കളരിപറമ്പ് വായനശാല തീർക്കുന്ന മാനവീകതയുടെ മഹാ മാതൃകകൾ
ഒരു ചെറിയ ആൾക്കൂട്ടം ഒരു പ്രതിസന്ധി കാലത്തെ നീന്തി കടക്കുന്നത് എങ്ങിനെയാണെന്നു നോക്കു. ചുറ്റിലുമുള്ള സഹജീവികളെ ചേർത്ത് പിടിച്ച് സ്നേഹത്തിന്റെ , കരുതലിന്റെ വലിയ മാതൃകകൾ തീർക്കുകയാണിവർ.
500 ഓളം വീടു കളിലേക്ക് സമൃദ്ധമായ ഭക്ഷ്യ കിറ്റുകൾ എത്തിച്ചിരിക്കുകയാണ് കളരി പറമ്പ് ഗ്രാമീണ വായനശാലാ പ്രവർത്തകർ. കൊട്ടിഘോഷങ്ങളില്ല വിളംബരങ്ങളില്ല നിശ്ശബദമായി ഏറ്റെടുത്ത മാനവികതയുടെ മഹാമാതൃക.
കോവിഡിന്റെ ഒന്നാം ഘട്ടത്തിലെ ലോക്ക് ഡൗണിൽ ഉണ്ടായതിനേക്കാൾ വലിയ കഷ്ടതകളാണ് ഇപ്പോൾ നമ്മൾ നേരിടുന്നത് … ഗവൺമെന്റ് സംവിധാനങ്ങൾ ജനങ്ങൾക്കായ് ഇടപ്പെടുന്നുണ്ടെങ്കിലും, ഇതര സഹായങ്ങളില്ലാതെ മുന്നോട്ട് പോകാനാകാതെ പകച്ചു നിൽക്കുന്ന കുറെ കുടുംബങ്ങളുണ്ട് നമുക്കു ചുറ്റും..
അവരൊരു പക്ഷെ സഹായത്തിനായി ആരുടെ അടുത്തും വന്നു എന്നു വരില്ല.
അവരെ തേടി നമ്മൾ പോയില്ലയെങ്കിൽ, അവരുടെ കഷ്ടതകളിൽ നമ്മളാലാകുന്നത് നമുക്ക് ചെയ്യാനാകുന്നില്ലയെങ്കിൽ വലിയ ദുരന്തങ്ങൾക്ക് നമ്മൾ സാക്ഷിയായേക്കും.
അത്തരം ആലോചനയാണ് കളരി പറമ്പ് ഗ്രാമീണ വായനശാലയുടെ പ്രവർത്തകരെ അസ്വസ്ഥപ്പെടുത്തിയത്.
അവർ അവരുടെ പരിമിതികളിൽ നിന്നുകൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് നടത്തിയ സംഘാടനമാണ് ഇന്ന് ചുറ്റുവട്ടത്തെ 500 ഓളം കുടുംബങ്ങളിലെത്തിയത്.
പല വീടുകളിലും അത് എത്തുമ്പോൾ അവരുടെ കണ്ണുകളിലെ തിളക്കം കണ്ടാലറിയാം ആ ചെയ്തത് ഒരു ചെറിയ കാര്യമല്ല എന്ന്. കുഞ്ഞു മക്കൾക്കുള്ള ബിസ്ക്കറ്റുകൾ കൂടി കരുതിയിട്ടുള്ളത് കൊണ്ടാകാം കൗതുകത്താൽ സഞ്ചികളിൽ പരതുന്ന ആ കുഞ്ഞുങ്ങളുടെ കണ്ണിലും ചിരി വിരിയുന്നത് ...
അല്ലെങ്കിലും അവരിത് എല്ലാ പ്രതിസന്ധി കാലങ്ങളിലും പതിവായി ചെയ്യുന്നതല്ലെ ... … ആ നാട് ഈ വായനശാലയെയും ഇതിന്റെ പ്രവർത്തകരെയും നെഞ്ചിൽ പേറുന്നത് അതുകൊണ്ടൊക്കെ തന്നെയല്ലെ.
- സുധീഷ് അമ്മവീട്
Comments
Post a Comment