ആന ബസ്സ്‌


ആന ബസ്സ്‌
..........................

എത്ര ഗൗരവമായയാത്രക്കിടയിലും
അയാള്‍ ആര്‍ത്തു വിളിയ്ക്കും
ആന ബസ്സ്... ആന ബസ്സ്

എന്നിട്ട് ഒന്നുമറിയാത്ത പോലെ
തലകുനിച്ചു നടക്കും
കണ്ണില്‍ ഒളിപ്പിച്ചസ്വകാര്യം
ആരും കാണാതെതുടച്ചു കളയും

ഇടതു വശത്തെ
മൂന്നാമത്തെ സീറ്റില്‍
ഉണങ്ങിയ ഒരു മുല്ലപ്പുപോലെ...
തമ്മിലുരുമ്മിയിരുന്ന
യാത്രയുടെ സുഗന്ധം
അവിടെ ബാക്കിയുണ്ടെന്ന്‌
അയാള്‍ക്കറിയാം

എയര്‍ബസ്സുകളുടെ കാലത്തും
പൊടിപിടിച്ചൊരു ആനബസ്സ്‌....!
അയാള്‍ക്കത്‌
പഴയഓര്‍മ്മകളുടെ
സ്മാരകമായിരിക്കും

പറഞ്ഞു പറഞ്ഞിരിക്കെ
പറന്നിറങ്ങുംപോലെ
ഒരു ആനബസ്സ്‌.......

ചാടിപിടിച്ച്‌ തിക്കിതിരക്കി
ഇരന്നു വാങ്ങി
ആ മൂന്നാമത്തെ സീറ്റില്‍
പാതിചന്തി വെക്കാനൊരിടം...

മറന്നു വെച്ചതെന്തോ
തിരിച്ചു കിട്ടിയപോലെ
അയാൾ പൂത്തുലഞ്ഞു

ഒന്നുറപ്പ്‌
പ്രിയപ്പെട്ട എന്തോ രഹസ്യം
അയാളവിടെ
ഒളിപ്പിച്ചുവെച്ചിട്ടുണ്ട്‌

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)