തല കുത്തി മറിഞ്ഞു കളിക്കുന്ന മൂന്നു വൃദ്ധൻമാർ
തല കുത്തി മറിഞ്ഞു കളിക്കുന്ന മൂന്നു വൃദ്ധൻമാർ എന്ന അശോകൻ ചരുവിലിന്റെ കഥയെ കുറിച്ച് സുധീഷ് അമ്മവീട്
കാട്ടൂർ കടവിന്റെ എഴുത്തുകാരൻ അശോകൻ ചരുവിൽ. അടിയുറച്ച നിലപാടിൽ നിന്നുകൊണ്ട് കാലത്തോട് സംവദിക്കുകയും കലഹിക്കുകയും ചെയ്യുന്ന ഒരു എഴുത്തുകാരൻ. കഥകളുടെ എണ്ണം കൂട്ടാൻ വേണ്ടി മാത്രം എഴുതാൻ തീരുമാനിച്ച ഒരു എഴുത്തുകാരനല്ല ശ്രീ അശോകൻ ചരുവിൽ എന്നതുകൊണ്ട് അദ്ദേഹത്തിന്റെ ഏതാണ്ട് എല്ലാ കഥകളും താൻ ജീവിക്കുന്ന പ്രദേശത്തെ , കാലത്തെ , സാമൂഹിക രാഷ്ട്രീയ കാലാവസ്ഥയെ പ്രശ്നവൽക്കരിക്കുകയും വിമർശനാത്മകമായി പരിശോധിക്കുകയും ചെയ്യുന്നവയാണ്.
കഥകളെ രാഷ്ട്രീയ ഇടപെടലായും രാഷ്ട്രീയ പ്രവർത്തനമായും കൂടെ കൊണ്ടു നടക്കുന്ന ഒരാളാണ് അശോകൻ ചരുവിൽ മാഷ് .
ഒരു എഴുത്തുകാരൻ അയാൾ ജീവിക്കുന്ന കാലത്തിനെ അഭിസംബോധന ചെയ്ത് കൊണ്ട് അല്ലാതെ എഴുത്തു ജീവിതവും സാമൂഹിക ജീവിതവും സത്യസന്ധമായി മുന്നോട്ട് കൊണ്ടുപോകാനാവില്ല.
കാലത്തിന്റെ നെറികേടുകളോട് അനീതികളോട് സന്ധിചെയ്യാനാവാതെ നിരന്തരം സംഘർഷഭരിതമായ ഒരു മനസു പേറുന്ന ഒരു എഴുത്തുകാരനാണ് അശോകൻ ചരുവിൽ എന്നത് സാക്ഷ്യപ്പെടുത്തുന്ന ഒട്ടനവധി കഥകൾ അദ്ദേഹത്തിന്റെതായുണ്ട് . പഠിക്കലെ മഠത്തിലെ ബലരാമനും പുതൂർക്കരയും കൽപ്പണിക്കാരനും നോക്കുകൂലിയും കാട്ടൂർ കടവിലെ ക്രൂരകൃത്യവും
കാലത്തോട് ഒപ്പംനടക്കുന്ന ആലോചനകളാണ്.
പഠിക്കലെ മഠത്തിലെ ബാലരാമൻ ഒട്ടനവധി ചർച്ചകൾക്ക് വിധേയമായ ഒരു കഥയായിരുന്നു . എഴുത്തിൽ സത്യ സന്ധത പുലർത്തുക എന്നാൽ താൻ ജീവിക്കുന്ന കാലത്തേയും പ്രദേശത്തേയും അതിന്റെ ചരിത്രത്തേയും സത്യസന്ധമായി സാംശീകരിക്കുകയും പുതിയ കാലത്തോട് സംവദിക്കും വിധം പ്രശ്നവൽക്കരിക്കുകയും ചെയ്യുക എന്നതാണ്. ഓരോ നാടിനും ചരിത്രമുണ്ട്. തികച്ചും പ്രാദേശികമെന്ന് കരുതുന്ന ആ ചരിത്രം അത് ഉൾക്കൊള്ളുന്ന രാഷ്ട്രത്തിന്റെ - ലോകത്തിന്റെ പൊതു സ്വഭാവത്തെ നിർണ്ണയിക്കും വിധം പരമപ്രധാന മാണെന്ന്
നമ്മളിന്നു ചർച്ചക്ക് എടുക്കുന്ന കഥ തലകുത്തിമറിഞ്ഞു കളിക്കുന്ന മൂന്നു വൃദ്ധൻമാർ എന്ന കഥ ഓർമ്മപ്പെടുത്തുന്നു..
