ഫാസിസത്തിനെതിരെ ജനാധിപത്യവൽക്കരണം - പി രാധാകൃഷ്ണൻ



ഫാസിസത്തിനെതിരെ ജനാധിപത്യവൽക്കരണം

രാധാകൃഷണൻ പി.

ആധുനിക ജനാധിപത്യ ഭരണക്രമത്തെ മാത്രമല്ല  ജനാധിപത്യം  എന്ന വാക്കുകൊണ്ട്  നാം ലക്ഷ്യം വയ്ക്കുന്നത്.
ജനാധിപത്യ ഭരണക്രമം ചരിത്രത്തിൽ താരതമ്യേന പുതിയത് ആണെങ്കിലും  ജനാധിപത്യവൽക്കരണം  എന്ന പ്രക്രിയ ആധുനികതയെക്കാൾ  പഴക്കമുള്ള  ഒന്നാണ്.  മുതലാളിത്തത്തിന്  മുമ്പ് ആരംഭിച്ച ആ പ്രക്രിയ മുതലാളിത്തത്തിന് അപ്പുറത്തേക്ക്  വികസിക്കുന്നതും നിലനിൽക്കുന്നതുമാണ്.  മുതലാളിത്തം തീർക്കുന്ന  പരിമിതികളെ കുടഞ്ഞു കളഞ്ഞ്  വികസ്വരം ആകേണ്ട ഒന്നുകൂടിയാണ് ജനാധിപത്യം.
അപരൻറെ  വാക്കുകൾ  സംഗീതമാകുന്ന  അപരപരിഗണനയുടെ  വികാസവും ഭാവിയും തന്നെയാണ് ജനാധിപത്യത്തിൻറെ  വികാസവും ഭാവിയും.  ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച്  വിചാരിക്കുന്ന ഇന്നത്തെ സന്ദർഭത്തിൽ വർത്തമാനകാലത്തെ അതിന് അതിജീവിക്കാനാകുമോ എന്ന ഭയം പോലും  ഉയർന്ന്  വരുന്നു.
സമഗ്രാധിപത്യ-കേന്ദ്രീകരണ  പ്രവണതകൾ സമകാലീന ലോകത്ത് അനുദിനം കരുത്താർജ്ജിച്ചു കൊണ്ടിരിരിക്കുകയും ചെയ്യുന്നു.

ഇന്ത്യയിലാണെങ്കിൽ വർഗീയഫാസിസം  ഭരണഘടനയെ ഓരങ്ങളിലേക്ക് തള്ളിമാറ്റിയോ ഭരണഘടനയുടെ തന്നെ സാധ്യതകളെ പ്രയോജനപ്പെടുത്തി ക്കൊണ്ടോ ഭരണഘടനാ സ്ഥാപനങ്ങളെ  അകത്തുനിന്നും തകർത്തു കൊണ്ടിരിക്കുകയാണ്.  രാഷ്ട്രീയ ജനാധിപത്യം നിലനിൽക്കുമ്പോൾ തന്നെ സാമൂഹ്യ ജനാധിപത്യം  ദുർബലമായിരുന്ന  നാടായിരുന്നല്ലോ ഇന്ത്യ .ഇന്നാകട്ടെ ജനാധിപത്യവിരുദ്ധ പ്രവണതകൾ സാമ്പത്തിക തലത്തിലും സാമൂഹ്യതലത്തിൽ രാഷ്ട്രീയത്തിലും തുടർച്ചയായി ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

*ഫാസിസത്തിനെതിരായ മുന്നണി*

ഫാസിസത്തിനെതിരായ
രാഷ്ട്രീയമുന്നണി തീർച്ചയായും പരമപ്രധാനമാണ്. എന്നാൽ  അത്തരം ഒരു  മുന്നണിയെക്കുറിച്ചുള്ള  ആലോചനകൾക്ക് വേണ്ടത്ര തെളിച്ചം വയ്ക്കുന്നില്ല എന്നതും 
യാഥാർഥ്യമാണ് . എങ്കിലും  ആ ശ്രമം ശക്തമായി തുടരട്ടെ എന്ന്  നമുക്ക് പ്രത്യാശിക്കാം .അത്തരമൊരു പ്രത്യാശയോടെയുള്ള കാത്തിരിക്കൽ മാത്രമാണോ ജനസാമാന്യത്തിന്റെ  സമകാലീന  രാഷ്ട്രീയ  ഉത്തരവാദിത്വം? 

