പാട്ടബാക്കി - അത് ഒരു സമര രൂപമാണ് - സുധീഷ് അമ്മവീട്
പാട്ടബാക്കി എന്നത് വെറുമൊരു ഓർമ്മയല്ല
അനീതിയോട് കയർക്കാൻ
ഒരു ജനതയെ പഠിപ്പിച്ച
സമര പരിപാടിയുടെ പേരാണ് …
ഫ്യൂഡലിസത്തിന്റെയും
മുതലാളിത്തത്തിന്റേയും
നീരാളി കൈകൾ
അടിത്തട്ടിലെ ജനങ്ങളെ വരിഞ്ഞു
മുറുക്കിയപ്പോൾ
കൊടു പട്ടിണിയും
ഭീകരമായ അനീതിയും മൂലം
അവർ പൊറുതി മുട്ടിയപ്പോൾ
അവർ അവർക്കിടയിൽ നിന്നും
ഒരു സമരമരത്തെ
മുളപ്പിച്ചെടുത്തു
അതിന്റെ പൂക്കൾ ചുവന്നു തുടുത്തു
അടിത്തട്ടിലെ ജനങ്ങളിൽ
അധികാരമെത്തിക്കും വരെ
അവരുടെ കണ്ണിലെ ആധിയൊടുങ്ങും
വരെ …
നീതിയും സമത്വവും അത്രമേൽ
പുലരും വരെ
പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരുന്നു….
ഇന്ന് കാലം മറ്റൊരു രീതിയിൽ
ഇതാ തിരിച്ചു വരുന്നു
മുതലാളിത്തവും ഭരണകൂടവും
കൈകോർക്കുന്നു…..
ജാതി മേൽക്കോയ്മയെ
വീണ്ടെടുത്ത്
ഫ്യൂഡൽ ബോധത്തെ
സാധാരണ ജീവിത
വ്യവഹാരങ്ങളുടെ ഭാഷയാക്കി
മാറ്റുന്നു
പോരാട്ടങ്ങളിലൂടെ നമ്മൾ നേടിയെടുത്ത
പുരോഗമനവും
ജനാധിപത്യപരവുമായ
നവോത്ഥാന ആശയങ്ങൾ
നിഷ്ക്കരുണം നിഷേധിക്കുന്നു
അനീതിയും അസമത്വവും
അതിന്റെ ഏറ്റവും ഭീകരതയിൽ
നമ്മെ ചൂഴ്ന്നു നിൽക്കുമ്പോൾ
പാട്ടബാക്കി
ഒരു സമരായുധമാണ്
കാലാനുസൃതമായ ഇടപെടലുകളാൽ
രാകിമിനുക്കി
പുതിയ കാലത്തിനോട്
കലഹിക്കാൻ
പാട്ടബാക്കിക്ക് കഴിയും
ഒരർത്ഥത്തിൽ
നമ്മൾ ഇന്ന് നേടിയെടുത്തതെല്ലാം നമ്മുടെ വെറുതെ കൈ വെളളയിലേക്ക് വന്നു ചേർന്നതല്ലെന്നും
നിരവധി പേരുടെ
സഹന സമരങ്ങളുടെ ,
ഒടിഞ്ഞ അസ്ഥികളുടെ ,
ലോക്കപ്പു കളിലും
സമരഭൂമിയിലും ഒടുങ്ങിയവരുടെ
രക്തസാക്ഷിത്വം കൊണ്ടാണ്
എന്ന ഓർമ്മപ്പെടുത്തലെങ്കിലും
വളരെ പ്രധാനമാണ് …
ചുരുങ്ങിയപക്ഷം ട്രെയ്ഡ് യൂണിയൻ
പ്രവർത്തനങ്ങൾ വികസനത്തിന്
തുരങ്കം വെക്കലാണെന്ന്
പറഞ്ഞു പരത്തുന്നവർ …
ഇടതുപക്ഷക്കാർ
വികസന വിരോധികളാണെന്ന്
മുദ്രകുത്തുന്നവർ
ഭൂതകാലമെന്തായിരുന്നു എന്ന
അറിവില്ലായ്മയുടെ -
നിങ്ങളെങ്ങനെ
നിങ്ങളായി എന്ന ചരിത്ര നിഷേധത്തിന്റെയും
മൗഢ്യത്തിന്റെയും പേരാണ്
ഇടതുപക്ഷ വിരോധമെന്ന്
തിരിച്ചറിയണം …
നമുക്കും ചുറ്റും
അനീതികൾ ഇങ്ങനെ
വളർന്ന് പന്തലിക്കുമ്പോൾ
കോർപ്പറേറ്റുകൾ
ചൂഷണത്തിന്റെ ക്രൂര രൂപം പൂണ്ട്
നമ്മളെ ഭയപ്പെടുത്തുമ്പോൾ
പാട്ടബാക്കി നാടകം
പ്രസക്തമാണ് ….