അശോകൻ ചരുവിൽ എഴുതിയെഴുതി കാട്ടൂർ കടവ് മലയാളസാഹിത്യത്തിന് പരിചയമുള്ള ഒരു പ്രദേശമായിട്ടുണ്ട്.
അതിനുമാത്രം കഥകൾ ഉറങ്ങുന്ന മണ്ണാണോ കാട്ടൂർ കടവ് എന്ന് നമ്മൾ ആലാചിച്ചേക്കാം എന്നാൽ ഓരോ നാടും കഥകളുറങ്ങുന്ന ഓരോ ഖനികളാണ് അത് പുറത്തെടുക്കാനാകുന്നവർ അവിടെയുണ്ടാകുക എന്നത് പ്രധാനമാണ്.
ഹിന്ദു ഫാസിസം സാധാരണക്കാരുടെ ഉള്ളിൽ വിതയ്ക്കുന്ന ഭയത്തിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെ ചർച്ചക്കെടുക്കുന്നുണ്ട് തല കുത്തിമറിഞ്ഞു കളിക്കുന്ന മൂന്നു വൃദ്ധൻമാർ എന്ന കഥ . പുളിക്കടവ് എന്ന ഒരു ചെറിയ ഇടത്തുനിന്ന് പറയാൻ തുടങ്ങുന്ന ഒരു കഥ ഇന്ത്യൻ സമകാലീന രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന ഹിന്ദു ഭീകരതയും ന്യൂനപക്ഷ വേട്ടയും ചർച്ചക്കെടുക്കുന്നു. പുരോഗമന പക്ഷത്ത് നിലയുറപ്പിച്ചിരുന്ന ഒരു മുസ്ലീം കുടുംബം .അവർ ഒരു കാലത്ത് നാടിന് എത്ര മാത്രം പ്രിയ്യപ്പെട്ടവരായരുന്നു. SNDP സമാജത്തിന്റെ സ്ഥിരം പ്രസിഡണ്ടായിരുന്ന ഒരു ദേശിയ മുസ്ലീം (RSS അവതരിപ്പിക്കുന്ന അബ്ദുള്ള കുട്ടിയെ പോലുള്ള ദേശീയ മുസ്ലീം അത്തരത്തിലുള്ള പ്രയോഗത്തെ അശ്ലീലമാക്കുന്നുണ്ട്.) അവരുടെ മൂന്നു മക്കൾ നാടിന്റെ പുരോഗമന കാഴ്ച്ചപ്പാടുള്ള പ്രവർത്തനങ്ങളിൽ പലപ്പോഴായി ഇടപ്പെട്ടിരുന്നവർ . നാടിന്റെ ചെറുതും വലുതുമായ തലമുറയെ ഒന്നിച്ചിരുത്തുന്ന ഇടമായ ലാബർ ഗ്രൗണ്ടിൽ ഒരു കാലത്ത് വളരെ സജീവമായ സാന്നിദ്ധ്യം.