ജനാധിപത്യത്തിന്റെ സാമൂഹ്യതലം  വികസിപ്പിക്കുക  എന്ന വിഷമം പിടിച്ച ദൗത്യം ഇന്ത്യയിൽ ആരാണ്  ഏറ്റെടുക്കുക, എന്താണ് ആ ദൗത്യത്തിന്റെ ഉള്ളടക്കം എന്നീ ചോദ്യങ്ങളും ഇവിടെ പ്രസക്തമാണ്.  ജാതീയവും  ലിംഗപരവും   വംശീയവും  മറ്റുമായ വിവേചനങ്ങൾക്കെതിരായതും  പൗരാവകാശത്തിന്  വേണ്ടിയുള്ളതുമായ  സമരങ്ങളാണ് ജനാധിപത്യത്തിൻറെ സാമൂഹ്യ തലത്തെ  വികസിപ്പിച്ചത്  എന്ന് കാണാം. ആഴത്തിലുള്ള സാമൂഹ്യ ജനാധിപത്യത്തിൻറെ അഭാവത്തിൽ  രാഷ്ട്രീയ ജനാധിപത്യത്തിന് ശോഭിക്കാൻ ആകില്ല  എന്ന ആകുലത  മാത്രമല്ല ഇന്ന് നമ്മെ നേരിടുന്നത്.
അതിനേക്കാൾ  ഭീതിജനകമായ കാര്യം രാഷ്ട്രീയജനാധിപത്യം തന്നെ  ഉള്ളിൽ നിന്ന്  തകർക്കപ്പെടുന്ന  ഒരു രാഷ്ട്രീയ സാഹചര്യത്തിലാണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്  എന്നതാണ്.

*രാഷ്ട്രീയജനാധിപത്യമോ 
സാമൂഹ്യ ജനാധിപത്യമോ?*

ഈ വിഷമ സാഹചര്യത്തിൽ   രാഷ്ട്രീയ ജനാധിപത്യം പുനസ്ഥാപിച്ചിട്ട്  സാമൂഹ്യ ജനാധിപത്യത്തിനുവേണ്ടി സംസാരിക്കാം  എന്ന് നമുക്ക് പറയാനാകുമോ?  
തീർച്ചയായും അങ്ങനെ പറയാൻ കഴിയില്ല എന്ന നിലപാടാണ് ഇവിടെ വിശദീകരിക്കാൻ ശ്രമിക്കുന്നത്.
സാമൂഹ്യ ജനാധിപത്യത്തിന് വേണ്ടിയുള്ള  ശ്രമങ്ങൾ ആണ് ഒരുപക്ഷേ ഇന്ത്യയിലെ രാഷ്ട്രീയ ജനാധിപത്യത്തിനു തന്നെ കളമൊരുക്കിയത് .
ഈ  സന്നിഗ്ധാവസ്ഥയിൽ  രാഷ്ട്രീയ ജനാധിപത്യത്തിന് വേണ്ടി യുള്ള  സമരങ്ങൾക്കൊപ്പം  സാമൂഹിക ജനാധിപത്യത്തിന് വേണ്ടിയുള്ള  സമരങ്ങൾ കൂടി ഏറ്റെടുക്കുക എന്നതാണ് കരണീയമായിട്ടുള്ളത്.
സാമൂഹ്യജനാധിപത്യത്തെ വികസിപ്പിക്കുന്നതിൽ സമൂഹത്തെ ഒന്നടങ്കം പങ്കാളികളാക്കി കൊണ്ട് വിപുലമായ പ്രവർത്തനങ്ങൾ  ഏറ്റെടുക്കുക എന്നത് നിർണായകമായ കാലിക ഉത്തരവാദിത്വം ആയിത്തീരുന്നു.

നേരത്തെ സൂചിപ്പിച്ച ജാതീയവും ലിംഗ പരവും വംശീയവും മറ്റുമായ വിവേചനങ്ങൾക്കെതിരെ അവകാശങ്ങൾക്കുവേണ്ടിയുള്ള മുന്നേറ്റങ്ങൾ തന്നെയാണ് ഈ സമരങ്ങളുടെ നടുത്തുണ്ടം  എന്നുള്ളതിൽ സംശയമില്ല. അതിന്റെ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല.
പൗരാവകാശങ്ങൾക്കായുള്ള വിവിധ തലങ്ങളിലുള്ള സാമൂഹ്യ മുന്നേറ്റ ത്തോടൊപ്പം  സർവതല സ്പർശിയായ ഒരു മുന്നേറ്റത്തിന്റെ ആവശ്യകത കൂടി സാമൂഹ്യ ജനാധിപത്യം ആവശ്യപ്പെടുന്നുണ്ട്.

