ ജീവിതങ്ങളെ
അതിനകത്തു നിന്നു കൊണ്ട് സംരക്ഷിക്കാനും മനുഷ്യനായി ജീവിക്കാനുതകുന്ന അടിസ്ഥാന ആവശ്യങ്ങൾ അവർക്ക് എത്തിച്ചു നൽകാനും നമ്മൾ നിരന്തരം പരാജയപ്പെടുന്നു. കാലാകാലങ്ങളിൽ അവർക്ക് അനുവദിക്കപ്പെടുന്ന ഫണ്ട്
ശരിയായ രീതിയിൽ ആ മേഖലയിൽ വിനിയോഗിച്ചിട്ടുണ്ടെങ്കിൽ അവരുടെ ജീവിതം സ്വർഗ്ഗതുല്ല്യമാകുമായിരുന്നു.
എന്നാൽ അത്രമേൽ ദുരിത സമാനമായ ജീവിതം നയിക്കുന്ന ഈ മനുഷ്യരിലേക്ക് എത്താതെ   അവർക്കായ് അനുവദിക്കുന്നത് എന്തും പാതിവഴിയിൽ വറ്റിപോകുന്നു . 
കാടിന്റെ സുരക്ഷിതത്തിൽ വേരൂന്നി ജീവിതം കെട്ടിപ്പടുക്കുന്ന ആ മനുഷ്യർ
നിരാശ്രയരാകുന്നതും നിരാലംബരാക്കുന്നതിനും കാരണം നമ്മളാണ്. കാടിന്റെ ആവാസ വ്യവസ്ഥയിൽ നാഗരിക ജനതയുടെ കടന്നുകയറ്റം വലിയ രീതിയിൽ അസ്വസ്ഥത സൃഷ്ടിക്കുന്നു. വന്യമൃഗങ്ങളുടെ സുരക്ഷിത ഇടങ്ങൾ തകർക്കപ്പെടുമ്പോൾ കാടിന്റെ ജനവാസ കേന്ദ്രങ്ങളിലേക്ക് അവയിറങ്ങും , അവയും ആദിവാസി ജനതയും പാലിച്ചിരുന്ന കരാറുകൾ ലംഘിക്കപ്പെടും . ഇത് ആദിവാസി ജനതയുടെ ജീവിതം കൂടുതൽ അരക്ഷിതമാക്കി. 
അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തത്തിൽ ഭരണകൂടം പിന്നോട്ട് പോയി. അവരുടെ ജീവിതങ്ങൾ വിലയില്ലാത്തതാണ് എന്ന പൊതുബോധം  നമ്മൾ വെച്ചുപുലർത്തുന്നു. ആദിവാസി ഇടങ്ങൾ നമ്മുടെ പരിഗണ വിഷയമല്ല. ഭൂമിയുടെ മറ്റേതോ അറ്റത്ത് ജീവിക്കുന്ന മനുഷ്യരാണവർ എന്ന അന്യതാ ബോധത്തിലേക്ക് നമുക്ക് വളരെ എളുപ്പത്തിൽ എത്തിചേരാനാവും. മതിയായ സൗകര്യങ്ങളുള്ള
ആശുപത്രികളില്ല , കാര്യക്ഷമമായി പ്രവർത്തിക്കുന്ന സ്ക്കൂളുകളില്ല മരുന്നും ഭക്ഷണവും എത്തിക്കാനുള്ള  സംവിധാനങ്ങൾ ഫല പ്രദമാകുന്നില്ല. തുടങ്ങി വെക്കുന്ന എല്ലാ പദ്ധതികളും
തുടർച്ചകളില്ലാതെ  പാതിവഴിയിൽ നിലച്ചു പോകും. ഫണ്ട് വിനിയോഗത്തിന്റെ ചെറിയ ഒരു ശതമാനം പോലും യാഥാർത്ഥ്യത്തെ തൊടുന്നില്ല…. ഇത്തരം പദ്ധതികളുടെ നടത്തിപ്പുകൾ വേണ്ട രീതിയിൽ മോണിറ്ററിങ് നടത്തുന്നില്ല. അത്രമേൽ
മലിനീകരിക്കപ്പെട്ട രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ടു കൾ ഒരു ജനതയെ ഒറ്റുകൊടുത്തത് കൊണ്ടാണ് ഈ മനുഷ്യരുടെ ജീവിതങ്ങൾ വേരറ്റ് പോകുന്നത്. ചുരുങ്ങിയപക്ഷം അവരെ
ജീവിക്കാൻ അനുവദിക്കണം (ആദിവാസി മേഖലയിലെ അവിവാഹിത അമ്മമാരുടെ എണ്ണം അറിഞ്ഞാലെ അതിന്റെ ഭീകരത നിങ്ങൾക്ക് ബോധ്യപ്പെടു) 
ഇത്തരം അനീതികൾക്കെതിരെ  ചെറുതല്ലാത്ത ഇടപെടലാണ് മുരളി ചന്ദ്രന്റെ വേര് എന്ന സിനിമ .
