കളരി പറമ്പ് ഗ്രാമീണ വായനശാലയുടെ"വായനയുടെ ലോകം" വാട്സ് ആപ്പ് കൂട്ടായ്മ സംഘടിപ്പിക്കുന്ന100 കഥകളുടെ വായന

കളരി പറമ്പ് ഗ്രാമീണ വായനശാലയുടെ
"വായനയുടെ ലോകം" വാട്സ് ആപ്പ് കൂട്ടായ്മ സംഘടിപ്പിക്കുന്ന
100 കഥകളുടെ വായന
ഇന്ന് 50ാം ദിവസം

പി.എസ് റഫീക്ക് എഴുതിയ ഗുജറാത്ത് എന്ന കഥയാണ് ഇന്ന് അവലോകനത്തിനായ് തെരഞ്ഞെടുത്തിരിക്കുന്നത്
അവതരണം:  എം.എസ്.ദിലീപ് 

ചർച്ചയിൽ കഥാകാരൻ പി.എസ്. റഫീക്കിന്റെ സാന്നിദ്ധ്യവും ഇന്നത്തെ
സർഗ്ഗ സംവാദത്തിന് മാറ്റുകൂട്ടും

കോവിസ് 19 പശ്ചാത്തലത്തിൽ മുൻപെങ്ങുമില്ലാത്ത വിധം ലോകം ഭയപ്പാടിന്റെയും ആശങ്കയുടെയും നിഴലിലാണ്. ഈ മഹാദുരന്തത്തെ നേരിടാൻ മനുഷ്യൻ സർവ്വ സന്നാഹങ്ങളുമായ് പോരാട്ടം തുടരുകയാണ്.സാമൂഹ്യ അകലം പാലിച്ച് മാനസീകമായി ഐക്യപ്പെട്ടുകൊണ്ട് ലോകത്തിന്റെ എല്ലാ കോണിലെയും ജനങ്ങളുടെ സഹനത്തിനും അതിജീവനത്തിനും വേണ്ടി മനുഷ്യരാശി ജാഗ്രതയോടെ അത്യന്തം കരുതലോടെ ഇരിക്കുന്നു. രോഗത്തിന്റെ വ്യാപനം തടയുവാൻ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ നിഷ്കർഷിച്ച ലോക്ക് ഡൗണിലൂടെയാണ് നാം കടന്നുപോകുന്നത്. കൂട്ടുകൂടാനും ചേർന്നു നിൽക്കാനുമുള്ള മനുഷ്യന്റെ നൈസർഗ്ഗീകമായ ആഗ്രഹങ്ങളെ ഇത് കുറച്ചൊന്നുമല്ല ബാധിച്ചത്. ജോലി, അതിലൂടെ നമ്മൾ ഇടപെട്ട സാമൂഹിക ബന്ധങ്ങൾ, യാത്രകൾ ,സൗഹൃദങ്ങൾ നാം നേടിയ സാമ്പത്തീക സുരക്ഷിതത്വം എല്ലാം ഒരു ദിവസം റദ്ദു   ചെയ്യപ്പെടുമ്പോൾ ഒരു സാമൂഹിക ജീവി എന്ന നിലയിലുള്ള മനുഷ്യന്റെ താളം തെറ്റി വിഭ്രാന്തിയിലേക്കും ഭയപ്പാടിലേക്കും വീണുപോയി. അവിടെ നിന്നും അവനെ സ്വാഭാവികതയിലേക്ക് വീണ്ടെടുക്കാൻ സർഗ്ഗാത്മക ആവിഷ്ക്കാരങ്ങൾക്കേ കഴിയൂ. പുസ്തകങ്ങളുടെ ലോകത്തേക്ക് അവൻ സ്വാഭാവികമായും കൂടുതൽ അടുത്തു.
കൈവിട്ടു പോയ വായനാ ശീലം തിരികെ പിടിച്ചു. മനുഷ്യൻ ക്രമേണ അവരവരുടെ തുരുത്തുകളിൽ ഇരുന്നു കൊണ്ട് തന്നെ അതിരുകളില്ലാത്ത ലോകത്തോട് സംവദിക്കാൻ തുടങ്ങി. നൂതന സാമൂഹ്യ മാധ്യമങ്ങളുടെ സഹായത്താൽ അവരവർ കുടിയിരിക്കുന്ന തുരുത്തുകളെ ചേർത്തു കെട്ടാൻ തുടങ്ങി അങ്ങനെ അവനെത്ര സുന്ദരമായാണ് ഈ ലോക്ക് ഡൗൺകാലത്തെ അതിജീവിക്കുന്നത്.