*വർഗീയത, അരാഷ്ട്രീയത*

രാഷ്ട്രീയ സംവിധാനങ്ങളെ മാത്രമല്ല വർഗീയതയും അരാഷ്ട്രീയതയും പിടിമുറുക്കുന്നത്.  സാമൂഹ്യ ശരീരത്തെയും ഈ രണ്ട് വൈറസുകൾ അതികഠിനമായി ആക്രമിക്കുന്നുണ്ട്.  വർഗീയവൽക്കരണത്തിനും അരാഷ്ട്രീയവൽക്കരണത്തിനും വിധേയമായ ഒരു സമൂഹത്തിൽ വർഗീയ ഫാസിസത്തിനെതിരായ രാഷ്ട്രീയ മുന്നേറ്റം ഉയർന്നു വരിക അസാധ്യമാണ്. സമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തിനുള്ള കടുത്ത വെല്ലുവിളിയാണ്  സാമൂഹ്യ തലത്തിലുള്ള വർഗീയവൽക്കരണവും അരാഷ്ടീയതയും ഉയർത്തുന്നത്.
വർഗീയതക്കെതിരായ രാഷ്ട്രീയ മുന്നണി എന്നത് പോലെത്തന്നെ പ്രധാനമാണ് സാമൂഹ്യ തലത്തിൽ വർഗീയതയെചെറുക്കാനുള്ള ശ്രമങ്ങൾ. രാഷ്ടീയ സംവിധാനങ്ങളിൽ മാത്രമല്ല സാമൂഹ്യ സംഘടനകളിൽ കൂടി 
ഗോഡ്ഫാദർമാരും രക്ഷാകർത്താക്കളും  മിശിഹാമാരും ഫാൻസും സ്തുതിപാഠകരും ഡിവോട്ടീസും പെരുകുന്നത് സമൂഹത്തിൽ വർദ്ധിച്ച് വരുന്ന അരാഷ്ടീയതയുടെ ലക്ഷണങ്ങളാണ്. സാമൂഹ്യ തലത്തിലുള്ള വർഗീയതയെയും അരാഷ്ട്രീയതയെയും ചെറുക്കാനുളള ശ്രമങ്ങൾ ഒരർത്ഥത്തിൽ സമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തിന് ആക്കം കൂട്ടുന്നു.
*കുടുംബം മുതൽ 
സംഘടനകൾ വരെ*

കുടുംബത്തിൽ തൊഴിലിടങ്ങളിൽ തുടങ്ങിയ പൗരഇടങ്ങളിൽ മാത്രമല്ല ചെറുതും വലുതുമായ സംഘടനരൂപങ്ങളിൽ ഒക്കെയുള്ള  ജനാധിപത്യത്തെ വികസിപ്പിക്കുന്ന  ഇടപെടലുകൾ പ്രധാനമാണ്.
മേൽപ്പറഞ്ഞ ഇടങ്ങളിലെ ജനാധിപത്യ അന്തരീക്ഷം കൂടുതൽ  കൂടുതൽ വികസിതം ആക്കുക എന്നതാണ്  ഫാസിസത്തിന് മുന്നിലുള്ള നമ്മുടെ സമകാലീന കർത്തവ്യം.  കുടുംബ ബന്ധങ്ങളിലെ, തൊഴിലിടത്തിലെ സംഘടനകളിലെ ബന്ധങ്ങളിൽ  ഒക്കെ നിലനിൽക്കുന്ന ജനാധിപത്യവിരുദ്ധത തിരിച്ചറിഞ്ഞു തിരുത്താൻ  മുൻകൈ എടുക്കുക എന്നത് പരമപ്രധാനമാണ്.
ജനാധിപത്യ വിരുദ്ധത തിരിച്ചറിയുക എന്നതാണ് ആദ്യപടി. ഓരോ സംവിധാനങ്ങളുലുമുള്ള ബന്ധങ്ങൾ കാലങ്ങളായി തുടരുന്നതും സ്വാഭാവികവുമാണ് എന്ന  ബോധമാണ് ഓരോ സംവിധാനവും അതിലെ അംഗങ്ങൾക്ക്  പകർന്ന് നൽകുക. ഈ സാമാന്യ ബോധത്തെ  മറികടക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. തിരിച്ചറിഞ്ഞാൽ തന്നെ തിരുത്താനുള്ള ശ്രമങ്ങളെ  സംവിധാനങ്ങൾ സ്വാഭാവികമായും പ്രതിരോധിക്കും. കുടുംബം മുതലുള്ള സംവിധാനങ്ങളുടെ ആന്തരിക പരിമിതികളെ കുറിച്ച് തിരിച്ചറിവും അതനുസരിച്ചുള്ള ഇടപെടലും നടന്ന കാലത്തെയാണ്  നാം നവേത്ഥാനം എന്ന് വിളിച്ചിരുന്നത്.  അതിന്റെ കാലികമായ തുടർച്ച സാധ്യമാക്കുക എന്നും ഈ നടപടിയെ വിശദീകരിക്കാം.

