യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
• യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
.....................................
പട്ടികജാതി വികസന ഫണ്ട്
അഞ്ച് ലക്ഷത്തി അമ്പതിനായിരം രൂപ
വകയിരുത്തിയ അംബേദ്ക്കർ കോളനിയിൽ
രണ്ട് പേർ ബസ് കാത്തുനിൽക്കുന്നു...
ഒരാൾ ഭീമകൊ റു ഗേ വിലേക്കും
മറ്റേയാൾ വടയമ്പാടിയിലേക്കും...
ആദ്യത്തെയാൾ
തുപ്പൽ താഴെ വീഴാതിരിക്കാൻ
കഴുത്തിൽ ചിരട്ടയും
കാലടി വീണ് മണ്ണ് കളങ്കപ്പെടാതിരിക്കാൻ
പിറകിൽ ചൂലുo കെട്ടിയിരിക്കുന്നു
മറ്റേയാൾ ജാതി മതിലിന്റെ
അരികു ചേർന്ന്
തലവെട്ടം കണ്ട് ദൈവം
പിണങ്ങാതിരിക്കാൻ
നന്നെ കുനിഞ്ഞാണ് നടപ്പ്...
സംവരണം കൊണ്ട് വീണുകിട്ടിയ
ദഹിക്കാത്ത അപ്പകഷ്ണം
തേട്ടിയരങ്ങുന്നുണ്ടയാൾ...
ശബരിമലയിലേക്കും
വേളാങ്കണ്ണിയിലേക്കും
ഉള്ള വണ്ടികൾ സമയക്രമം പാലിച്ചു..
സബ്സിഡിയില്ലെങ്കിലും
ഹജ്ജ് വിമാനം
തടസ്സമേതുമില്ലാതെ പറന്നു പൊങ്ങി....
പക്ഷെ..
രണ്ടു വണ്ടികൾ ഇനിയും വന്നിട്ടില്ല
ബസ്സുകാത്തിരുന്നു ചത്ത
യാത്രക്കാരന്റെ ജഡം
ബസ്സ് സ്റ്റോപ്പിൽ പൊതുദർശനത്തിനു വെച്ചപ്പോൾ
എതിർവശത്തെ അമ്പലത്തിൽ നിന്നും
വെളുത്ത മുലകളുള്ള ദേവി ഇറങ്ങിയോടി...
കൊതിയോടെ കറുത്ത ദൈവങ്ങൾ പിറകേയും..
ഭീമാ കുറഗോവിലേക്കുള്ള വണ്ടി
ആരൊക്കെയോ ചേർന്ന്
അടിച്ചു തകർത്തു തീയിട്ടു..
വയമ്പാടിയിലേക്കുള്ള വണ്ടി
കോടതിയുടെ പ്രത്യേക അനുമതിയോടെ
വഴി മാറി പോയി.....
യാത്രക്കാരുടെ ശ്രദ്ധയ്ക്
വഴി തെറ്റരുത്
ഇനിയും വഴി തെറ്റിയാൽ
നിന്നോട് തന്നെ നീ എന്തു പറയും
കാരണം
മേട്ടുപാളയത്ത്
17 വിളക്കുകൾ നിന്നു കത്തുന്നുണ്ട്
1. Sudheesh ammaveedu
Comments
Post a Comment