മുഹമ്മദ് നവാസിൻ്റെ നോവൽ മുഗതാരിബ് അഥവാ അഭയാർത്ഥി ജീവിതങ്ങൾ - നോവൽ പരിചയം - സുധീഷ് അമ്മവീട്

പ്രവാസത്തിൻ്റെ
ആകുലതകളും
പ്രതീക്ഷകളും
സഹനങ്ങളും
ആവിഷ്ക്കരിച്ച
മുഹമ്മദ് നവാസിൻ്റെ നോവൽ
"മുഗ്താരിബ് "

പറഞ്ഞാലും  പറഞ്ഞാലും
തീരാത്ത പ്രവാസത്തിൻ്റെ കഥ.....
ജീവിതം മുഴുവാനായി
അഭയാർത്ഥിയായി
ജീവിക്കേണ്ടി വരുന്ന
അനുഭവസാക്ഷ്യം.....
അന്ന കരേനീന
എന്ന കൃതിയിൽ
ടോൾ സ്റ്റോയി പറയുന്നുണ്ട്
സംതൃപ്ത ജീവിതങ്ങൾ
ഒരേ പോലെയാണ് സംതൃപ്തമായി
ഇരിക്കുന്നത്
എന്നാൽ അസംതൃപ്ത ജീവിതങ്ങൾ
അത്രമേൽ വ്യത്യസ്തമായാണ്
അസംതൃപ്തമാകുന്നത്.....
അത് മുഹമ്മദ്നവാസിനെ
നോവലിനെ
കുറിച്ച് പറയുമ്പോൾ
നമ്മുടെ സന്തോഷങ്ങൾ
അനുഭവിച്ച രീതികളിൽ
സമാനതകളുണ്ടാകും
എന്നാൽ സങ്കടങ്ങൾ
അനുഭവത്തിലും
അത് കടന്നവന്ന രീതിയിലും
അതിനാൽ വേട്ടയാടപ്പെടുന്ന
നൈരന്തര്യത്തിലും
ഒരു സമാനതയും
കണ്ടെത്താനാകില്ല .....
പ്രിയപ്പെട്ടവർക്കിടയിൽ
ഇരുന്ന് നവാസ്
വളരെ പതിഞ്ഞ
ശബ്ദത്തിൽ
അയാൾ കണ്ടതും
കേട്ടതും അനുഭവിച്ചതുമായ
കഥകൾ പറയുന്നു..
അക്ബർ എന്ന
കഥാപാത്രം നമുക്ക്
പരിചയമില്ലാത്ത
അപൂർവ്വങ്ങളിൽ
അപൂർവ്വങ്ങളായ
അനുഭവം പേറുന്ന ആളല്ല.....
നമ്മൾ കേട്ടുപഴകിയ
കഥകളായി തന്നെയാണ്
അയാൾ ജീവിച്ചത്.....
പക്ഷെ അയാൾക്കത്
അയാൾ മാത്രം
കൊണ്ട വെയിലും മഴയുമാണ്
അയാൾക്കത്
അയാൾ മാത്രം
ഉരുകി തീർന്ന
രാപ്പകലുകളാണ്.....
ഷിഹാബുദ്ദീൻ പൊയ്ത്തിൻകടവിൻ്റെ
'ഈസ' എന്ന കഥയിൽ
ബാത്ത്റൂമിൽ
ഉച്ചത്തിൽ വെളളം തുറന്നിട്ട്
ആരും കാണാതെ
അലറി കരയുന്ന പ്രവാസ
ജീവിതങ്ങളെ കുറിച്ച്
പറയുന്നുണ്ട്. 
ബാത്ത്റൂമിന് പുറത്ത് ക്യൂ നിൽക്കുന്നവരെ
കണ്ടാൽ അറിയാം
ഒരാൾ കരഞ്ഞിറങ്ങിയിട്ടു വേണം
അടുത്തയാൾക്ക് കരയാൻ.. എന്ന്...
പ്രിയപ്പെട്ടതിനെയെല്ലാം
ഉപേക്ഷിച്ച് ജീവിതത്തിൻ്റെ
വലിയ ഒരു കാലം
പ്രവാസത്തിൻ്റെ കടുത്ത
യാഥാർത്ഥ്യങ്ങളിൽ
ഹോമിക്കപ്പെട്ടവരുടെ
ഒരു പ്രതിനിധിയാണ് അക്ബറും.
എല്ലാസങ്കടങ്ങൾക്കും അത്താണിയായ മുഹമ്മദ് ഇക്കയെ പോലെ ചിലർ......
സൗഹൃദത്തിൻ്റെ
പച്ചപ്പുകൾ നിറഞ്ഞ അതിരുകളില്ലാത്ത കരപോലെ
കുമാറിനെ പോലെ ചിലർ.....
വാൽസല്യത്തിൻ്റെ
വറ്റാ കടൽ പോലെ ഉമ്മ.....
അക്ബർ പറയുന്നുണ്ട്
" ഉമ്മയുള്ളപ്പോൾ എനിക്ക്
മരിക്കണ്ട... ഉമ്മ മരിച്ചാൽ
എനിക്കു ജീവിക്കുകയും വേണ്ട..... "