*സംഘടനകൾക്കുള്ളിലെ ജനാധിപത്യവൽക്കരണം*

സംഘടനകൾക്കുള്ളിലെ ജനാധിപത്യവൽക്കരണവും ഫാസിസത്തെ ചെറുക്കുന്നതിൽ നിർണായകമാണ് എന്ന വാദം ഉന്നയിക്കുമ്പോൾ താരതമ്യേന കൂടുതൽ തർക്കങ്ങൾ ഉയർന്ന് വരുന്നതായി കാണാം.
തൊഴിൽ -സാമൂഹ്യ- രാഷ്ട്രീയ രംഗത്തെ സംഘടനകൾ പൊതുവെ ജനാധിപത്യാവകാശങ്ങൾക്ക് വേണ്ടി നിലനിൽക്കുന്നവയാണ്.  ഫാസിസ്റ്റ് കാലത്ത് ഫാസിസ്റ് വിരുദ്ധമായ ഈ സംഘടനകളെ കൂടുതൽ കൂടുതൽ ശക്തിപ്പെടുത്തുക എന്നതിനായിരിക്കണം ഊന്നൽ. ഫാസിസ്റ്റ് വിരുദ്ധമായ സംഘടനകളിലെ ആന്തരിക ജനാധിപത്യത്തെ കുറിച്ചുള്ള  ആലോചനകൾ കാലത്തിന് ചേർന്നതല്ല എന്നും അത്  ഫാസിസ്റ്റ് വിരുദ്ധ  ഊന്നലിനെ തകിടം മറിക്കുന്നതിന് വഴിവക്കുകയും ചെയ്യും എന്ന വാദം സ്വാഭാവികമായി ഉയർന്ന് വരും. സംഘടനകൾക്കുള്ളിലെ ജനാധിപത്യ വിരുദ്ധത ചൂണ്ടിക്കാണിക്കുമ്പോൾ അതെല്ലാം സംഘടനകളുടെ കെട്ടുറപ്പിന് വേണ്ടിയുള്ളതാണ് എന്ന വാദം ആണ് ഉയർന്ന്  വരിക.
 കെട്ടുറപ്പിന് വേണ്ടിയുള്ളത് എന്ന വ്യാജേന സംഘടനകൾക്കുള്ളിൽ തുടരുന്ന ജനാധിപത്യ വിരുദ്ധത തിരിച്ചറിയുക എന്നത് തന്നെ  ബുദ്ധിമുട്ടേറിയ കാര്യമാണ്.  ഈ ആന്തരികമായ  ജനാധിപത്യവിരുദ്ധയെ ചോദ്യം ചെയ്യാതെ  ഒരാൾക്കും  ഒരു സംഘത്തിനും ഫാസിസത്തെ നേരിടാനുള്ള ഉള്ള ധാർമികബലം  ഉണ്ടാകില്ല എന്ന് തിരിച്ചറിയേണ്ടതുണ്ട്. നാം നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന സംവിധാനങ്ങളൊക്കെ അതിൻറെ  കെട്ടുറപ്പ്  ഉറപ്പുവരുത്തുന്നതിന്  എന്ന ഭാവേന ആന്തരികമായി    ജനാധിപത്യ വിരുദ്ധതയെ നിലനിർത്തുന്നുണ്ട്. ഈ ജനാധിപത്യവിരുദ്ധതയെ വിമർശിക്കാനോ തിരുത്താനോ ശ്രമിക്കാതെ അച്ചടക്കത്തോടെ നാവടക്കത്തോടെ ഒതുങ്ങിക്കഴിയാൻ സംഘടനാനുഭവം ഏറിയും കുറഞ്ഞും നമ്മെ പരിശീലിപ്പിക്കുന്നുണ്ട്.  ഫലത്തിൽ  നിരന്തരമായ  നാവടക്കം  സംവിധാനങ്ങളുടെ തന്നെ  ആന്തരിക ആരോഗ്യത്തെ ദീർഘകാലാടിസ്ഥാനത്തിൽ  മുരടിപ്പിക്കുകയാണ് ചെയ്യുന്നത്.
