ഒരു എമർജൻസി മീറ്റിങ്ങ്
- Get link
- X
- Other Apps
പരീക്ഷയോടനുബന്ധിച്ച സ്പെഷ്യൽ ക്ലാസ്സ് എടുത്തു കഴിഞ്ഞപ്പോൾ 6 മണി കഴിഞ്ഞിരുന്നു.... വല്ലാതെ ക്ഷീണം തോന്നിയതുകൊണ്ട് എങ്ങിനെയെങ്കിലും വീട്ടിലെത്തിയാൽ മതിയെന്നു കരുതി വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോഴാണ് വായനശാല സെക്രട്ടറി അശോകന്റെ ഫോൺ കോൾ വരുന്നത്...... പെട്ടെന്ന് വായനശാലയിൽ എത്തണമെന്നും അത്യാവശ്യമായി ഒരു തീരുമാനമെടുക്കാനുണ്ടെന്നും പറഞ്ഞ് എന്തെങ്കിലും തിരിച്ചു ചോദിക്കും മുമ്പ് ഫോൺ കട്ട് ചെയ്തു.... അശോകന്റെ ശബ്ദത്തിലെ പതിവില്ലാത്ത ഗൗരവം എന്നെ കുറച്ച് അസ്വസ്ഥമാക്കാതിരുന്നില്ല.... അതു കൊണ്ട് തന്നെ ശരീരത്തിനുവല്ലാത്ത ക്ഷീണമുണ്ടെങ്കിലും വായനശാലയിലേക്ക് വണ്ടി തിരിച്ചു..... മീറ്റിങ്ങ് തുടങ്ങിയതിനാൽ മിനിട്ട്സിൽ ഒപ്പുവെക്കുവാനോ അതിലെ അജണ്ഡ വായിക്കാനോ കഴിഞ്ഞില്ല..... സെക്രട്ടറി അശോകൻ തന്നെയാണ് സംസാരിക്കുന്നത് ... വായനശാലയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ചാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്... എന്ത് എഴുതണമെന്നും എന്തു വായിക്കണമെന്നുമുള്ള ഫാസിസത്തിന്റെ തിട്ടൂരം നിലനിൽക്കമ്പോൾ അക്ഷരങ്ങൾ സംരക്ഷിക്കപെടേണ്ടതിന്റെ അവശ്യകതയെ കുറിച്ച് അശോകൻ വാചാലനായി... ആ സമയത്ത് തന്നെ നമ്മുടെ ലൈബ്രറിക്ക് സംഭവിച്ച ആപത്തിൽ നമ്മൾ ജാഗ്രത പുലർത്തണമെന്നുള്ള താക്കീതും...
സത്യത്തിൽ എന്താണ് സംഭവിച്ചത് എന്നറിയാൻ അടുത്തിരുന്ന അനിലിനോട് കാര്യം തിരക്കി..... പക്ഷെ അനിൽ പ്രസംഗത്തിൽ നിന്നു ശ്രദ്ധ തിരിക്കാതെ... ശ്ശ്... എന്നു പറഞ്ഞ് ചുണ്ടത്ത് വിരൽ വെച്ചു... എനിക്ക് കാര്യമറിയാത്തതിൽ വല്ലാത്ത അമർഷം തോന്നി....
പ്രസംഗം പാതിയെത്തിയപ്പോൾ ആണ് കാര്യമറിയുന്നത് ....ലൈബ്രറിയിൽ വലിയ
എലിശല്യം ...ഒരു ഷെൽഫിലെ ഒരേ പുസ്തകത്തിന്റെ പത്തോളം കോപ്പികൾ മുഴുവനായും നശിപ്പിച്ചിരുന്നു ... അടുത്ത സ്കൂളിലെ ടീച്ചർമാരുടെയും കുട്ടികളുടേയും അവശ്യപ്രകാരം രണ്ടു മാസം മുമ്പാണ് ഈ പുസ്തകത്തിന്റെ ആറു കോപ്പികൾ പുതുതായി വാങ്ങിയത്..... പ്രസംഗത്തിനു ശേഷം ചർച്ച തുടങ്ങി.... എലിയെ കൊല്ലണമെന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ അഭിപ്രായം.... എന്നാൽ എലിയെ എങ്ങിനെ കൊല്ലും എന്ന കാര്യത്തിൽ പക്ഷെ തർക്കമായി.... എലിപ്പെട്ടിവെക്കാമെന്ന് ചിലർ.... വിഷം വെക്കാമെന്ന് മറ്റു ചിലർ..... ഒരോന്നിന്റെയും ഗുണവും ദോഷവും മായി ചർച്ച കൊഴുത്തു... അന്നേരമാണ് കാദർക്കയുടെ കടയിലെ എലിപ്പശയെ കുറിച്ച് ഞാൻ പറഞ്ഞത് .... പശയിൽ കുടുങ്ങിയ എലിയെ പ്ലെയർ കൊണ്ട് അമർത്തി കൊന്ന് പുറത്തെടുത്ത് കളയാം... സെക്രട്ടറി വലിയ ആവേശത്തിലായി ....അത് മതി അതാകുമ്പോൾ നമ്മുടെ പുസ്തകം നശിപ്പിച്ച ആ ജന്തുക്കളെ പ്ലെയറു കൊണ്ട് അമർത്തുമ്പോൾ ആ പിടച്ചിൽ എനിക്കു നേരിട്ടു കാണാം.... അത് മതി.... എലിപ്പശ എന്ന ആശയം വലിയ എതിർപ്പുകളില്ലാതെ തീരുമാനിക്കപ്പെട്ടു.... അടുത്തിരുന്നിരുന്ന അനിലും ഡോക്ടർ ഹമീദും എന്നെ അഭിനന്ദിച്ചു കൈ തന്നു.... സെക്രട്ടറി എനിക്ക് നന്ദിയോടെ ഒരു ചിരി സമ്മാനിച്ചു .... ! എനിക്ക് വല്ലാത്ത അഭിമാനം തോന്നി.... മീറ്റിങ്ങ് കഴിഞ്ഞ് ഇറങ്ങുമ്പോൾ സെക്രട്ടറിയോട് ഞാൻ ചോദിച്ചു ഏതാണ് ആ പുസ്തകം....?
സെക്രട്ടറി :ഏത് പുസ്തകം ?
ഞാൻ: എലികൾ മുഴുവനോടെ തിന്നു തീർത്ത ആ പുസ്തകം.....
സെക്രട്ടറി: അതോ അത് മലയാളത്തിന്റെ വിശ്വസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ “ഭൂമിയുടെ അവകാശികൾ”....!!
_ സുധീഷ് അമ്മവീട്
- Get link
- X
- Other Apps
Comments
Post a Comment