ഗാന്ധി ഉണ്ടാകുന്നത് - സുധീഷ് അമ്മവീടിൻ്റെ കവിത
ഗാന്ധി ഉണ്ടാകുന്നത്
ഗാന്ധിയെ
ആരും ഉണ്ടാക്കിയതല്ല
അത് താനെ
ഉണ്ടായതാണ്.....
അത് എന്നാണെന്ന്,
എവിടെയാണെന്ന്
കൃത്യമായി ആർക്കും
അളന്നെടുക്കാനാകില്ല
ഗുജറാത്തിലാണെന്ന് ചിലർ…!
ആഫ്രിക്കയിലാണെന്ന്
മറ്റ് ചിലർ…..
അല്ല ചംബാരനിലാണെന്ന്
ചിലരുടെ സാക്ഷ്യം…!
വഴിയറിയാതെ,
ദിക്കറിയാതെ
പകച്ചു നിന്ന ഒരു ജനതയുടെ
നെഞ്ചിലാണെന്ന്
ചിലർ പറയാതെ പറയുന്നു..
ഗാന്ധി
ഉണ്ടായിരുന്നില്ലെങ്കിലും
ഠോ…. ഠോ…ഠോ…
എന്നു പൊട്ടിയപ്പോൾ
ഗാന്ധി തീർന്നുവെന്ന് ചിലർ
പക്ഷെ
ആ വെടിയൊച്ചകൾക്ക്
ശേഷമാണ്
ഗാന്ധിയുണ്ടായതെന്ന്
ഒരു പക്ഷം
അതിനു
മുമ്പുണ്ടായതിനേക്കാൾ
മൂർച്ചയുണ്ടായിരുന്നു
അതിനു ശേഷമുളള
ഗാന്ധിക്ക്…
തർക്കിക്കേണ്ട
ഞാൻ പറഞ്ഞില്ലേ
പലർക്കും
പലപ്പോഴാണ്
ഗാന്ധിയുണ്ടായത്
അനീതികളിൽ
ഇടഞ്ഞ്
ഒന്ന് എഴുന്നേറ്റ്
നിന്നാൽ മതി
ഗാന്ധിയുണ്ടാകാൻ
ചുറ്റിലും
ഇരുട്ടുപരക്കുമ്പോൾ
ഒരു തിരി കൊളുത്തി നോക്കു
അപ്പോഴാണ്
ഗാന്ധിയുണ്ടാകുന്നത്…
കൂട്ടത്തിൽ നിന്ന്
പുറത്താക്കപ്പെടുമ്പോൾ
നിനക്ക് വേണ്ടിയൊരാൾ വ്യവസ്ഥയെ ചോദ്യം ചെയ്യും
അപ്പോഴാണ്
ഗാന്ധിയുണ്ടാകുക.....
ചിലർ
കലാപങ്ങൾ
ഉണ്ടാക്കാനാണ് പിറക്കുക …
ഗാന്ധി പക്ഷെ
കലാപ ഭൂമിയിൽ
എഴുന്നേറ്റ് നിന്ന്
ഇരുവശത്തെയും
ആയുധങ്ങളെ
വേദനയോടെ
നെഞ്ചിലേറ്റുവാങ്ങും
ഗാന്ധി
സ്വന്തം മുറിവിലെ
ചോര കൊണ്ട്
വെറുപ്പിനെതിരെയുള്ള
മരുന്നുണ്ടാക്കും.....
കലാപമുയർത്തുന്ന
തിരകളെ നക്കി തുടക്കും
പ്രളയത്തെ
കുടിച്ചു വറ്റിക്കും.....
അതിർത്തികളിട്ട്
രാജ്യം നിർമിച്ചവനല്ല
ഗാന്ധി……
മാംസവും ചോരയും
ചലവും വീണ്
അഴുകിയ
ഒരു രാജ്യത്തെ….
കഴുകി ഉണക്കി
മനുഷ്യപാർപ്പിൻ്റെ
ഇടമാക്കി മാറ്റിയവനാണ്
ഗാന്ധി
പകയും വിദ്വേഷവും
പെറ്റു കൂട്ടി
കൊന്നും ചത്തും തീരാൻ
നിരന്ന് നിന്നവർക്കിടയിൽ
സ്നേഹത്തിൻ്റെ
പൂന്തോട്ടം
നട്ടുപിടിപ്പിച്ചവനാണ് ഗാന്ധി
മനുഷ്യനും
പക്ഷിമൃഗാദികൾക്കും വേണ്ടി
മണ്ണും ആകാശവും
തുറന്നിട്ടവനാണ് ഗാന്ധി
ചിലർക്ക്
സിനിമ കാണുമ്പോൾ
ഗാന്ധിയുണ്ടാകും
ചിലർക്ക്
അനുഭവങ്ങളുടെ
പൊള്ളിച്ചയിൽ
ഗാന്ധിയുണ്ടാകും…
ഗാന്ധി പക്ഷെ
നമുക്കുണ്ടായതിനു മുമ്പ്
പലർക്കുമുണ്ടായിട്ടുണ്ടാകാം
എന്ന് വെച്ച്
അതിനു മുൻപോ പിൻപോ
ഗാന്ധിയില്ലാതിരിക്കുമോ
ഗാന്ധി അങ്ങനെയാണ്
ആർക്കു അങ്ങനെ
കൊന്നു തീർക്കാനാകില്ല….
- സുധീഷ് അമ്മവീട്
9745064712
Comments
Post a Comment