എന്ന്  മാത്രമല്ല  ഇത്തരം  ജനാധിപത്യവിരുദ്ധമായ അന്തരീക്ഷത്തിന്റെ ഉൽപന്നമായ  വ്യക്തികളെയും സംവിധാനങ്ങളെയും ഫാസിസത്തിന് അതിൻറെ കൈപ്പിടിയിലൊതുക്കാൻ എളുപ്പവുമാണ്.
അതായത് ഫാസിസത്തിന് വളരുന്നതിനുള്ള വളവും ഊർജവും നൽകുന്നത് സമൂഹത്തിലെ   ജനാധിപത്യവിരുദ്ധതക്ക് കഴിയും  എന്ന് തിരിച്ചറിയേണ്ടതുണ്ട് .
തീർച്ചയായും ഫാസിസ്റ്റ് കാലത്ത് ആന്തരിക ജനാധിപത്യവിരുദ്ധ ക്കെതിരായ സമരം ഫാസിസ്റ്റ് വിരുദ്ധ സമരത്തിനെ  ദുർബലപ്പെടുത്തുകയല്ല ചെയ്യുകല്ല മറിച്ച് അതിനെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. ഓരോ സംഘടനാ സംവിധാനങ്ങൾ ക്കകത്തും നിലനിൽക്കുന്ന ജനാധിപത്യവിരുദ്ധ ഉള്ളടക്കം  അകത്തു നിൽക്കുന്നവർക്കാണ്    നന്നായി തിരിച്ചറിയാൻ കഴിയുക. അതുകൊണ്ടുതന്നെ ആന്തരിക ജനാധിപത്യവിരുദ്ധത തിരിച്ചറിഞ്ഞു അതിനെ സൈദ്ധാന്തികമായി അവതരിപ്പിച്ച്  മറ്റുള്ളവരെ ബോധ്യപ്പെടുത്തി സമരം ഏറ്റെടുക്കുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. വളരെ ജനാധിപത്യപരം എന്ന് പൊതുവെ കരുതുന്ന പല സംവിധാനങ്ങളും വേണ്ടത്ര ജനാധിപത്യപരമല്ല എന്നതാണ് യാഥാർത്ഥ്യം. അതുന്നയിക്കപ്പെടേണ്ടതും തിരുത്തപ്പെടണ്ടതും ആന്തരികമായാണ്. എന്നാൽ ആന്തരിക ജനാധിപത്യത്തിനു വേണ്ടിയുള്ള ശ്രമങ്ങളെ സംഘടനകൾ പൊറുപ്പിക്കുകയില്ല എന്നതും യാഥാർത്ഥ്യമാണ്. ആന്തരിക ജനാധിപത്യത്തിന് വേണ്ടി ശ്രമിക്കുക എന്നത് ക്ലേശകരം മാത്രമല്ല അതുന്നയിക്കുന്നവർ നേതൃത്വത്തിന് അനഭിമതരാകുകയും ചെയ്യും.
എങ്കിലും കണിശമായും അന്തരികമായി  നടത്തപ്പെടേണ്ട ഒരു പ്രക്രിയ തന്നെയാണ് ഈ സമരം. ഒരു പക്ഷേ സംഘടനകളിലെ ആന്തരിക ജനാധിപത്യവൽക്കരണ പ്രക്രിയകളെക്കുറിച്ച് ഭാവിസമൂഹം പരിശോധിക്കുന്ന ഘട്ടത്തിൽ അത്തരം അനുഭവങ്ങളൊക്കെ പൊതു വിഷയ ങ്ങളായി തീർന്നേക്കാം എന്നു മാത്രം.

