ആദിത്യൻ കാതിക്കാടിന്റെ കഥകൾ, കവിതകൾ

 



ആദിത്യന്‍ കാതിക്കോട് 
നാടക പ്രവര്‍ത്തകന്‍,കവി ,കഥാകൃത്ത് 
എന്‍റെ മയില്‍ പീലി പെറ്റ മക്കള്‍
ചുവന്ന കറുപ്പ് 
ഉപ്പ ,എന്നിങ്ങനെ മൂന്ന് കഥാ/കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു.
ചുവന്ന കറുപ്പ് എന്ന കഥാ സമാഹാരം 2019 ലെ കാവാലം നാരായണ പണിക്കര്‍ സ്മാരക സാഹിത്യ പുരസ്കാരം നേടി.
ആരോഗ്യ വകുപ്പില്‍ ജോലി ചെയ്യുന്നു.
വിലാസം .ആദിത്യന്‍ കാതിക്കോട്.
''മസ്കന്‍ ''
പി.ഓ.കൂളിമുട്ടം .
680691 തൃശൂര്‍ ജില്ല.
ഫോണ്‍.8943531231






കഥ : പരാതിപ്പെട്ടി


ആരാധനാലയങ്ങളില്‍ വെച്ചിരുന്ന പരാതിപ്പെട്ടികള്‍ ഒന്നൊന്നായി ദെെവത്തിന്‍റെ മുന്പില്‍ കൊണ്ടുവരപ്പെട്ടു.പരാതി ഇട്ടിരുന്നവര്‍ സന്തോഷത്തോടെ കൂട്ടം കൂടി നിന്നു.തന്‍റെ പരാതി വായിക്കുന്നതും ,നടപടികളെടുക്കുന്നതും,ആരാധനാലയ ഭാരവാഹികളും ,രാഷ്ട്രീയക്കാരും ,പുരോഹിതന്‍മാരും ശിക്ഷിക്കപ്പെടുന്നതും പരാതിക്കാര്‍ സ്വപ്നം കണ്ടു.
പെട്ടികള്‍ തുറക്കപ്പെട്ടു.ഓരൊ കത്തും വായിക്കപ്പെട്ടു.
മഴ കൂടിയതിന് ,
മഴ കുറഞ്ഞതിന് ,
വിള നശിച്ചതിന് ,
രോഗം വന്നതിന് ,
അകാലത്തില്‍
മരിച്ചതിന് ,
ധനവാനാക്കാത്തതിന്
ലോട്ടറി കിട്ടാഞ്ഞതിന് ,
 ജീവിത സൗകര്യങ്ങള്‍ 
കുറഞ്ഞതിന് ,
മോഹിച്ച ആണിനെയും 
പെണ്ണിനെയും കിട്ടാഞ്ഞതിന് ,
അങ്ങനെയങ്ങനെ
എല്ലാ പരാതി കത്തുകളും ദെെവത്തിനെതിരെയുള്ളതായിരുന്നു.!!!
പുരോഹിതന്‍മാരും ,രാഷ്ട്രീയക്കാരും , ആരാധനാലയ ഭരണക്കാരും ഊറി ചിരിച്ചു .പരാതി കത്തുകളിട്ട പാവങ്ങള്‍ കാണാതെ.!!!


കവിത : വാച്ചു കട



ഒന്നില്‍ പത്ത് മണി ,
വേറൊന്നില്‍ നാലര ,
ഇനിയൊന്നില്‍ പന്ത്രണ്ടേ പത്ത് ,
ഒരു സൂചിയില്ലാത്തത് ,
മൂന്ന് സൂചിയുമില്ലാത്തത് ,
ചില്ല് പാതിയുടഞ്ഞത് ,
അങ്ങനെയങ്ങനെയങ്ങനെ...........
കാഴ്ചകള്‍ കണ്ടതിശയിച്ചു നില്‍ക്കേ ,
ഒറ്റക്കണ്ണില്‍ ഭൂത കണ്ണാടി വെച്ച
വാച്ച് ഡോക്ടര്‍ പറഞ്ഞു ,
പരിഹസിക്കരുത് ചങ്ങാതി ,
പരിഭവിക്കയുമരുത് ,
ചില ജീവിതങ്ങള്‍
അങ്ങനെയാണ് .




