ഓണം -ചേർന്നിരിപ്പിന്റെ ഉത്സവം - ദേശാഭിമാനിയിൽ വന്ന ലേഖനം - സുധീഷ് അമ്മവീട്
ഓണം ചേർന്നിരിപ്പിന്റെ ഉൽസവം
-സുധീഷ് അമ്മവീട്
മനുഷ്യ സമൂഹത്തിന് വലിയ അതിജീവനത്തിന്റെ ചരിത്രമുണ്ട്. ഗോത്രവിഭാഗങ്ങളായി പരിണമിച്ചതിനു ശേഷം തമ്മിൽ തമ്മിൽ നടത്തിയ അധിനിവേശങ്ങളും നിലയുറപ്പിക്കലും വിചിത്രമാണ്. ഇര പിടിക്കാൻ കെട്ടിയുണ്ടാക്കിയ ഉപകരണങ്ങൾ കൊല്ലപ്പെടാതിരിക്കാനുള്ള ചെറുത്തുനിൽപ്പുകൾക്കുള്ള ആയുധങ്ങളായി മാറി. പ്രശസ്ത സിനിമ സംവിധായകൻ മെൽ ഗിബ്സൺന്റെ 2006 ൽ പുറത്തിറങ്ങിയ അപ്പാ കാലിപ്റ്റോ എന്ന ഒരു സിനിമയുണ്ട്. മനുഷ്യവംശം കടന്നുവന്ന അതി ജീവന പോരാട്ടങ്ങൾ അതി ഭീകരമായി അതിൽ ചിത്രീകരിച്ചിട്ടുണ്ട്.
ഗോത്ര വിഭാഗങ്ങൾ ഒരിടത്ത് തന്നെ തമ്പടിക്കാനും ജീവിത ഉപാധികൾ ചിട്ടപ്പെടുത്താനും ശ്രമിച്ചതിന്റെ ഭാഗമായി ആകണം കൃഷിരീതികൾ പരുവപ്പെട്ടത്.
കൃഷിയെ സംബന്ധിച്ചിടത്തോളം കാലാവസ്ഥാ വ്യതിയാനങ്ങളുടെ നിയന്ത്രണത്തിലാണ് അതിന്റെ സാധ്യതകളും അസാധ്യതകളും നിശ്ചയിക്കപ്പെട്ടത് . ആദ്യ മനുഷ്യന് നിയന്ത്രിക്കാനാകാത്ത കാരണങ്ങളാൽ അവന്റെ ജീവിതത്തിൽ പ്രതിസന്ധിയുണ്ടാക്കിയ
കാറ്റും മഴയും കാട്ടുതീയും ഇടിമിന്നലും ഒരു പക്ഷെ അവന്റെ ആരാധനാ മൂർത്തികളായി മാറിയിട്ടുണ്ടാകും. മനുഷ്യന്റെ ആദ്യ ദൈവ സങ്കൽപ്പവും അതായിരിക്കും അതിനെ തുടർന്ന് അത്തരം മൂർത്തികളെ പ്രീതിപ്പെടുത്താനും സ്വാധിനിക്കാനും ഉള്ള ശ്രമങ്ങളാണ്
ആചാര അനുഷ്ടാനങ്ങളായി രൂപാന്തരം പ്രാപിച്ചത്..
കൃഷിയിലുള്ള മികച്ച വിളവ് അവനിൽ ഉണ്ടാക്കിയ ആഹ്ലാദം, തിരിച്ചടികൾ അവനിലുണ്ടാക്കിയ ആഘാതം ഇതിനെ രണ്ടിനെയും അവൻ എങ്ങിനെയായിരിക്കും ആവിഷ്ക്കരിച്ചിട്ടുണ്ടാകുക. ആ അന്വേഷണങ്ങൾ ചെന്നെത്തുക നമ്മുടെ ഇന്നത്തെ ആഘോഷങ്ങളുടെയും കലാപ്രവർത്തനങ്ങളുടെയും ചരിത്രത്തിലേക്കായിരിക്കും. മനഷ്യൻ തിങ്ങി പാർത്ത ഓരോ പ്രദേശത്തും വ്യത്യസ്തമായ രീതിയിൽ കലകൾ, അനുഷ്ടാനങ്ങൾ, വിശ്വാസങ്ങൾ രൂപം കൊണ്ടിട്ടുണ്ട്.