          കളരിപ്പറമ്പ് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിലുള്ള *വായനയുടെ ലോകം* എന്ന വാട്സ്അപ്പ് കൂട്ടായ്മ സർഗ്ഗാത്മകമായ അതി ജീവനത്തിന്റെ പുതിയൊരു ഇടമാകുന്നു. ലോക്ക് ഡൗൺ കാലത്ത് ഇരുനൂറിലേറെ ആളുകൾ അവരവരുടെ വീടുകളിലിരുന്ന് വിവിധങ്ങളായ പുസ്തകങ്ങൾ വായിക്കാനും അതിനെ ക്രിയാത്മകമായി ചർച്ച ചെയ്യാനുമുള്ള ഒരു വേദിയായി ഇതിനെ പരിവർത്തനം ചെയ്തു.സർഗ്ഗാത്മകമായ സംവാദങ്ങളാൽ സജീവമായ കൂട്ടായ്മ ഇതിനോടകം അമ്പതോളം പുസ്തകങ്ങൾ വളരെ ആഴത്തിലുള്ള വിശകലനങ്ങൾക്ക് വിധേയമാക്കിക്കഴിഞ്ഞു.           കേരളത്തിന്റെ സാഹിത്യ ലോകത്ത് സജീവമായി ഇടപെടുന്ന ഒത്തിരിപ്പേർ ഈ ഗ്രൂപ്പിന്റെ ഭാഗമാണ് , അവർ നല്കിയ  ആത്മവിശ്വാസത്തിന്റെയും പിന്തുണയുടെയും ബലത്തിൽ ആദ്യമായി പുസ്തക അവലോകനത്തിന് തയ്യാറെടുത്തവർ പോലും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് നമ്മുടെ പ്രമുഖ സാഹിത്യകാരന്മാരുടെ പുസ്തകങ്ങളെ വിശകലനം ചെയ്തത് .കൂട്ടായ്മയിലെ വലിയ അക്കാദമിക പരിജ്ഞാനമില്ലാത്തവർ പോലും കഥാവലോകനത്തിൽ  പുലർത്തിവരുന്ന ഭാഷാപരമായ ഔന്നിത്യം അത്ഭുതപെടുത്തുന്നതാണ് . 
കവികളായ സച്ചിദാനന്ദൻ മാഷ് , ആലങ്കോട് ലീലാകൃഷ്ണൻ , കഥാ കാരന്മാരും നോവലിസ്റ്റുകളുമായ സുഭാഷ് ചന്ദ്രൻ ,കെ .ആർ മീര അജയ് പി. മങ്ങാട്ട് എന്നിവർ ഇതിനോടകം തന്നെ വാട്സ് അപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ സർഗ്ഗാത്മകസംവാദങ്ങളോട് ഐക്യപ്പെടുകയും ആശംസകൾ നേരുകയും ചെയ്തു.
മലയാള സാഹിത്യത്തിലെ ശ്രദ്ധിക്കപ്പെട്ടതും അല്ലാത്തതുമായ നിരവധി കഥകളെ ഇഴകീറി പരിശോധിച്ചു കൊണ്ടുള്ള അവലോകനം തുടർച്ചയായ 25 ദിവസങ്ങൾ പിന്നിടുമ്പോൾ അംഗങ്ങളുടെ ചിന്താശേഷിയെയും സർഗ്ഗ ബോധത്തെയും എത്രമേലത് ഉയർത്തിയിട്ടുണ്ടെന്ന് അനുദിനമുള്ള അവരുടെ പ്രതികരണങ്ങളിൽ നിന്ന് ബോധ്യമാകും.