കഥ :വിപ്ളവകാരിയുടെ മകന്‍

ബസ്സില്‍ നല്ല തിരക്കായിരുന്നു.വീട്ടിലേക്കുള്ള അരിയും,മറ്റ് സാധനങ്ങളുമടങ്ങിയ സഞ്ചിയും കെെയ്യില്‍ തൂക്കി പിടിച്ച് ആ പോലീസുകാരന്‍ നിന്നു.വലത് കെെ വല്ലാതെ കഴക്കുന്നു.ഇരിക്കുന്നവരുടെ കെെയ്യില്‍ കൊടുക്കാമെന്ന് വെച്ചാല്‍ മിക്കവരുടെയും മടിയില്‍ ബാഗുകളും സഞ്ചികളുമുണ്ട്.എല്ലാവരും ജോലികളും,കച്ചവടവും കഴിഞ്ഞ് വരുന്നവരാണ്.
''സാറിനിതു വരെ സീറ്റ് കിട്ടിയില്ല അല്ലെ.?"
തിരക്കിനിടയിലൂടെ വന്ന പരിചയക്കാരനായ കണ്ടക്ടര്‍ ചോദിച്ചു.
''ഇന്ന് ജ്യോതി ഇല്ല സാറെ.വര്‍ക്ക് ഷാപ്പിലാ.അതാ ഇത്ര തിരക്ക്.''അയാള്‍ ലോഹ്യം പറഞ്ഞു.
പോലീസുകാരന്‍ ക്ഷീണിതനായി കന്പിയില്‍ ചാരി നിന്നു.കനമുള്ള സഞ്ചി ഇടത് കെെയ്യിലേക്ക് മാറ്റി പിടിച്ചു.ഇടത് കെെയ്യിലും അധിക നേരം പിടിക്കാന്‍ പറ്റില്ല.പെട്ടെന്ന് കഴപ്പ് വരും.ഭാര്യ തന്ന പലചരക്ക് സാധനങ്ങളുടെ ലിസ്റ്റ് അല്‍പം നീണ്ടതായിരുന്നു.അതിനനുസരിച്ച കനമാണിത്.
ബസ്സിന് വേഗം തീരെ പോരായിരുന്നു.വെെകുന്നേരമായതിനാല്‍ റോഡില്‍ നല്ല തിരക്കും.ഇരിക്കുന്നവരാരും എഴുന്നേറ്റ് സീറ്റൊഴിയുന്നില്ല.ഇറങ്ങുന്നവരുടെ ഇരട്ടി ആളുകള്‍ കയറുന്നുമുണ്ട്.തൊട്ടരികത്ത് നില്‍ക്കുന്നത് ഒരു ചെറുപ്പക്കാരനാണ്.കയ്യില്‍ സര്‍ട്ടിഫിക്കറ്റുകളാവണം ഒരു ഫയല്‍.യാത്ര ചെയ്ത് ക്ഷീണിച്ച മുഖം .വല്ലാതെ ചുളിവുകളുള്ള ഷര്‍ട്ടും പാന്‍റ്സും.പോലീസുകാരന്‍ തന്നെ നോക്കുന്നത് കണ്ട ചെറുപ്പക്കാരന്‍ മുഖം തിരിച്ചു .പരിചയം പുതുക്കാന്‍ തീരെ താല്‍പര്യമില്ലാത്തത് പോലെ.പോലീസുകാരന്‍ വീണ്ടും നോക്കി.ചെറുപ്പക്കാരന്‍ ഒന്നുമറിയാത്തത് പോലെ നിന്നു.മുഖച്ഛായ മനസ്സിലായ പോലീസുകാരന്‍ പതുക്കെ നോട്ടം പിന്‍ വലിച്ചു.
അതെ,ഇത് ശേഖരന്‍റെ മകന്‍ തന്നെ.!ഇല്ല,തനിക്ക് തെറ്റിയിട്ടില്ല.രാത്രിയില്‍ വീടിന്‍റെ കതക് തകര്‍ത്ത് കയറി ശേഖരനെ പിടിച്ചിറക്കിയപ്പോള്‍ തന്‍റെ കാലുകളില്‍ കെട്ടി പിടിച്ച് ഉറക്കെ കരഞ്ഞ ആ ബാലന്‍.അതെ,ശേഖരന്‍റെ മകന്‍.!
പോലീസ് ജീപ്പ്,ലോക്കപ്പ്,ചോദ്യം ചെയ്യല്‍,ശേഖരന്‍റെ ധീരമായ ഉറച്ച വാക്കുകള്‍,ബല പ്രയോഗം,ശേഖരന്‍റെ മരണം എല്ലാം ഒരു സിനിമയില്‍ എന്ന പോലെ പോലീസുകാരന്‍റെ മനസ്സില്‍ തെളിഞ്ഞു വന്നു.
സ്റ്റേഷനു മുന്പില്‍ പ്രതിഷേധ സമരവുമായെത്തിയ ആള്‍ക്കൂട്ടത്തില്‍ ആ വിധവയുടെ കെെ പിടിച്ച് നിന്ന് പോലീസുകാരെ തുറിച്ച് നോക്കിയ ആ ബാലന്‍.! 
ഓര്‍മ്മകളുടെ നീറ്റലില്‍ പോലീസുകാരന്‍ ഉരുകി.വിയര്‍ത്തു.ആ ചെറുപ്പക്കാരനെ വീണ്ടും നോക്കി.അവനും പോലീസുകാരനെ അറിയാതെ നോക്കിപ്പോയി.
''ശേഖരന്‍റെ മകന്‍.അല്ലെ.?"
പോലീസുകാരന്‍ തനിക്ക് മാത്രം കേള്‍ക്കാവുന്ന ഒരു ഒച്ചയിലാണത് ചോദിച്ചത്.ഒരു ആത്മഗതം പോലെ.
''അതെ,ശേഖരന്‍റെ മകന്‍.എന്താ.?"