*ബന്ധങ്ങളുടെ ജനാധിപത്യവൽക്കരണം*

വ്യക്തിബന്ധങ്ങൾ മുതൽ  അത് ആരംഭിക്കുന്നു. തൊട്ടടുത്ത സീറ്റിലിരിക്കുന്ന സഹയാത്രികനോടുളള  ഒരാളുടെ   പരിഗണന മുതൽ ബന്ധങ്ങളുടെ ജനാധിപത്യവൽക്കരണം പരിശോധനാ വിധേയമാക്കാവുന്നതാണ്.
യാത്രയിലോ മറ്റോ അടുത്തിരിക്കുന്നവർ ആരൊക്കെ ആകാം? ആർക്കൊക്കെ അടുത്തിരുന്ന് ഭക്ഷണം കഴിക്കാം? ആർക്കൊക്കെ അടുത്ത് നിന്ന് ദേവാലയ ദർശനവും പ്രാർത്ഥനയുമാകാം? തുടങ്ങിയ ചോദ്യങ്ങൾക്ക്  പഴയ കാല ഉത്തരങ്ങൾ ഉണ്ടായിരുന്നു. ആ പഴകിയ ഉത്തരങ്ങളെ തുല്യതയുടെ അടിസ്ഥാനത്തിൽ  പുതുക്കിയ പ്രക്രിയയെ ചരിത്രത്തിൽ  ജനാധിപത്യവൽക്കരണം എന്ന് തന്നെയാണ് നാം വിളിക്കുന്നത്.  അയിത്തക്കാരനായ കുട്ടിയെ  വടി എറിഞ്ഞടിക്കുന്ന അധ്യാപകനിൽ നിന്നും ആധുനിക അധ്യാപകരിലേക്കും വിദ്യാർത്ഥികളിലേക്കും എത്തുമ്പോൾ അധ്യാപക-വിദ്യാർത്ഥി ബന്ധം വർദ്ധിച്ച അളവിൽ ജനാധിപത്യവൽക്കരിക്കപ്പെട്ടതായി കാണാം. കുടുംബബന്ധങ്ങൾ, തൊഴിൽ ബന്ധങ്ങൾ ഒക്കെ മുൻ കാലങ്ങളേക്കാൾ ജനാധിപത്യവൽക്കരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ചരിത്ര വസ്തുത.
എന്നാൽ ബന്ധങ്ങളുടെ ജനാധിപത്യവൽക്കരണം സമസ്ത മേഖലകളിലേക്കും ആഴത്തിൽ വികസിക്കുമ്പോഴാണ് സമൂഹം  വേണ്ട അളവിൽ ജനാധിപത്യ വൽക്കരിക്കപ്പെടുന്നത്. 
വഴിയിൽ നിന്നു പോയതോ വേഗത കുറഞ്ഞ് പോയതോ ആയ ബന്ധങ്ങളുടെ ജനാധിപത്യവൽക്കരണ പ്രക്രിയയെ വീണ്ടെടുത്ത് കൊണ്ടേ ഫാസിസ്റ്റ് വിരുദ്ധ സമരത്തെ ആഴത്തിൽ മുന്നോട്ട് കൊണ്ടുപോകാനാകൂ.
അതാകട്ടെ സഹയാത്രികനോടുള്ള ഒരാളുടെ സമീപനത്തിൽ നിന്ന്  പോലും 
വായിച്ചെടുക്കാവുന്ന ഒന്നുമാണ്.  വിശാലമായി ഇരിക്കാനുള്ള  തൻറെ അവസരം കവർന്നെടുക്കുന്ന  ഒരു ശല്യമായി സഹയാത്രികനെ കരുതാതിരിക്കുക,  ഇരിപ്പിടത്തിനുള്ള അയാളുടെ അവകാശത്തെപൂർണ്ണമനസ്സോടെ തന്നെഅംഗീകരിക്കുകയും ചെയ്യുന്നിടത്ത്  ജനാധിപത്യം നാമ്പിടുന്നു. ഇപ്രകാരമുള്ള അപര പരിഗണനക്ക് പകരം സഹയാത്രികനെ ശല്യമായി കാണുന്ന സമൂഹത്തിൽ ഫാസിസത്തിന് പിടി മുറുക്കാൻ എളുപ്പമാണ്  എന്നും പറയാം. സമൂഹത്തിൽ നിലനിന്നിരുന്ന ജനാധിപത്യവിരുദ്ധതകൾ ഒരു ഘട്ടം വരെ ജനാധിപത്യ വിരുദ്ധതയായി തിരിച്ചറിയപ്പെട്ടിരുന്നുപോലുമില്ല എന്നതാണ് യാഥാർത്ഥ്യം. സ്വാഭാവിക ശരികളായാണ് സമൂഹം അത്തരം കാര്യങ്ങളെ സ്വീകരിച്ചിരുന്നത്. ഇപ്രകാരമുള്ള സ്വാഭാവിക ശരികളിലെ ജനാധിപത്യ വിരുദ്ധത സമൂഹം തിരിച്ചറിയാൻ സമയം എടുക്കും.  ട്രാൻസ് ജന്റർ വ്യക്തികളോടുള്ള ജനാധിപത്യവിരുദ്ധത സമൂഹം തിരിച്ചറിയാൻ തുടങ്ങുന്നത് തന്നെ സമീപകാലത്താണല്ലോ. തിരിച്ചറിഞ്ഞതും ഇനിയും സമൂഹം തിരിച്ചറിഞ്ഞിട്ടില്ലാത്തതുമായ സാമൂഹ്യ ബന്ധങ്ങളിലെ ജനാധിപത്യ വിരുദ്ധതകൾക്കെതിരായ സമരം അനുസ്യൂതം തുടരേണ്ടതുണ്ട്.