ഓണം മനുഷ്യന്റെ ചരിത്ര സന്ധികളിൽ പരുവപ്പെട്ട ഒരു ആഘോഷവ്യവസ്ഥയാണ് അത് കൃത്യമായും കാർഷീക സമ്പ്രദായവുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. കടുത്ത ഭക്ഷണ ദാരിദ്ര്യം നേരിട്ട മോശം കാലാവസ്ഥയ്ക്കു ശേഷം അവന്റെ പ്രതീക്ഷകളെ തിരികെ പിടിച്ചതിന്റെ ഉത്സവ കാലമാണ് ഓണം. പിന്നീട് അതിനെ പല തരത്തിൽ ആളുകൾ നിർവ്വചിക്കാനും വിശദീകരിക്കാനും ശ്രമിച്ചു. അതിൽ ചിലത് നല്ല രീതിയിൽ പ്രചരിക്കപ്പെട്ടു. ഒരു അർത്ഥത്തിൽ നമ്മുക്ക് സ്വീകരിക്കാൻ ഇഷ്ടമുള്ളതിനെ നമ്മൾ എടുത്തു എന്നുപറയുന്നതാകും ശരി. അതിൽ ഒന്നാണ് മഹാബലിയുടെ കഥ . സാമാന്യം പ്രജാതൽപ്പരനായ ഒരു രാജാവ് നാട്ടി ഭരിക്കുന്നു. ജനക്ഷേമ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നതിനാൽ ജനങ്ങൾ നല്ല ജീവിത നിലവാരം പുലർത്തുന്നു. അത് കൊണ്ട് കുറ്റ കൃത്യങ്ങളില്ല. രാജാവ് നീതിമാനായതിനാൽ അനീതികളില്ലാത്ത രാജ്യം സന്തോഷത്തിന്റെയും സമൃദ്ധിയുടെയും വിളനിലമാകുന്നു. രാജാവിന്റെ കീർത്തി എങ്ങും മുഴങ്ങുന്നു. പ്രശ്നങ്ങളില്ലാത്ത ജനങ്ങൾക്ക് ദൈവത്തെ ആവശ്യമില്ലാത്ത അവസ്ഥ. ഒരാളും ദൈവങ്ങൾക്ക് പൂജയും വഴിപാടും പ്രാർത്ഥനയും നടത്താതെയായി , കലിപൂണ്ട ദൈവം വാമനരൂപത്തിൽ വന്ന് പ്രജാ തൽപ്പരനായ ദാനശീലനായ മഹാബലി രാജാവിനെ കപളിപ്പിച്ച് ചവിട്ടി പാതാളത്തിലെത്തിക്കുന്നു. വർഷത്തിൽ ഒരിക്കൽ തന്റെ ജനങ്ങളെ കാണാനുള്ള അവകാശം തീറു വാങ്ങി മഹാബലി പാതാളത്തിലേക്കു ആണ്ടുപോയി.
ഈ കഥ പ്രചരിക്കാനും നമ്മൾ അത് ഇഷ്ടപ്പെടുവാനും ഉളള ഒരു കാരണം അതിന്റെ അടിത്തട്ടിലുള്ള രാഷ്ട്രീയമാണ്. മനുഷ്യവംശത്തിന്റെ ചരിത്രത്തോളം പഴക്കമുള്ള അവന്റെ തിരിച്ചു വരവിന്റെയും പ്രതിരോധത്തിന്റെയും ശ്രമം അതിനകത്തുള്ളതുകൊണ്ടാണ്. നിരന്തരമായി ജാതിയതയുടെ സവർണ്ണ മൂല്ല്യബോധത്താൽ കപളിപ്പിക്കപ്പെട്ട ഒരു ജനതയുടെ സങ്കടം ആ കഥയിൽ ഉണ്ട് എന്നതാണ്. ചവിട്ടി അമർത്തപ്പെട്ടവൻ തിരികെ വരുമെന്ന ഒരു പ്രതീക്ഷ ആ കഥയിൽ ബാക്കിയുണ്ട് എന്നതും നമുക്കു സന്തോഷം തരുന്നു.