ചെറുപ്പക്കാരന്‍റെ ഉറച്ച വാക്കുകള്‍.
''ഓ,ഒന്നുമില്ല.മുഖച്ഛായ കൊണ്ട് മനസ്സിലായി.എന്നെ.....എന്നെ മനസ്സിലായൊ.?"
"എനിക്കറിയാം .ഞാനെപ്പോഴും കാണാറുണ്ട്.വിശിഷ്ട സേവനത്തിന് സര്‍ക്കാരിന്‍റെ ഒത്തിരി സമ്മാനങ്ങള്‍ നേടിയിട്ടുള്ള പോലീസുകാരന്‍.അറിയാം.നന്നായറിയാം.''
ചെറുപ്പക്കാരന്‍റെ ശബ്ദത്തിലെ ഗാംഭീര്യം പോലീസുകാരനെ വിഷമിപ്പിച്ചു.ശേഖരന്‍റെ അതേ നിശ്ചയ ദാര്‍ഢ്യം .അതേ ആകാരം.ശബ്ദം ,തീഷ്ണമായ നോട്ടം.!
''ജോലി കഴിഞ്ഞു വരികയാണൊ.?"
ശബ്ദം താഴ്ത്തി മയപ്പെടുത്തി ഒരു സൗഹൃദം കൊതിച്ച് പോലീസുകാരന്‍ ചോദിച്ചു.
ചെറുപ്പക്കാരന്‍ ഒരു നിമിഷം മറുപടി പറയാതെ അയാളെ നോക്കി.പിന്നെ മുഖം തിരിച്ചു പറഞ്ഞു.
''അല്ല.ജോലിയൊന്നുമായില്ല.''ചെറുപ്പക്കാരന്‍ മൗനത്തിലമര്‍ന്നു.
''അമ്മ.?"
പോലീസുകാരന്‍ ചോദിച്ചു.
''ജീവനുണ്ട്.ദീനക്കിടക്കയില്‍.''
''സഹായത്തിന് .?"
വീണ്ടുമയാള്‍ സൗഹൃദത്തിന് തിടുക്കം കാട്ടി.
''ചേച്ചിയുണ്ട് .''ചെറുപ്പക്കാരന്‍ ആ സൗഹൃദം ഇഷ്ടപ്പെടാത്തത് പോലെ തന്‍റെ നോട്ടം മാറ്റി നിന്നു.
''വീട്ടിലെ കാര്യങ്ങളൊക്കെ.?"
പോലീസുകാരന്‍റെ ചോദ്യത്തിന് ചെറുപ്പക്കാരന്‍ മറുപടി ഒന്നും പറഞ്ഞില്ല.വെറുതെ മുഖത്ത് നോക്കി കുറച്ച് നേരം നിന്നു.വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും ശക്തി ആ കണ്ണുകളില്‍ നിന്ന് കുറെശ്ശെ മാഞ്ഞു തുടങ്ങുന്നതായി പോലീസുകാരന് തോന്നി.ബസ്സില്‍ നിന്ന് യാത്രക്കാര്‍ ഇറങ്ങുകയും പുതിയ ആളുകള്‍ കയറുകയും ചെയ്തു.
''സാറിറങ്ങുന്നില്ലേ.?"
അയാളുടെ സ്റ്റോപ്പറിയാവുന്ന കണ്ടക്ടര്‍ ചോദിച്ചു.
''ഇല്ല.ഞാനടുത്ത സ്റ്റോപ്പിലേ ഇറങ്ങുന്നുള്ളു.''ചെറുപ്പക്കാരന്‍ അതിശയത്തോടെ പോലീസുകാരനെ നോക്കി.അവര്‍ രണ്ടു പേരും പിന്നത്തെ സ്റ്റോപ്പിലിറങ്ങി.
തന്നെ ഗൗനിക്കാതെ തിടുക്കപ്പെട്ട് മുന്നോട്ട് നടന്ന ചെറുപ്പക്കാരനെ പോലീസുകാരന്‍ പിടിച്ച് നിര്‍ത്തി .
''മോനെ,ഞാനും വരാം.നിന്‍റെ വീട്ടിലേക്ക് .അമ്മയെയൊന്ന് കാണാന്‍.''
''വേണ്ട ''പൊട്ടിത്തെറിച്ച പോലെ അവന്‍റെ ഉറച്ച മറുപടി കേട്ട പോലീസുകാരന്‍ തളര്‍ന്നു.
''എന്കില്‍ ഇത് വാങ്ങൂ.''കയ്യില്‍ ഉണ്ടായിരുന്ന സഞ്ചി നീട്ടി അയാള്‍ പറഞ്ഞു.അവന്‍ രൂക്ഷമായി പോലീസുകാരനെ നോക്കി.
''ഇത് വാങ്ങൂ മോനെ.എനിക്ക്.......
എനിക്ക് മക്കളില്ല.നിന്നെ ഒരു മകനെ പോലെ കണ്ടാണ് ഇത് തരുന്നത്.വേറൊന്നും തരാന്‍ ഇപ്പൊ എന്‍റെ കയ്യിലില്ല.ഞാന്‍........
ഞാന്‍......അയാള്‍ വാക്കുകള്‍ക്ക് വേണ്ടി തപ്പിത്തടഞ്ഞു.
പോലീസുകാരന്‍റെ വാക്കുകളില്‍ കരച്ചിലിന്‍റെ ചുവയുണ്ടായിരുന്നു.ക്ഷമാപണത്തിന്‍റെ വിറയല്‍.ചെറുപ്പക്കാരന്‍ ആ സഞ്ചി തട്ടി മാറ്റി ഇരുട്ടിലേക്ക് നടന്നു .പോലീസുകാരന്‍ തളര്‍ച്ചയോടെ ആ ഇരുട്ടിലേക്ക് തുറിച്ചു നോക്കി.!!!