*കുട്ടികളും ജനാധിപത്യവും*

ഒരു സമൂഹം കുട്ടികളോട് എങ്ങനെ പെരുമാറുന്നു എന്നതിൽ നിന്നും ആ സമൂഹം എത്രമാത്രം 
ജനാധിപത്യപരം ആണ് എന്ന് അളക്കാനാകും.  ഒരു സമൂഹത്തിലെ  ആന്തരിക ജനാധിപത്യത്തിന്റെ അളവുകോലായി കണക്കാൻ മാത്രം വലുപ്പമുള്ള ഒന്നാണത്. കുട്ടികളോടുള്ള  ശാരീരികമായ  ഹിംസയെ മാത്രമല്ല ഇവിടെ പരിഗണിക്കേണ്ടത്. കുട്ടിയായതുകൊണ്ട് ലഭിക്കുന്ന പരിഗണനകൾക്ക് സമൂഹം കണക്ക് സൂക്ഷിക്കാറുണ്ട്. എന്നാൽ അതോടൊപ്പം കുട്ടി ആയതുകൊണ്ട് മാത്രം നേരിടേണ്ടി വരുന്ന അവഗണനകൾ നമ്മുടെ സമൂഹത്തിൽ എത്രയോ അധികമാണ് . അത്തരം കാര്യങ്ങൾ അവഗണയായി, ഹിംസയായി, ജനാധിപത്യവിരുദ്ധത യായി തിരിച്ചറിയാൻ പോലും നമ്മുടെ സമൂഹം ആരംഭിച്ചിട്ടില്ല എന്നതാണ് വസ്തുത. ജനാധിപത്യ വിരുദ്ധതയെ മറികടക്കാനുള്ള ഒരു പ്രധാന മണ്ഡലം കുട്ടികളോടുള്ള മുതിർന്നവരുടെ സമീപന നത്തിന്റേതാണ്.

