എരി. - പറയൻ എരിയുടെ ചരിത്രം ....പ്രദീപൻ പാമ്പിരിക്കുന്നിന്റെ"എരി " എന്ന നോവലിനെ പരിചയപ്പെടുത്തുന്നു - സുധീഷ് അമ്മവീട്

പ്രദീപൻ പാമ്പിരിക്കുന്നിന്റെ

"എരി " എന്ന നോവലിനെ പരിചയപ്പെടുത്തുന്നു

               - സുധീഷ് അമ്മവീട്


പ്രദീപൻ പാമ്പിരിക്കുന്നിന്റെ ഒരു ഗവേഷണ സഞ്ചാര സാഹിത്യം എന്ന നിലയിൽ എഴുതപ്പെട്ട ഒരു നോവലാണ് എരി ….

ചരിത്രമില്ലാത്തവരുടെ ചരിത്രമായി ഇതിനെ പ്രദീപൻ പാമ്പിരിക്കുന്ന് ഇതിനെ സാക്ഷ്യപ്പെടുത്തുന്നു.

ഓരോ ദേശവും അതിന്റെ നിർമ്മിതിയുടെ ചരിത്ര വഴികൾ പരിശോധിച്ചാൽ അതിന് വളമായി അലിഞ്ഞുചേർന്ന ഒട്ടനവധി പേരുടെ ജീവിതങ്ങളുണ്ടാകും അവരുടെ പേരുകൾ എവിടെയെങ്കിലും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടാകണമെന്നില്ല …. സ്തൂപങ്ങളോ മണ്ഡപങ്ങളോ സ്ഥാപിക്കപെടണമെന്നില്ല...

എന്നാൽ അതിന്റെ ഓർമ്മകളുടെ ഒരു തലപിടിച്ചുനടന്നാൽ കഥകളായും മിത്തുകളായും ചിലർ വെളിച്ചപ്പെടും. അങ്ങനെ ഒരു നാടിന്റെ ഓർമ്മകളുടെ ആഴങ്ങളിൽ കൊത്തിവെക്കപ്പെട്ട ഒരു അടയാളമാണ് പറയൻ എരി ....!

പറയൻ എരി ഒരു സാധാരണ ആളല്ല ചില സവിശേഷതകളാലാണ് അവർക്കിടയിൽ അയാളിപ്പോഴും ജീവിച്ചിരിക്കുന്നത്. 

ചിലർ ഭയത്തോടെ ചിലർ അത്ഭുതത്തോടെ ചിലർ സ്നേഹത്തോടെ മറ്റു ചിലർ ആരാധനയോടെ അങ്ങനെ ഒരു നാട് മുഴുവൻ എരിയെ കുറിച്ചുള്ള വർത്തമാനങ്ങളാൽ രാപകലുകൾ തീർത്ത കഥ ....

മനുഷ്യനു കഴിയാവുന്നതിലപ്പുറമുള്ള ചില അനുഭവങ്ങൾക്ക് ഹേതുവായി അവർ എരിയെ ഓർത്തെടുത്തു. ചിലരുടെ സങ്കടങ്ങളെ എരിച്ചു കളഞ്ഞത് ചില ജീവിതങ്ങൾക്ക് വെളിച്ചം കൊടുത്തതിന് ചില ഭ്രാന്തുകൾ മാറ്റിക്കൊടുക്കാതെ അവരുടെ ഭ്രാന്തുമായി അവരെ ജീവിക്കാൻ വിട്ടതിന് അങ്ങനെ നൂറു നൂറു കാരണങ്ങൾ ഉണ്ട് അവർക്ക് എരിയെ ഓർത്തു വെക്കാൻ ....

 ആ നാടിനെ ആ നാടാക്കി തീർത്ത നിരന്തരങ്ങളായ പോരാട്ടങ്ങളെ നയിച്ച എരി അവർക്ക് ദൈവം എന്നതിനുപ്പുറം മറ്റെന്തോ ആയി തീർന്നിരുന്നു. ഒരർത്ഥത്തിൽ ദൈവങ്ങൾക്ക് കഴിയാത്തത്എരി അവർക്ക് ചെയ്തു കൊടുത്തു. നാടിന്റെ സംഘർഷങ്ങളെ , വൈരുദ്ധ്യങ്ങളെ എരി എത്ര സമർത്ഥമായാണ് സമവായങ്ങളിലെക്കെത്തിച്ചത്. അയ്യങ്കാളിക്കും ഗുരുവിനും മുൻപ് ഒരു ജനതയെ ആത്മബോധമുള്ളവരാക്കി മാറ്റാൻ , നിവർന്നു നിൽക്കാൻ പഠിപ്പിച്ചു കൊണ്ട് എരി നടത്തിയ പോരാട്ടം പക്ഷേ കേരളത്തിന്റെ നവോത്ഥാന പാഠപുസ്തകങ്ങളിൽ കാണാനാകില്ല. എന്നാൽ ഒരു നാടിന്റെ ഹൃദയമിടിപ്പ് കാതോർത്താൽ എരി എന്ന പേര് തുടിച്ചുക്കൊണ്ടിരിക്കും. എരിയെക്കുറിച്ചുള്ള ഗവേഷണത്തിനിടയിൽ പ്രദീപൻ കണ്ടെത്തിയ ഓരോ ആളുകളുടെയും വംശ പരമ്പരയിലെവിടെയോ എരി നടത്തിയ ചില തിരുത്തലുകൾ കാണാം അത്തരത്തിൽ ചെറുതും വലുതുമായ തിരുത്തലുകളാണ് ഒരു നാടിന് പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും പാഠങ്ങങ്ങൾ പകർന്നു നൽകിയത്.

                     എരി എന്ന നോവലിന്റെ അവസാന അദ്ധ്യായങ്ങളിൽ ക്രമംതെറ്റിയ ഉള്ളടക്കങ്ങൾ കാണാം. എരിയുടെ മരണത്തിനെ കുറിച്ച് രേഖപ്പെടുത്തിയ അദ്ധ്യായത്തിനുശേഷവും ചില ആളുകളിൽ നിന്ന് എരിയെക്കുറിച്ചുള്ള ഓർമ്മകൾ കണ്ടെടുത്ത് വിവരിക്കുന്നതായി കാണാം. അത് അതിനു മുൻപാകാമായിരുന്നില്ലേ എന്ന ചോദ്യം ബാക്കിയുണ്ട്. അത് പക്ഷേ പ്രദീപൻ നടത്തിയ സത്യസന്ധമായ അന്വേഷണത്തിന്റെ പകർത്തെഴുത്തുമാകാം അങ്ങനെയല്ലെങ്കിൽ അത് തിരുത്താൻ നമുക്ക് ആവശ്യപ്പെടാൻ കഴിയില്ലല്ലോ. തന്നിൽ ഏൽപ്പിക്കപ്പെട്ട എരിയുടെ ചരിത്രമെഴുതുക എന്ന ദൗത്യം ഭംഗിയായി നിർവ്വഹിച്ച് പ്രദീപൻ പാമ്പിരിക്കുന്ന് എന്ന അവദൂതൻ ഭൂമിയിൽ നിന്നു മടങ്ങി. ചരിത്രം ഇല്ലാത്തവരുടെ ഒരു ചരിത്രം രചിച്ച എരി എന്ന നോവൽ പ്രദീപൻ പാമ്പിരിക്കുന്നിന്റെ ആദ്യത്തെ നോവലായിരുന്നു. നിർഭാഗ്യവശാൽ അവസാനത്തേതും…..

                 - സുധീഷ് അമ്മവീട്

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)