വീട്ടിലിരുപ്പ്(കഥ)
''എടീ,എണീക്കെടീ.ആറ് മണിയായി.ചായയെടുക്ക്.''
മൊബെെലുമായി കസേരയില്‍ ചടഞ്ഞിരുന്ന് കട്ടനും,കടിയും.ഏഴര എട്ടു മണിയോടെ പ്രാതല്‍.സുഖമുള്ള ഇരുപ്പ് കാണുന്നത് കൊണ്ട് അടുത്ത പാല്‍ സൊസെെറ്റിയില്‍ പോകുന്നതും അവളാണ്.
പ്രാതല്‍ കഴിച്ച് കഴിഞ്ഞാല്‍ വീണ്ടു മൊബെെലുമായി കസേരയില്‍ വിശ്രമം.
ഫേസ് ബുക്കും,വാട്ട്സ് ആപ്പും മാറി മാറി നോക്കി ഉച്ചയാവുന്നതറിയില്ല.
അതിനിടെ ക്ഷീണം മാറ്റാന്‍ നാരങ്ങ വെള്ളം,ചിലപ്പോള്‍ ജ്യൂസ്.
ഒന്ന്--ഒന്നരയോടെ ഊണ്.വിഭവ സമൃദ്ധം.പണ്ടേ അങ്ങനെ കഴിഞ്ഞവരല്ലേ.!!!
ഊണ് കഴിഞ്ഞ് നാലര-=അഞ്ച് വരെ ചെറിയ മയക്കം.
എണീറ്റാലുടന്‍ നല്ല കൊഴുപ്പുള്ള പാല്‍ ചായ.രാവിലെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച മൂലം മാറ്റി വെച്ച പത്രം ഒന്നോടിച്ചു നോക്കുന്പോഴേക്കും സന്ധ്യയാവും.
മനസ്സില്ലാ മനസ്സോടെ ,ഭാര്യയുടെ കുത്തിപ്പൊക്കല്‍ കാരണം എഴുന്നേറ്റ് ഒരു കുളി.അത് കഴിഞ്ഞ് ഓട്ട്സൊ,കൂവ പൊടിയൊ ഇട്ട് കുറുക്കനെ കാച്ചിയ പശുവിന്‍ പാല്‍,ഒരു ഗ്ളാസ്സ്.
അന്നേരം ഭാര്യ ചപ്പാത്തി ചുടുകയാവും.മൊബെെലില്‍ അതിനകം വന്നു നിറഞ്ഞ മെസ്സേജുകള്‍ നോക്കാനിരിക്കുന്പൊ ചൂടു പാല്‍ കുടിച്ചതിനാലാവാം,നല്ല വിയര്‍പ്പ്.''എടീ,ഇങ്ങോട്ട് വന്നേ.''
വെന്ത ചപ്പാത്തി വേഗമെടുത്ത് മാറ്റി അവള്‍ ഓടി വരും.''
''എന്താ ?"
''എടീ,ആ ഫാനൊന്നിട്ടേടീ.''