ഫ്രഞ്ച് എഴുത്തുകാരനായ ആൽബെർട്ട് കാമുവിന്റെ "ദി പ്ലാഗ് " എന്ന നോവലുണ്ട്. മനുഷ്യന്റെ മഹാ സങ്കടങ്ങളുടെയുംഅതിജീവനത്തിന്റെയും ചരിത്രത്തെ ഇത്രയേറെ ചിത്രീകരിച്ച ഒരു എഴുത്തില്ല. ഒരു ദാർശനീക അനുഭവത്തെ കൂടി വിശകലനം ചെയ്യുന്ന ഈ കൃതിയിൽ കാമു മനുഷ്യനെ വിശദീകരിക്കുന്നത് എത്ര വിചിത്രമായാണെന്നു നോക്കു. "മനുഷ്യൻ ശീലങ്ങളിലൂടെ വിധേയപ്പെടുന്ന മനസ്സിന്റെയും അസംബന്ധ യാഥാസ്ഥിതികതയുടെയും നിരർത്ഥകമായ അന്ധവിശ്വാസങ്ങളുടെയും വിരസത തോന്നാത്ത അനുഷ്ടാനങ്ങളുടെയും ഇരയാണ് "
കർക്കിടകത്തിന്റെ വറുതികാലം കടന്ന് വിളവെടുപ്പ് നടത്തുന്ന ഒരു കാലമാണ് ഓണക്കാലം . പ്രത്യേകിച്ച് നെൽകൃഷിയുമായി ഇതിന് വലിയ ബന്ധമുണ്ട്. വിരിപ്പ് കൃഷിയുടെ വിളവെടുപ്പു നടക്കുന്നത് ഈ സമയത്താണ് . നമ്മുടെ ഭക്ഷണരീതിയിൽ അരിയ്ക്ക് വലിയ പ്രാധാന്യമുള്ളത് കൊണ്ട് വിരിപ്പ് കൃഷിയുടെ നല്ല വിളവ് സന്തോഷം നൽകുന്ന ഒരു കാര്യം തന്നെയാണ്. മറ്റൊന്ന് ഓരോ പുൽച്ചെടിയും അതിന്റെ പ്രജനനത്തിന് തെരഞ്ഞടുക്കുന്ന നല്ല കലാ വസ്ഥയാണ് ഇത്. അത് കൊണ്ട് എല്ലാ ചെടികളിലും പൂക്കൾ നിറയുന്നു. പലവർണ്ണങ്ങളിലുള്ള പൂവുകൾ നമ്മുടെ ചുറ്റുപാടിനെ അലങ്കരിക്കുന്നു. തേൻ നിറഞ്ഞ പുക്കൾ തേടി ചിത്രശലഭങ്ങൾ കിളികൾ എന്നിവർ എത്തുന്നത് നമ്മുടെ പ്രകൃതിയിൽ മനോഹരമായ ഒരു അനുഭവത്തെ തരും.
കൂടിയ തണുപ്പോ ചൂടോ ഇല്ലാത്തതു കൊണ്ട് അന്തരീക്ഷം എല്ലാ ജീവജാലങ്ങൾക്കും ഗുണകരമാകുന്നു.
ആഘോഷങ്ങൾ അതിന്റെ അമൂർത്തതയിൽ ആവിഷ്ക്കാരങ്ങൾക്ക് വഴി തുറക്കുന്നു. വൈവിധ്യമായ കലാ ആവിഷ്ക്കാരങ്ങൾ, കളികൾ ഓണത്തെ ചുറ്റിപ്പറ്റിയുണ്ട്. ആളുകൾ ഒത്തു കൂടുമ്പോൾ ഒന്നിച്ചിരുന്ന് വർത്തമാനം പറയുമ്പോൾ , പാട്ടു പാടുമ്പോൾ കളിക്കുമ്പോൾ അവർക്കിടയിലെ ഇപ്പോഴും നിലനിൽക്കുന്ന പഴയ ഗോത്രവൈവിധ്യങ്ങളുടെ ശേഷിപ്പുകൾ അലിഞ്ഞ് മനുഷ്യൻ എന്ന ഒരു ആലോചനയിലേക്ക് വളരാൻ തുടങ്ങും.വിനോദങ്ങൾ കലകൾ കാലങ്ങൾക്കനുസരിച്ച് പുതുക്കപ്പെടും. ചേർത്തു നിൽപ്പിന്റെയും കരുതലിന്റെയും ഒരു എലമന്റ് അതിലുണ്ടാകണം.ഊഞ്ഞാലാട്ടം, തുമ്പി തുള്ളൽ, പുലിക്കളി, കൈകൊട്ടി കളി, വള്ളംകളി, തലപന്തുകളി, കുമ്മാട്ടികളി, കിളിത്തട്ടുകളി, ഉറിയടി, ഓണത്തല്ല്. വടംവലി, കണ്ണുപൊത്തി കളി, നായയും പുലിയും വെക്കൽ, മാണിക്യചെമ്പഴുക്ക കളി എന്നിങ്ങനെയുള്ള ഒട്ടനവധികളികൾ ഓണക്കാലത്തെ സജീവമാക്കി. ഓണ പൂക്കളമിടുന്നത് ഒരു പ്രധാന ആവിഷ്ക്കാരമാണ്. അനുഷ്ഠാനകലകൾ ഒത്തിരി ഓണവുമായി ബന്ധപ്പെട്ടിട്ടുണ്ട് …ഓണ തെയ്യം (ഓണപ്പൊട്ടൻ ) ,ഓണേശ്വരൻ , ഓണത്തുള്ളൽ, ഓണപ്പാട്ടുകൾ, ആടിവേടൻ തെയ്യം ഒരോ പ്രദേശത്തെ ജീവിത രീതികൾ ലഭ്യമായ വിഭവങ്ങൾ ഉടുപ്പു രീതി നടപ്പു രീതി എന്നിവയ്ക്ക് അനുസരിച്ച് ഇവയ്ക്ക് വൈവിധ്യങ്ങൾ ഉണ്ട്. മനുഷ്യൻ പറിച്ചു നടലുകളിലൂടെ പടർന്നു പിടിച്ചവരായത് കൊണ്ട് ഇത്തരം ആവിഷ്ക്കാരങ്ങളിൽ സാമ്യതകളുണ്ട്.