ഇന്ത്യയിൽ ഒരു സമയത്ത് മാറി വീശിയ ഒരു രാഷ്ട്രീയ കാലവസ്ഥ
എങ്ങിനെയാണ് മതേതരമായി ജീവിച്ചിരുന്ന ഇടങ്ങളെ തകർത്തു കളഞ്ഞത് എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു ഈ കഥ. 1992 ഡിസംബർ 6 ബാബരി മസ്ദഒരു പള്ളി തകർക്കൽ മാത്രമായിരുന്നില്ല ഇന്ത്യയിലെ ഒരു അറ്റം മുതൽ മറ്റേ അറ്റം വരെ പാർക്കുന്ന ഓരോ മനുഷ്യരെയും പരസ്പ്പരം ശത്രുവാക്കുകയും അവന്റെ ഐഡന്റിറ്റി കൊല്ലാനും കൊല്ലപ്പെടാനുമുള്ള ഹേതുവായി മാറ്റപ്പെടുകയും ചെയ്തു.
നാട് അംഗീകരിക്കയും സ്നേഹപരിലാളനങ്ങാളാൽ കൊണ്ടാടുകയും ചെയ്ത ഒരു മതേതര വാദിയ വാപ്പയുടെ മക്കൾ പെട്ടെന്നൊരു ദിവസം പൊതു മണ്ഡലത്തിൽ നിന്നും അപ്രത്യക്ഷരാകുന്നു. വീടിനകത്തു നിന്നു പുറത്തുകടക്കാത അവർ ഒരു വാത്മീകത്തിനുള്ളിൽ ഒളിച്ചിരിക്കുന്നു. ഇത് ആ നാടിന്റെ സ്വഭാവ വ്യതിയാനമായി ആരും തിരിച്ചറിഞ്ഞതേയില്ല. സമനില തെറ്റിയ ഒരു വീട്ടിലെ മൂന്നുപേർ എന്ന നിലയിൽ ഒരു സാധാരണത്വത്തിലേക്ക് അവിടത്തെ നാട്ടുകാർ ആ സംഭവത്തിനെ ചുരുക്കി കെട്ടി.
എന്നാൽ കോവിസ് 19 കാലത്തെ ലോക് ഡൗൺ ഭീതിജനകമായ അന്തരീക്ഷവും പുളിക്കടവിനെയും . വലിയ രീതിയിൽ ബാധിച്ചു. എല്ലാവരും വീട്ടിനകത്തായി. പൊതു ഇടങ്ങൾ ലാബർ ഗ്രൗണ്ട് അടക്കം വിജനമായി . ആ ഒരു കാലത്ത് രാഘവൻ ഒരു കാഴ്ച്ച കാണുന്നു. ലാബർ ഗ്രൗണ്ടിലെ പൂഴി മണലിൽ മൂന്നു വുദ്ധൻ മാർ തല കുത്തിമറിഞ്ഞ് കളിക്കുന്നു.. അത്ഭുതത്തോടെ കാരണം തിരക്കിയ രാഘവനെ അവർ ചില സൂചനകളിലൂടെ അവർക്ക് സംഭവിച്ച മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. രാഘവൻ ഞങ്ങളെ ആക്രമിക്കുകയൊന്നും ചെയ്യില്ലെന്ന് അറിയാമെന്ന് ആശ്വസിക്കുന്നുണ്ട് അവർ. രാഘവന്റെ ഓർമ്മകളിലൂടെ ചില ഭൂതകാലകാഴ്ച്ചകളെ എഴുത്തുകാരൻ ഇന്നിനെയും മൂന്നു വ്യദ്ധൻ മാരുടെ പരിണാമത്തെയും വിശദീകരിക്കുന്നു. ബാബരിമസ്ജിത്ത് തകർക്കപ്പെട്ടത് - ഗുജറാത്തിലെ വംശഹത്യ , കാട്ടൂർ പള്ളിയിൽ ഒരു മത പുരോഹിതൻ മൃഗീയമായി കൊല്ലപ്പെട്ടത്. ഒരു നാടിന്റെ സ്നേഹം മതേതരത