പ്രാന്തത്തി (കവിത)
അങ്ങാടീല് സഖാവിന്‍റെ
സെെക്കിള്‍ കടേരെ
ഇറയത്ത് ,ചാക്ക് വിരിച്ച് പഴന്തുണി 
പുതപ്പിച്ച് അവള്‍
മക്കളെ കിടത്തിയുറക്കും
പ്രാന്തത്തി.
പകല്‍ അവളെ നോക്കി കള്ളച്ചിരി
ചിരിക്കുന്ന മൊയ്തീന്‍ ഷാ ഹോട്ടലിലെ പണ്ടാരി സന്തോഷത്തോടെ
രണ്ടാം സിനിമയ്ക്ക് 
പോകും.
സിനിമ മുഴുവന്‍ കാണാന്‍ നിക്കാണ്ട്
അക്ഷമയോടെ മടങ്ങും.
വിടന്‍റെ മടിയില്‍ വീര്‍ത്തു നിന്നിരുന്ന 
കപ്പലണ്ടി പൊതിഞ്ഞ
കടലാസ് പിറ്റേന്ന് സെെക്കിള്‍ കടേരെ
മുറ്റത്ത് ചുരുണ്ടു കിടപ്പുണ്ടാവും.
തൊലിയും തോടും 
പൊട്ട കപ്പലണ്ടീം വരാന്തേന്ന്
സഖാവിന്‍റെ ചെക്കന്‍ 
''നാശം ''എന്ന് പ്രാകി
തൂത്തു വാരും.
പൊതു ടാപ്പിന്‍റെ കീഴെ
കെെകളില്‍ കമഴ്ത്തിയും 
കുത്തിയിരുത്തിയും
നിര്‍ത്തിയും അവള്‍
മക്കളെ കുളിപ്പിക്കും.

പരലോകത്തേക്കെന്തോ കരുതി വെയ്ക്കാന്‍ പലവട്ടം 
പള്ളികളിലേക്കോടി
പോയിരുന്ന ഭക്തര്‍ 
പരസ്പരം ചിരിച്ച്
ആ തെറി പറയും.
''ഈ പന്നിയ്ക്ക് ആണ്ടീ പേറാ ''എന്ന തെറി.!

ഇതൊന്നുമറിയാതെ
വായയിലെ ദുര്‍ഗന്ധം
മാറ്റാന്‍ കാലുകള്‍ 
നീട്ടിയിരുന്ന് അവള്‍
വെറ്റില മുറുക്കും.

പശിയെടുത്ത് പിരാന്ത്
മൂക്കുന്പൊ ,കെെരളി
ഹോട്ടലിന്‍റെ പിന്നാന്പുറത്തേക്ക്
നടക്കും .
മുതലാളി കാണാതെ
പലഹാരങ്ങള്‍ പൊതിഞ്ഞ് പണിക്കാരവള്‍ക്ക് 
നീട്ടും.
ചൂരുകള്‍ തമ്മില്‍ തിരിച്ചറിഞ്ഞ ആ 
നിശാ കാമുകീ കാമുകര്‍
തലയുയര്‍ത്താതെ
കൊടുക്കല്‍ വാങ്ങലുകള്‍
നടത്തും.

ഉച്ചയ്ക്ക് സ്കൂള്‍ വിട്ട്
അങ്ങാടി കാണാന്‍ വരുന്ന കുട്ടികള്‍
പ്രാന്തത്തീനേം മക്കളേം
കൗതുകത്തോടെ
നോക്കി നില്ക്കും.
പത്തിലെ കൊള്ളിബാബു
ഒന്പതിലെ മൊയ്തുവിനോട്
ചിരിച്ചു കൊണ്ടവളെ
പറ്റി സ്വകാര്യം പറയും.
ഏഴിലെയും എട്ടിലെയും
കുട്ടികള്‍ അവരുടെയിടയില്‍ വെറുതെ കാത് കൂര്‍പ്പിച്ച് നിരാശരാവും.
സെന്‍റ് മേരീസിലെ
പെണ്‍കുട്ടികള്‍ അവളെ നോക്കിയും
നോക്കാതെയും
തല കുന്പിട്ട് നടന്നു പോകും.