ജീവിതത്തിൻ്റെ സായാഹ്ന കാലത്ത്
ചേക്കാറാൻ ഒരു ചില്ല തേടി
നാട്ടിലേക്ക് തിരികെയെത്തുമ്പോൾ 
തൻ്റെ പ്രിയപ്പെട്ടവർക്ക്
താൻ ഒന്നുമല്ലായിരിക്കുന്നു
എന്ന തിരിച്ചറിവ്
ഭയാനകമായി അക്ബറിനെ
വേട്ടയാടുന്നു.
വീണ്ടും ബാക്കിയുള്ള ആയുസുമായി പ്രവാസത്തിലേക്ക്
തിരിച്ചു പോകുന്ന
അക്ബർ 
ഒരു സ്വപ്നത്തിലേക്ക്
വീണുപോകുന്നു.
മരണവും  ജീവിതവും
തീർത്ത നൂൽപ്പാലം പോലെ
ഒരു സങ്കൽപ്പലോകത്തെ
അയാൾ കണ്ടെടുക്കുന്നു....
അവിടെ എല്ലാ സങ്കടങ്ങൾക്കും
അത്താണിയാ മുഹമ്മദ് ഇക്കയുണ്ട്.....
അയാളും പ്രിയപ്പെട്ടവരാൽ
തിരസ്ക്കരിക്കപ്പെട്ടവനാണല്ലോ....

സാധാരണ ജീവിതം
ജീവിക്കുന്നവരുടെ
തത്വശാസ്ത്രം രൂപപ്പെടുന്നത്
അവർ അലിഞ്ഞുചേർന്ന
ജീവിത കാഴ്ച്ചകളിൽ നിന്നാണ്.....
അതൊരിക്കലും
ആഴത്തിൽ ഉള്ള ചിന്തയുടെയോ
ബോധോദയത്തിൻ്റേയോ
ഉൽപ്പന്നമായിരിക്കില്ല.....
അത്തരത്തിൽ മുഹമ്മദ് നവാസ്
ജീവിച്ച  ജീവിതം അയാളെ പഠിപ്പിച്ച
പലതും നോവലെഴുത്തിൽ
അയാൾ പ്രയോഗിച്ചിരിക്കുന്നു.
അത് അത്ര മാത്രം വലിയ കാര്യങ്ങൾ ഒന്നുമല്ലായിരിക്കും.....
ഇതിനേക്കാൾ എത്രയോ
നോവലുകൾ നമ്മൾ
വായിച്ചിട്ടുണ്ട്. 
എങ്കിലും  നമ്മുടെ നാട്ടുകാരൻ
ഒരു കഥപറയുമ്പോൾ
കേൾക്കാനുള്ള കൗതുകവും
സ്നേഹവും 
നമ്മുടെ ഉത്തരവാദിത്തമാണ്.....

പ്രസാധനം: Print House 
Sunilpmathilakam Sunil 

   - സുധീഷ് അമ്മവീട്

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)