ഓണക്കാലം ഭക്ഷണ സമൃദ്ധിയുടേതാണ്. ഓണ സദ്യ എന്നത് ഓണത്തിന്റെ ഒരു പ്രധാന പരിപാടിയാണ്. വൈവിധ്യങ്ങളായ വിഭവങ്ങൾ നമ്മുടെ രുചികളെ വിസ്മയിപിക്കും. പുതിയ നെല്ലു കുത്തിയ അരിയുടെ ചോറും പഴം ,പപ്പടം, ഉപ്പേരി, തോരൻ, ഓലൻ, കിച്ചടി, എരുശ്ശേരി, കൂട്ടുകറി, പല വിധപായസം എന്നിങ്ങനെ പോകുന്നു അത്. അയൽവക്കങ്ങൾ മത-ജാതി വൈവിധ്യങ്ങൾക്കപ്പുറം അത് പങ്കു വെക്കും.
എന്നാൽ എല്ലാ മനുഷ്യരുടെയും വീടുകൾ അത്തരത്തിൽ സമൃദ്ധമൊന്നും ആയിരുന്നില്ല. മനുഷ്യന് മേൽ അതിക്രൂരമായി അടിച്ചേൽപ്പിക്കപ്പെട്ട ഒരു ഉൽപ്പന്നമാണ് ജാതിവ്യവസ്ഥ അത് കൊണ്ട് തന്നെ അതിലൂടെ നിർമ്മിതമായ സാമ്പത്തീക സാമൂഹിക പ്രിവിലേജുകൾ വ്യത്യസ്തമാണ് . എങ്കിലും അവർക്ക് ലഭ്യമായ വിഭവങ്ങൾ കൊണ്ട് കുറെ കൂടി മെച്ചപ്പെട്ട ജീവിതം ജീവിക്കാൻ അവർ ശ്രമിക്കുന്ന ഒരു കാലമാണ് ഓണക്കാലം.
ഓണം നമ്മുടെ ദേശിയ ഉത്സവമായി ആണ് കരുതുന്നത് . മനുഷ്യർ മാത്രമല്ല പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും പല കാരണങ്ങളാൽ കുറെക്കൂടി സന്തോഷകരമായി ഇരിക്കുന്ന കാലമാണ് ഇത്. മറ്റെന്തെങ്കിലും വൈവിധ്യങ്ങളാൽ മാറി നിൽക്കാനുള്ളതിനേക്കാൾ ചേർന്നിരിക്കാൻ ഒട്ടനവധികാരാണങ്ങൾ ഈ ഓണ കാലത്ത് ഉള്ളത് കൊണ്ട് അത് എല്ലാവരുടേയും ആഘോഷമാകുന്നു.
ഒറ്റപ്പെടുത്താനും തമ്മിൽ തമ്മിൽ കലഹിക്കാനും ആരൊക്കെയോ നമ്മളെ നിരന്തരം നിർബന്ധിക്കുന്ന കാലത്ത് ചേർന്നിരിക്കാനും കൂട്ടായ്മകളെ തിരികെപിടിക്കാനും ഓണം ഒരു കാരണമാകുമെങ്കിൽ നമ്മുടെ അതിജീവന പോരാട്ടങ്ങൾക്ക് അത് ഒരു ഊർജ്ജമാകുമെങ്കിൽ നമുക്ക് വീണ്ടും വീണ്ടും ഓണം ആഘോഷിക്കാം അല്ലെ… ?!
Comments
Post a Comment