നില്‍ക്കാനുമിരിക്കാനുമിടമില്ലാത്ത പഞ്ചായത്ത് 
സ്റ്റേജില്‍ മനുഷ്യാവകാശക്കാരും
സ്ത്രീ ശാക്തീകരണക്കാരും
വില കൂടിയ കാറുകളില്‍ വന്നിറങ്ങി
ഉറഞ്ഞ് തുള്ളും.
അത് കേട്ടും കേള്‍ക്കാതെയും
ഡ്യൂട്ടി പെയ്ഡ്
ഷോപ്പിന്‍റെ പിന്നിലെ
ചുമരും ചാരിയിരുന്ന് അവള്‍ പിറു പിറുത്ത്
പൊട്ടി ചിരിക്കും .
കണ്ണീര്‍ വറ്റി പോയ
അവളുടെ ചിരി
വാഹനങ്ങളുടെയും
മെെക്കിന്‍റേയും
ഒടുക്കത്തെ ഒച്ചയില്‍
മുങ്ങിപ്പോവും.

സിനിമാ കൊട്ടകയില്‍
പടങ്ങള്‍ മാറി മാറി വരും ,
രണ്ടാം കളിയ്ക്ക്
മസാല കുത്തി കയറ്റിയ സിനിമ കണ്ട്
ആണുങ്ങള്‍ നെടുവീര്‍പ്പിട്ട് മൗനമായി
ഇറങ്ങും.
വണ്ടി പീടികേന്ന് 
കപ്പലണ്ടി വാങ്ങി
പാതി തിന്ന് ബാക്കി 
മടിയില്‍ തിരുകും.

അവള്‍ എല്ലാ കൊല്ലവും പെറും.
പ്രാന്തത്തി,വൃത്തികെട്ട
പ്രാന്തത്തി .
അവള്‍ വൃത്തി കെട്ട
പ്രാന്തത്തി .!!!



സസ്നേഹം* (കവിത)
(സമര്‍പ്പണം .കമലാ സുരയ്യക്ക്.)

കാനേഷുമാരിയുടെ
കള്ള കണക്കുകളില്‍
മേനി നടിച്ചിരുന്നവര്‍ക്ക്
തെറ്റി.
നിന്നെ വെറുമൊരു
ശരീരമായി കാണാന്‍
കുഴിമാടം തോണ്ടുന്നവര്‍ക്കും.

നിന്നെ നാഥന്‍ തന്‍റെ 
ചാരത്തേക്കുയര്‍ത്തി
''സുരയ്യ''കൂട്ടത്തില്‍ 
ചേര്‍ത്തത് 
അവര്‍ക്കറിയാറായിട്ടില്ല.
നാഥന്‍ കണ്ടിരുന്നു ,
നിന്‍റെ മുഖം ,ശോഭയാര്‍ന്ന
ഈമാനിന്‍റെ ,
ആ കണ്ണുകളിലെ
ഹിദായത്തിന്‍റെ
''സുറയ്യ''തിളക്കവും.

നീ ബാക്കി വെച്ചിട്ട് പോയ നീര്‍മാതള പൂക്കള്‍ 
വാടാതിരിക്കട്ടെ ,
നിന്നെ കണ്ടു മുട്ടുവോളം ഓര്‍ക്കാന്‍.
നിന്നെ കുറിച്ച് ഞങ്ങള്‍ പാടിക്കൊണ്ടേയിരിക്കും ,നേരില്‍
കണ്ടെത്തുന്നത് വരെ
സസ്നേഹം