മാധവിക്കുട്ടി, ഗ്രേസി, കെ.ആർ മീര, സാറാ ജോസഫ് എന്നിങ്ങനെയുള്ള പെൺ സ്വത്വ രാഷ്ട്രീയത്തെ ഉയർത്തി പിടിച്ച എഴുത്തുകാരികളുടെ പ്രശസ്തമായ രചനകളെ വിലയിരുത്തി കൊണ്ട് വനിതാ കൂട്ടായ്മയിലെ പ്രവർത്തകർ സംസാരിച്ചത് കഥയുടെ ഇതുവരെ മറ്റാരാലും ചർച്ച ചെയ്യപ്പെടാത്ത വ്യത്യസ്തങ്ങളായ മാനങ്ങളെ കുറിച്ചാണ്.
കാരൂർ, ഒ .വി.വിജയൻ , എൻ.എസ് മാധവൻ, ആന്റൺ ചെക്കോവ് , സുഭാഷ് ചന്ദ്രൻ , സുസ്മേഷ് ചന്ദ്രോത്ത് ,ടി.പത്മനാഭൻ , വൈക്കം മുഹമ്മദ് ബഷീർ  തുടങ്ങിയ മലയാള കഥാലോകത്തെ അനിഷേധ്യ സാനിധ്യങ്ങളായ നിരവധി കഥാകാരൻമാരുടെ കഥകളുടെ ഉള്ളറകൾ തേടി കൂട്ടായ്മയിലെ അംഗങ്ങൾ സർഗ്ഗാത്മകമായി കലഹിച്ചു.
ലോക്ക് ഡൗൺ കാരണം കളിയിടങ്ങൾ പോലും നിഷേധിക്കപ്പെട്ട കൊച്ചു കുട്ടികൾക്ക് വേണ്ടി ഇതിനോടൊപ്പം *കുട്ടി വായന* എന്ന ഗ്രൂപ്പും വളരെ സജീവമായി നടക്കുന്നു. നാലാം ക്ലാസുമുതൽ ഹയർ സെക്കന്ററി വരെയുള്ള കൊച്ചു കൂട്ടുകാർ തകഴിയുടെയും ബഷീറിന്റെയും ചെക്കോവിന്റെയും പൗലോ കൊയ്ലോയുടെയും തുടങ്ങിയ പ്രശസ്ത എഴുത്തുകാരുടെ നിരവധി പുസ്തകങ്ങളെ ഇതിനോടകം പരിചയപ്പെടുത്തി കഴിഞ്ഞു. വലിയ കൂട്ടായ്മയിലെ അംഗങ്ങളെ പ്പോലും അത്ഭുതപ്പെടുത്തുന്ന അവലോകനങ്ങളാൽ കുട്ടി വായനയും സമൃദ്ധമാണ്.
പ്രാദേശിക എഴുത്തുകാരും വിദ്യാഭ്യാസ പ്രവർത്തകരും കുട്ടികളോട് പുസ്തകങ്ങളെക്കുറിച്ചും വായനയെന്ന അത്ഭുതം മനുഷ്യമനസുകളിൽ സംഭവിപ്പിക്കുന്ന അത്‌ഭുതങ്ങളെക്കുറിച്ചും സംസാരിച്ചു കൊണ്ട് ഓരോ ദിവസവും ഗ്രൂപ്പിൽ അതിഥിയായെത്തി.       കുട്ടികളോടൊപ്പം രക്ഷിതാക്കളും സജീവമായി ഇടപെടുന്നതു കൊണ്ട് ഓരോ വീടുകളും പുസ്തക വർത്തമാനങ്ങളാൽ തിരക്കിലായി. കൊറോണക്കാലത്തെ ദുരിതങ്ങളും സഹനങ്ങളും അത്യന്തം സർഗ്ഗാത്മകമായി അതിജീവിച്ച ഒരു കൂട്ടായ്മയെന്ന് ചരിത്രത്തിൽ ഇതിനെ രേഖപ്പെടുത്താം.
             - സുധീഷ് അമ്മവീട്

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)