*ജനാധിപത്യവും സവർണതയും*

ഇന്ത്യൻ സമൂഹത്തിൽ എല്ലാ മനുഷ്യരും ഏറിയും കുറഞ്ഞും സവിശേഷ അവകാശങ്ങൾ വഹിക്കുന്നവരാണ്. സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ -ഔദ്യോഗിക -ലിംഗപരം ഒക്കെയായ പദവികളുടെ പേരിലാണ് മിക്കവാറും സവിശേഷാവകാശങ്ങൾ സാധ്യമാകുന്നത്.
സവിശേഷ പദവികൾ അനുവിക്കുന്നതോടൊപ്പം മിക്കവാറും പേരും അധമപദവികൾ അനുഭവിക്കാനും നിർബന്ധിതരാണ്. ശ്രേണീകൃത അസമത്വത്തെ മനസ്സാ വഹിക്കുന്ന സമൂഹത്തിന് ഇതൊക്കെ സ്വാഭാവികമായാണ് അനുഭവപ്പെടുക. തനിക്ക് ലഭിക്കുന്ന സവിശേഷാവകാശങ്ങളായാലും അതു വഴി മറ്റുള്ളവർ അനുഭവിക്കേണ്ടിവരുന്ന അധമ പദവികളായാലും രണ്ടും സ്വാഭാവികവമാണ്   എന്ന ബോധത്തെ ഇവിടെ നമുക്ക് "സവർണത" എന്ന്  വിളിക്കാം.  ജീവിതത്തിൽ പല സന്ദർഭങ്ങളിലും അധമപദവി അനുഭവിക്കാൻ നിർബന്ധിതമാകുന്ന വർ ഉൾപ്പെടെ എല്ലാ ഇന്ത്യക്കാരും ഏതെങ്കിലും സന്ദർഭത്തിൽ മേൽ പറഞ്ഞ സവർണത   സ്വയം അണിയുന്നവരാണ്. ജീവിതത്തിന്റെ പല മണ്ഡലങ്ങളിലും അധമപദവി അനുഭവിക്കാൻ നിർബന്ധിതമാകുന്ന ഒരു പുരുഷൻ  സ്വന്തം വീട്ടിൽ സ്ത്രീയുടെ മുന്നിൽ ആയിരിക്കാം മേൽ പറഞ്ഞ സവർണ്ണത എടുത്ത് അണിയുന്നത്. അവിടെ  അധമപദവി അനുഭവിക്കേണ്ടി വരുന്ന  ആ സ്ത്രീ  ഒരുപക്ഷേ കുട്ടികളുടെ മുന്നിലോ ഇതര സംസ്ഥാന തൊഴിലാളികളുടെ മുന്നിലോ മറ്റേതെങ്കിലും അനുകൂല സാഹചര്യത്തിലോ മേൽപറഞ്ഞ സവർണത എടുത്ത് അണിഞ്ഞേക്കാം. ഈ അർത്ഥത്തിൽ സവർണത സമൂഹത്തിന്റെ എല്ലാ കോശങ്ങളിലും നൂറ്റാണ്ടുകളായി തുടരുന്ന ഒരു വൈറസ് ആണ്. 
പഴയ അതേ രൂപത്തിൽ പ്രവർത്തിക്കാവുന്ന ഇടങ്ങളിൽ തനത് രൂപത്തിലും ആധുനിക പരിസരങ്ങളിൽ അതിനിണങ്ങിയ രൂപത്തിലും  സവർണത എന്ന വൈറസ് പ്രവർത്തിക്കുന്നു.
ജനാധിപത്യത്തിന്റെ അടിത്തറയായ തുല്യത എന്ന സങ്കൽപ്പത്തെ അടിമുടി പ്രതിരോധിക്കുന്ന ഒന്നാണ്  മേൽപറഞ സവർണത എന്ന വൈറസ്.
ജനാധിപത്യത്തിനായുള്ള സൂക്ഷ്മ സമരങ്ങൾ ഈ അർത്ഥത്തിൽ  സവർണക്കെതിരെയുള്ള സമരങ്ങൾ കൂടിയാണ്.  അധമ പദവികൾ സൃഷ്ടിക്കുന്ന ജനാധിപത്യവിരുദ്ധ സാഹചര്യങ്ങൾക്കെതിരായ  സമരങ്ങൾക്കൊപ്പം സവിശേഷാവകാശങ്ങളുടെ രൂപത്തിലുള്ള സവർണത സ്വയം കുടഞ്ഞെറിയാനുള്ള സമരങ്ങളും ചേർന്നാണ് ജനാധിപത്യവൽക്കരണത്തിനായുള്ള സൂക്ഷ്മസമരങ്ങളെവികസിപ്പിക്കുക.

ജനാധിപത്യത്തിൽ നിന്നും അകലുന്ന സമൂഹങ്ങൾ എളുപ്പത്തിൽ ഫാസിസത്തിന് വിധേയമായേക്കും.. ജർമനിയിലെ നാസിസത്തിന്  അനുമതി നൽകുകയും അതിനെ പോഷിപ്പിക്കുകയും ചെയ്ത സമൂഹം നമ്മുടെത് പോലുള്ള സാധാരണ മനുഷ്യർ അടങ്ങിയ ഒരു സമൂഹമായിരുന്നു. ജനാധിപത്യത്തിൽ നിന്നും അകലുമ്പോൾ സാധാരണ മനുഷ്യർ തന്നെയാണ് ഫാസിസത്തിന്റെ കുഴലൂത്ത്കാരായി പരിണമിക്കുന്നത്.
കൂടുതൽ കൂടുതൽ ജനാധിപത്യം എന്നതാണ് അതിനുള്ള പോംവഴി.
ഭരണകൂടങ്ങൾ മുതൽ സംഘടനകൾ, കുടുംബങ്ങൾ വ്യക്തിബന്ധങ്ങൾ തുടങ്ങി സമൂഹത്തിന്റെ എല്ലാ  സൂഷ്മ കോശങ്ങളും  വരെ എത്തുന്ന ജനാധിപത്യവൽക്കരണത്തിന് ആക്കം കൂട്ടുക എന്നതാണ് ഈ സന്ദർഭത്തിൽ  കരണീയമായിട്ടുള്ളത്.

വൈപുല്യമുള്ളതും ആഴമേറിയതുമായ ഈ സാമൂഹ്യ പ്രക്രിയയിൽ കാര്യകാരണബോധത്തിന്, സയൻസിന്, സയൻസിന്റെ സംസ്കാരത്തിന് ഒക്കെ
ചെറുതല്ലാത്ത പങ്ക് വഹിക്കാനുണ്ട്.
………………………………. ……....

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)