കഥ :ഫീമെയില്‍ വാര്‍ഡ്


''തമിഴത്തീ ''അവന്‍ വിളിച്ചു.
''ഉം ,എന്നാ മലയാളക്കാരാ?"
അവള്‍ കുസൃതിയോടെ വിളി കേട്ടു.അവനൊന്നും മിണ്ടിയില്ല.അവന്‍റെ തോളില്‍ തല ചായ്ച്ച് ഇരിക്കുകയാണവള്‍.ആ തീവണ്ടിയില്‍ അധികം തിരക്കുണ്ടായിരുന്നില്ല.അവള്‍ക്കറിയാം ,അവന്‍റെ മനസ്സില്‍ ഒരു കടല്‍ ഇളകി മറിയുകയാണ്.നാട്ടിലേക്ക് അവളെയും കൊണ്ട് ചെല്ലുന്പോഴുള്ള അവസ്ഥ എന്തായിരിക്കുമെന്ന ചിന്തയിലായിരിക്കുമവന്‍.
''സമീര്‍ ,എന്നാ ഓശ്നെ.?"അവള്‍ ചോദിച്ചു.
മനസ്സിലാവാതെ അവന്‍ ചോദ്യം ആവര്‍ത്തിച്ചു.
''ഓശ്നെ.?"അവള്‍ പൊട്ടിച്ചിരിച്ചു.മനസ്സില്‍ തീ കത്തുന്പോഴും ഇവള്‍ക്കെങ്ങിനെ ചിരിക്കാന്‍ കഴിയുന്നുവെന്ന് അവന്‍ അതിശയിച്ചു.!
''ആലോശിക്ക്ത്.''
അവള്‍ വിശദമാക്കി.
''ഓ,ഒന്നുമില്ല .''
തെല്ലിട അവര്‍ക്കിടയില്‍ മൗനം കനത്തു.
''പരിമളം''അവന്‍ വിളിച്ചു.ജീവിതത്തിലൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത സുരക്ഷിതത്വത്തില്‍ അവന്‍റെ തോളില്‍ അവള്‍ ഒന്നു കൂടി തല ചേര്‍ത്തു വെച്ചു.
''ഉം''അവള്‍ വിളി കേട്ടു.
''നീ അമ്മയെ കുറിച്ച് ആലോചിച്ചൊ.?"
"ഉം.''അവള്‍ മൂളി.
''മാമന്‍ നിന്നെ തേടി നടക്കുമോ.?"
"നടക്കട്ടും.എനിക്കെന്നാ."
മാമനെ കുറിച്ച് അവള്‍ പറഞ്ഞ് അവനറിയാം.
മുറപ്പെണ്ണായ അവളെ കെട്ടാന്‍ കൊതിച്ച് നടക്കുകയാണയാള്‍.ഭാര്യയും നാല് മക്കളുമുള്ള ഒരു സ്ത്രീ ലന്പടന്‍.അയാള്‍ കാരണമാണ് അവളുടെ അപ്പ ആത്മഹത്യ ചെയ്തത് .അതിനാലാണവളുടെ അമ്മ മാനസിക രോഗിയായത്.ഉണ്ടായിരുന്ന സ്ഥലവും ഫ്ളാറ്റും അയാള്‍ തട്ടിയെടുത്തു.അയാളുടെ വീടിനോട് ചേര്‍ന്ന ഔട്ട് ഹൗസില്‍ അവളെയും അമ്മയെയും അയാള്‍ പാര്‍പ്പിച്ചു.
''അമ്മാവന്‍ മരുമകളെ വേള്‍ക്കുമോ.?"
അവന്‍ അതിശയിച്ചു.!
തമിഴര്‍ക്കിടയില്‍ അങ്ങനെ ഒരു സംസ്കാരമുണ്ടെന്ന് അവളാണ് അവന് പറഞ്ഞു കൊടുത്തത്.
അവനതൊരു പുതിയ അറിവായിരുന്നു.അവളുടെ അമ്മയുടെ ചികിത്സക്കായാണ് അവള്‍ കേരളത്തില്‍ വന്നത് .ആ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ വന്ന അന്നു തന്നെ അവര്‍ പരിചയപ്പെട്ടു.
മൂത്ത സഹോദരന്‍റെ ചികിത്സക്കായാണ് സമീര്‍ അവിടെ വന്നിരിക്കുന്നത്.
അമ്മയെ പരിചരിക്കാന്‍ അവള്‍ മാത്രമേയുള്ളു.കണ്ണ് തെറ്റിയാല്‍ അമ്മ ഇറങ്ങി നടക്കും,മെയിന്‍ ഗേറ്റിലേക്ക്‌.
അവന്‍റെ സഹായം അവള്‍ക്കൊരു ധെെര്യമായി.മരുന്ന് വാങ്ങാന്‍ ,ചായ വാങ്ങാന്‍ തുടങ്ങി എപ്പോഴുമവന്‍ സഹായിയായി.
അമിത മദ്യപാനം മൂലം വിഷാദ രോഗിയായി തീര്‍ന്ന അവന്‍റെ സഹോദരന്‍ സുനീര്‍ ഡോക്ടര്‍.സുബ്രഹ്മണ്യന്‍റെ ചികിത്സയില്‍ വേഗം സുഖം പ്രാപിച്ചു.