അങ്ങിനെ നല്ലത് പലതും അറ്റുപോയത് രാഘവൻ ഓർത്തെടുക്കുന്നത് . ന്യൂനപക്ഷ വേട്ടയാടലുകൾ നിത്യസംഭവങ്ങളാകുന്നത്. ഓരോ നിമിഷവും തങ്ങൾ ദേശീയ വാദികളാണെന്ന് തെളിയിക്കേണ്ട ബാധ്യത ഓരോ മുസ്ളീം ജനതയും പേറേണ്ടിവരുന്ന അവസ്ഥ. ഏതു സമയത്തും മുസ്ലീമായതിന്റെ പേരിൽ ആക്രമിക്കപ്പെട്ടേക്കാവുന്ന ഭയം അതാണ് ആ മൂന്നുപേരെ പൊതുമണ്ഡലത്തിൽ നിന്ന് ആട്ടി പായിച്ച് വീട്ടിനകത്ത് അടച്ചിട്ടത്. അവരെ ചേർത്തു നിർത്തേണ്ട ഒരു സാഹചര്യത്തിൽ പുരോഗമന പക്ഷത്ത് - മനുഷ്യ പക്ഷത്ത് നിലയുറപ്പിച്ചവരും വളരെ ജാഗ്രത പെടേണ്ട ഒരു സമയത്ത് ഉണരാതിരുന്നത് കൊണ്ടാണ് ഭയവിഹ്വലരായി ചിലർ പൊതു മണ്ഡലങ്ങളിൽ നിന്ന് ഒളിച്ചു പോയത്.
NS മാധവന്റെ തിരുത്ത് എന്ന കഥയിൽ പത്രാധിപനായ ചൂലിയാറ്റ് സുഹറയെന്ന സഹപ്രവർത്തകയെ ചേർത്തുപിടിക്കുന്നുണ്ട് -ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന്റെ പിറ്റേ ദിവസത്തേക്കുള്ള പത്ര റിപ്പോർട്ട് തയ്യാറാക്കുമ്പോൾ നടത്തേണ്ടിവരുന്ന ഒരു തിരുത്ത്.
തർക്കമന്ദിരം തകർത്തു എന്ന് എഴുതേണ്ടിവരുന്ന സുഹറയുടെ ഗതികേടിനെ തിരിച്ചറിഞ്ഞ് ഒപ്പം നിന്ന് അവൾ തയ്യാറാക്കിയ കുറിപ്പിനെ അയാൾ ഇങ്ങനെ തിരുത്തി
ബാബരി മസ്ജിദ് തകർക്കപ്പെട്ടു. തർക്ക മന്ദിരം എന്നത് ബാബരി മസ്ജിദ് എന്ന് തിരുത്തുമ്പോൾ സമൂഹത്തെ തിരുത്തി ചിലരെ കൂടെ നിറത്തേണ്ട പ്രക്രിയ്യ ചൂലിയറ്റ് ഏറ്റെടുത്തപ്പോലെ
നമ്മുടെ സമൂഹത്തിൽ ആരും ചെയ്തില്ല. ഇന്ത്യയിലെ മറ്റെവിടെയും എന്ന പോലെ പുളിയൂർ കടവിലും ആരും അത് ഏറ്റെടുത്തില്ല. അതാണത്രെ ഭയം എന്ന വിത്ത് അവിടെ മുളപ്പിച്ചത്. അതാണത്രെ സ്നേഹ നിധികളായ മൂന്നു ചെറുപ്പക്കാരെ പൊതുമണ്ഡലത്തിൽ നിന്നും ആട്ടി പായിക്കാൻ കാരണമായത്.
ബീഫ് ഒരു രാഷ്ട്രീയമാകുന്നത് അത് ന്യൂനപക്ഷ വിരുദ്ധമായ ഒരു വ്രണത്തെ അത് ഉദ്പാദിപ്പിക്കുന്നതുകൊണ്ടാണ്.
വംശം കുലം ശുദ്ധി പവിത്രത എന്നിങ്ങനെയുള്ള പ്രയോഗങ്ങളിലൂടെയും ഉപയോഗങ്ങളിലൂടെയുമാണ് ഫാസിസം അതിന്റെ പ്രചരണ സാധ്യത തുറന്നിടുന്നത്.