ഒരു സമര രൂപമാണ് …
മാർക്സിസ്റ്റ് സൈദ്ധാന്തികനും
ദാർശനീകനുമായ
കെ ദാമോദരൻ എഴുതിയ നാടകം
ഒരു കാലത്തിന്റെ മണൽത്തരികളെ
പോലും
കൊടി പിടിപ്പിച്ച നാടകം
പാട്ടബാക്കി….
കിട്ടുണ്ണി എന്ന ഒരു പാട്ട കുടിയാൻ കാലവർഷ കെടുതിയാൽ കൃഷി നാശം സംഭവിച്ച് കഷ്ടതയിലാകുന്നു. അതെ മുതലാളിയുടെ ഫാക്ടറിയിലെ ജോലിക്കാരനുമാണ് കിട്ടുണ്ണി . പാട്ടത്തിന്റെ ബാക്കി കൊടുക്കാൻ തരമില്ല എന്നു മാത്രമല്ല, കൊടും പട്ടിണിയിലുമാണ്. അമ്മയും അനുജത്തിയും അനുജനുമടങ്ങുന്ന കുടുംബത്തിന് ഒരേയൊരു ആശ്രയമാണ് കിട്ടുണ്ണി . മുതലാളിത്തത്തിന്റെ കൈപിടിയിലാണ് എല്ലാ ഉൽപാദന സംവിധാനങ്ങളും . വ്യാവസായ ശാലകളിൽ നടക്കുന്ന ക്രൂരമായ ചൂഷണം ജൻമി കുടിയാൻ
ചൂഷണത്തിന്റെ തുടർച്ചതന്നെ ...
ന്യായമായ കൂലി കിട്ടാതെ പണിയെടുക്കുന്ന തൊഴിലാളികളുടെ വീടുകൾ മിക്കവാറും പട്ടിണി തന്നെ.
പാട്ടത്തിന്റെ ബാക്കി പിരിക്കാൻ വരുന്ന
കാര്യസ്ഥൻ രാമൻ നായർ തന്റെ പെങ്ങളെ അസഭ്യം പറയുന്നതിന്
കിട്ടുണ്ണി അയാളെ അടിക്കുന്നു ... കൊടും പട്ടിണിയിലായ തന്റെ കുടുംബത്തിെന് ഒരു നേരത്തെ
ആഹാരത്തിനു വേണ്ടി കിട്ടുണ്ണി മോഷ്ടിക്കാൻ വിധേയനാകുകയും പിടിക്കപ്പെടുകയും ചെയ്യുന്നു.
പാട്ടബാക്കി കൊടുക്കാനില്ലാതെ പെരുവഴിയിലാകുന്ന കുടുംബം .
ഒടുവിൽ കിട്ടുണ്ണിയുടെ സഹോദരിക്ക്
തന്റെ ശരീരം വിൽപ്പനയ്ക്ക് വെക്കേണ്ടി വരുന്നു.... ചൂഷണ വ്യവസ്ഥയാണ് തങ്ങളുടെ കുടുംബം ഈ അവസ്ഥയിലേക്ക് തള്ളിയിടപ്പെട്ടത്.
ഇത് തങ്ങളുടെ മാത്രം കഥയല്ല ... ഒരു സമൂഹം നേരിടുന്ന, ഭൂമുഖത്തെ ചൂഷണത്തിന് ഇരയാക്കപെടുന്ന എല്ലാ മനുഷ്യരുടെയും കഥയാണ് ...
ഇതിന് അറുതി വരുത്താൻ
സമര രംഗത്തേക്ക് ഇറങ്ങുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല.....
EMS ന്റെ നിർദ്ദേശപ്രകാരമാണ് കെ ദാമോദരൻ 1937-1938 കാലത്ത് ഈ നാടകം രചിക്കപ്പെടുന്നത്. കേരളത്തിന്റെ മുക്കിലും മൂലയിലും ഈ നാടകം അരങ്ങേറി ... ഈ നാടകം ഒരു സഞ്ചരിക്കുന്ന ക്ലാസ്സു മുറി പോലെ കേരള ജനതയെ രാഷ്ട്രീയം പഠിപ്പിച്ചു.
- സുധീഷ് അമ്മവീട്
Comments
Post a Comment