വെെകുന്നേരങ്ങളില്‍ ആശുപത്രി വളപ്പിലെ ഔഷധ തോട്ടത്തിലെ സിമന്‍റ് ബെഞ്ചിലിരുന്നാണ് അവര്‍ ഇരുവരും കഥകളുടെ കെട്ടുകളഴിച്ചത്.കരച്ചിലും ചിരിയുമായി അവരുടെ മനസ്സുകള്‍ അടുക്കുകയായിരുന്നു!
രോഗികളും കൂട്ടിരിപ്പുകാരുമെല്ലാം അവരുടെ ഈ സ്നേഹ സല്ലാപങ്ങള്‍ കാണുന്നുണ്ടായിരുന്നു.
''നീ ഓളെ പൊരേല്‍ക്ക് കൂട്ടിക്കൊ.ഉമ്മാനോടും അമ്മാവന്‍മാരോടുമെല്ലാം ഞാന്‍ പറഞ്ഞോളാം.ഓള് പാവാ.യത്തീമാ.നമ്മുടെ സുരഭി സിസ്റ്റര്‍ എന്നോടെല്ലാം പറഞ്ഞു.''
അവന്‍റെ മനസ്സ് വായിച്ച സഹോദരന്‍ സുനീറിന്‍റെ വാക്കുകള്‍ അവന് വല്ലാത്ത ഒരു ധെെര്യം പകര്‍ന്നു .
മെയില്‍ വാര്‍ഡിന്‍റെ പടി കടന്ന് വന്ന് ഫീമെയില്‍ വാര്‍ഡിലേക്കുള്ള വഴിയില്‍ അവനവളെ കാത്തു നിന്നു.ചുവന്ന വാക പൂക്കള്‍ വീണ് മനോഹരമായ വഴിയിലൂടെ അവള്‍ അവന്‍റെയടുത്തേക്ക് നടന്നു വന്നു.
പ്രകൃതി തന്‍റെ പ്രണയിനിക്കായി ഒരു ചുവന്ന പരവതാനി വിരിച്ചിട്ടിരിക്കുന്നുവെന്നവന്‍ സന്തോഷത്തോടെ കൗതുകം പൂണ്ടു.
''ഇനി ചികിത്സ കൊണ്ട് വലിയ കാര്യമില്ല.അമ്മയെ വീട്ടിലേക്ക് കൊണ്ടു പൊയ്ക്കോളൂവെന്ന് ഡോക്ടറവളോട് പറഞ്ഞ ദിവസം അവള്‍ അവന്‍റെ നെഞ്ചില്‍ മുഖമമര്‍ത്തി ഒരുപാട് കരഞ്ഞു .ആ അമ്മ വല്ലാതെ അവശയായിരുന്നു.!
പിറ്റേന്ന് പുലര്‍ച്ചെ പതിമൂന്നാം വാര്‍ഡിലേക്കവള്‍ ഒാടി വന്നു ,അവന്‍റെ പേര് വിളിച്ച് ഉറക്കെ കരഞ്ഞു കൊണ്ട്.
അതെ ,അവളുടെ അപ്പക്ക് പിന്നാലെ അമ്മയും യാത്രയായിരിക്കുന്നു.!
''എനിക്കാരൂല്ല.''അവന്‍റെ കെെ മുറുകെ പിടിച്ച് അവള്‍ പൊട്ടി കരഞ്ഞു .ആ തേങ്ങലുകള്‍ക്കിടയില്‍ അവനവള്‍ക്ക് വാക്ക് കൊടുത്തു.
''നിനക്ക് ഞാനുണ്ട് .''
ആംബുലന്‍സ് അറേഞ്ച് ചെയ്തത് അവനായിരുന്നു.
''ചടങ്ങുകളെല്ലാം കഴിഞ്ഞാല്‍ എന്നെ വിളിക്കണം.പുതുക്കോട്ട റെയില്‍വേ സ്റ്റേഷനില്‍ ഞാന്‍ കാത്തു നില്‍ക്കും .ധെെര്യമായിട്ട് പോകൂ.''
ആ ഒരു വാക്കില്‍ അവള്‍ യാത്രയായി.മാമന്‍റെ കണ്ണില്‍ പെടാതെ അവള്‍ അവളെ കാത്തു.ചടങ്ങുകള്‍ കഴിഞ്ഞതിന്‍റെ പിറ്റേന്ന് അവള്‍ ഇറങ്ങി .രണ്ട് ടിക്കറ്റുമായി സമീര്‍ പരിമളത്തെ കാത്ത് സ്റ്റേഷനില്‍ നിന്നിരുന്നു.
ഇഷ്ടപ്പെട്ട കളിപ്പാട്ടം കൊണ്ടോടുന്ന കുട്ടിയെ പോലെ ഉറക്കെ ചൂളം വിളിച്ച് ആഹ്ളാദത്തോടെ തീവണ്ടി പാഞ്ഞു.കേരളത്തിലേക്ക്.അവന്‍റെ ഗ്രാമത്തിലേക്ക്.
അവന്‍റെ സുരക്ഷിതമായ തോളില്‍ തല ചായ്ച്ച് അവള്‍ സുഖമായി ഉറങ്ങി.!!!

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)