ഇന്ത്യ ന്യൂനപക്ഷ വേട്ട തുടങ്ങിയിട്ട് കാലമേറെയായി വിഭജനകാലഘട്ടത്തെ തീവ്രമായി ആവിഷ്ക്കരിച്ച സാദത്ത് ഹസൻ മാന്തോ യുടെ ഗോർദോ എന്ന കഥ ഇന്ത്യ എത്ര ഭീകരമായ രീതിയിൽ സവർണ്ണ വർഗ്ഗീയത കൊണ്ടാടിയ പ്രദേശമാണ് എന്ന് അടയാളപ്പെടുത്തുന്നു.
1981 എന്നത് ഒരു രാജ്യത്തിന്റെ നിയമരൂപികരണത്തിന് അടിസ്ഥാന കാലമാകുന്നത് എന്ത് കൊണ്ട് ഒരു രാജ്യത്ത് പൗരത്വം അനുവദിച്ച് കിട്ടാൻ
മുസ്ലിം ആകുക എന്നത്
ഒരു കുറ്റമാകുന്നതും അയോഗ്യതയുമാകുന്നത് എന്തുകൊണ്ടാണ്.
സംഘ പരിവാർ അജണ്ട നടപ്പിലാക്കിയെടുക്കുവാൻ അവർ എത്ര വിദഗ്ദമായാണ് ഒരു രാജ്യത്തിന്റെ നിതീ ന്യായ വ്യവസ്ഥയെ ഭരണകൂടത്തെ ഉപയോഗപ്പെടുത്തുന്നത്.
മുസ്ലീം ജനതയെ അപരവൽക്കരിക്കുകയും ക്രൂരമായി ആക്രമിക്കാനും വളരെ എളുപ്പത്തിൽ അവർക്ക് കഴിയുന്നു. രാജ്യത്തിന്റെ എത് മുക്കിലും മൂലയിലും അവർക്ക്
ഒരു ന്യൂനപക്ഷ കൊല ആസൂത്രണം ചെയ്യാൻ കഴിയുന്ന ഒരു നെറ്റ് വർക്ക് അവർ സാധിച്ചെടുത്തിരിക്കുന്നു.
അത് കൊണ്ട് ഭീതിക്ക് കിഴടങ്ങി സ്വന്തം മാളത്തിൽ ഒളിച്ചിരിക്കുന്ന അവർ ആളുകൾ പുറത്തിറങ്ങാത്ത ഒരു കോവി ഡ് കാലത്ത് പുറത്തിറങ്ങി ഗ്രൗണ്ടിലിറങ്ങി കളിച്ച് അവരുടെ കളഞ്ഞു പോയ കാലത്തെ തിരികെ പിടിക്കുന്നു. അവർക്ക് അങ്ങനെ ഒളിച്ചിരിക്കേണ്ടി വരുന്നത് ആ നാട്ടിൽ ജീവിക്കുന്ന നമ്മുടെ പരാജയമായിരുന്നു എന്ന് ഈ കഥ നമ്മളോട് പറയുന്നു. ഓർമ്മ പെടുത്തുന്നു. ലാബർ ഗ്രൗണ്ടിൽ നിന്നും അപ്രത്യക്ഷരാകുന്ന അവരുടെ ചിത്രം അസ്വസ്ഥതയോടെ കൂടുതൽ തെളിച്ചത്തോടെ നമ്മുടെ ഉള്ളിൽ കോറിയിടുന്നുണ്ട് ഈ കഥ
അശോകൻ ചരുവിലെന്ന അസാമാന്യ എഴുത്തുകാരന്റെ ഈ കഥ നിങ്ങളെ പരിചയപ്പെടുത്താനാകുന്നത് വലിയ ഭാഗ്യമായി കരുതുന്നു. കഥ വായിക്കാനും അതിന്റെ അസ്വസ്ഥതകൾ നെഞ്ചിൽ പേറാനും നിങ്ങളെ ക്ഷണിച്ചു കൊണ്ട് നന്ദി
-- സുധീഷ് അമ്മവിട്
Comments
Post a Comment