അച്ഛന്റെ ശരീരം പോസ്റ്റ് മാർട്ടം കഴിഞ്ഞ്
കൊണ്ടുപോകാൻ വാഹനം ഇല്ലാതെ
കഴുതപ്പുറത്ത് തൂക്കിയിട്ടു കൊണ്ടുപോകുന്ന ദൃശ്യം നമ്മളെ
വല്ലാതെ അസ്വസ്ഥതപ്പെടുത്തും. ചെറുതല്ലത്ത ഒരു കുറ്റബോധത്താൽ നമ്മളുടെ ഉറക്കം നഷ്ട്പ്പെടുന്നുണ്ടെങ്കിൽ
ആ സിനിമ പകുതിയിലേറെ ദൂരം കടന്നു എന്നു പറയാം.
പരിമിതികളിൽ നിന്ന് ഉണ്ടാകുന്ന ഒരു സിനിമ , പണക്കൊഴുപ്പിന്റെ ആഘോഷങ്ങൾ പ്രതീക്ഷിച്ച് നിങ്ങൾ ഈ സിനിമ കാണേണ്ടതില്ല. മണികണ്ഠൻ എന്ന ബാലതാരം അസാമാന്യമായ കയ്യൊതുക്കത്തോടെയാണ് അതിന്റെ സെന്റർ ക്യാരക്ടർ അവതരിപ്പിച്ചിരിക്കുന്നത്. കാടിന്റെ അകത്തെ കാഴ്ച്ചകൾ അവനെ സംബന്ധിച്ചിടത്തോളം വളരെ സ്വാഭാവികമായ ഒന്നാണ് … മുൻ കാലുകൾ കൂട്ടി കെട്ടിയ കഴുത  ആദിവാസി ജനതയുടെ അവസ്ഥയെ പ്രതിനിധീകരിക്കുന്ന ഒരു പ്രതീകം ആണ്. മുൻകാലുകൾ കൂട്ടി കെട്ടിയാൽ അവ മുന്നോട്ട് സഞ്ചരിക്കില്ല ...
മണികണ്ഠൻ അവതരിപ്പിച്ച കുട്ടിയുടെ  മനോവ്യഥകളും  സ്വപ്ന ഭംഗങ്ങളുടെയും കഥയാണ് സിനിമ . വേട്ടയാടപെടുക എന്നത് അവൻെറ സ്വാഭാവിക ശീലങ്ങളായിരിക്കുന്നു. എങ്കിലും വ്യവസ്ഥയിൽ നിന്നും കുതറി മാറി ചില വലിയ സ്വപ്നങ്ങൾ അവൻ കൊണ്ടു നടക്കുന്നുണ്ട്. ഇനിയും തോൽക്കാത്ത അവന്റെ പോരാട്ടത്തിന്റ കാലം വരാനിരിക്കുന്നു. സജീവൻ ചേട്ടൻ അവതരിപ്പിച്ച അച്ഛൻ കഥാപാത്രം , ഭീകരമായ ദൈന്യത അനുഭവിപ്പിക്കുന്ന  ആ നോട്ടം
നിങ്ങളെ അടുത്ത കാലത്തൊന്നും വിട്ടു പോകില്ല. നാടകീയത മുറ്റി നിൽക്കുന്ന അഭിനയം കൊണ്ട് മറ്റു ചില കഥാപാത്രങ്ങൾ അസ്വസ്ഥത സൃഷ്ടിക്കുമ്പോഴും സിനിമ അതിന്റെ നോവ് അനുഭവിപ്പിച്ചു കടന്നുപോകുമ്പോൾ നമ്മൾ മറ്റു തീരെ ചെറിയ പിശകുകൾ ശ്രദ്ധിക്കാനിടയില്ല.
(ചിലപ്പോഴെങ്കിലും അനാവശ്യമെന്ന് തോന്നിപ്പിക്കാവുന്ന BGM,  ക്രമംതെറ്റിയ കാലൊച്ച, കയ്യൊടിയൊച്ച ….)

സിനിമ അതുന്നയിക്കുന്ന രാഷ്ട്രീയം വ്യക്തമായി കൈമാറ്റം ചെയ്യപെടുന്നുണ്ട് അത് കൊണ്ട് തന്നെ
മുഖ്യധാര സിനിമയുടെ കാഴ്ച്ചകൾ ചെല്ലാനിടയില്ലാത്ത ഇടങ്ങൾ ഇനിയും മുരളി ചന്ദ്രൻ എന്ന സംവിധായകന്റെ വിഷയമാകും. അത് കൊണ്ട് തന്നെ
ഇത്തരം സിനിമ കാണാൻ ആളുണ്ടാകണം … നമ്മൾ വിചാരിച്ചാൽ
ഒരു സമാന്തര സിനിമാ സങ്കൽപ്പത്തെ
വിജയിപ്പിച്ചെടുക്കാം ... ക്ലബ്ബുകൾ, വായനശാലകൾ, ഇതര സാംസ്ക്കാരിക സംഘങ്ങൾ ഇത്തരം സിനിമകളുടെ പ്രദർശനത്തിനും ചർച്ചയ്ക്കും ഇടമുണ്ടാക്കണം. 
- സസ്നേഹം
സുധീഷ് അമ്മവീട്

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)