പഠിക്കലെ മഠത്തിലെ ബലരാമൻ എന്നഅശോകൻ ചരുവിലിന്റെ കഥയെ കുറിച്ച് സുധീഷ് അമ്മവീട് .

പടിക്കൽ മഠത്തിൽ ബലരാമൻ


(അശോകൻ ചരുവിലിന്റെ കഥയെക്കുറിച്ച് സുധീഷ് അമ്മവീട് )


കാലത്തിന്റെ ബോധ്യങ്ങളോടും ബോധത്തോടും സംവദിക്കുന്ന ഒരു എഴുത്തുക്കാരനാണ് അശോകൻ ചരുവിൽ . കഥകൾക്ക് രാഷ്രീയ വായനയെ സാധ്യമാക്കുന്ന ഒരു വാതിൽ തുറന്നിട്ടുകൊണ്ട് എഴുതുന്ന ഒരു രീതി അദ്ദേഹം ബോധപൂർവ്വം തുടർന്നു പോകുന്നു. തന്റെ രാഷ്ടീയ ശരികളിൽ നിന്നുകൊണ്ട് ലോകത്തെ കാണാനും ആ കാഴ്ച്ചയുടെ പുനരാഖ്യാനങ്ങളായി ആവിഷ്ക്കരിക്കപ്പെടുന്ന കഥകൾ സമൂഹത്തോടുള്ള തന്റെ സംവേദന മാധ്യമമായി വികസിപ്പിച്ചെടുക്കുകയും ചെയ്ത എഴുത്തുകാരനാണ് ശ്രീ അശോക ചരുവിൽ . വെറുതെ എഴുതാൻ വേണ്ടി എഴുതുന്ന ഒരു എഴുത്ത് അശോകൻ ചരുവിലിന്റെ തായി കണ്ടെടുക്കാനാകില്ല. കാലത്തോട് കലഹിക്കുന്ന അല്ലെങ്കിൽ മുഖാമുഖം നിൽക്കുന്ന കഥകൾ വായനക്കാരനിൽ അസ്വസ്ഥതകൾ ഉണ്ടാക്കുകയോ പ്രതീക്ഷകളും പ്രതിരോധങ്ങളും പ്രത്യാശകളും രൂപപ്പെടുത്തുകയോ ചെയ്യുന്നു.


അദ്ദേഹത്തിന്റെ വ്യത്യസ്ഥമായ ഒരു വായനാനുഭവം സമ്മാനിച്ച ഒരു കഥയാണ് പടിക്കൽ മഠത്തിൽ ബലരാമൻ . എഴുത്തുകാരൻ നിലയുറപ്പിക്കുന്ന ഇടത്തെക്കുറിച്ച് വായനക്കാരനിൽ ചെറിയ സംശയം ജനിപ്പിക്കുന്നുണ്ട് ഈ കഥ.

ഒന്നിച്ചു പഠിക്കുന്ന കാലത്തു പോലും ഒരു പരിധിയിൽ കവിഞ്ഞ ഒരു ആത്മബന്ധം പുലർത്താതിരുന്ന മുന്നു സുഹൃത്തുക്കളുടെ കഥ പറയുന്ന കഥ . സൗഹൃദമെന്ന് വിശേഷിപ്പിക്കാമോ അവരുടെ ബന്ധത്തെ എന്ന് ചിലപ്പോഴെങ്കിൽ വായനക്കാരനിൽ ആശങ്കയുണ്ടാക്കുന്ന ഒരു പർപ്പസ് റിലേറ്റഡ് റിലേഷൻ മെയ്ന്റയിൽ ചെയ്തു പോകുന്ന മൂന്നുപേർ. അവർ കുറേ നാളുകൾക്കു ശേഷം ജീവിതത്തിന്റെ മധ്യാഹ്നത്തോട് അടുക്കുന്ന ഒരു കാലത്തെ പുനസമാഗമമാണ് കഥ. വ്യത്യസ്ഥ ജാതി ശരീരങ്ങളിൽ പെട്ടു പോയ മൂന്നുപേർ. ശിവരാമനെന്ന ദളിതൻ , സവർണ്ണനായ ബലരാമൻ അതിനിടയിലെ ഒരു ജാതിയിൽ പെട്ട കഥാ നായകനും. സവർണ്ണ പ്രതാപം നശിച്ച ഒരു കാലത്തും അതിന്റെ ജീർണ്ണ അവശിഷ്ഠങ്ങൾ പേറുന്ന ബലരാമനിൽ ഇടയ്ക്കിടെ തന്റെ കുല മഹിമയുടെ അഹന്തയും ആഭിജാത്യവും തല പൊക്കുന്നു. നഷ്ടസ്മൃതികളിൽ അഭിരമിച്ചു കൊണ്ട് അയാൾ ഇടക്കെപ്പോഴ പൂർണ്ണമായും സവർണ്ണ മാടമ്പിയെ പോലെ ദളിതനായ ശിവരാമനെ അപമാനിക്കുന്നു. ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാൻ തീരുമാനിക്കുന്ന അയാൾ പന്തിഭോജനം എന്ന് ഓർമ്മപ്പെടുത്തി സൗഹൃദത്തിന്റെ അന്തരീക്ഷത്തെ കൊന്നു കളയുന്നു.

തന്റെ ബന്ധു സഹോദരിയെ ചേച്ചിയെന്ന അഭിസംബോധന ചെയ്ത ശിവരാമനോട്  ഇത് നിന്റെ പുലയ കുടിയല്ല എന്ന് ഓർമ്മപെടുത്തുന്ന തോട് കൂടി . ബലരാമനിലെ ജാതി ശരീരത്തിന്റെ പകർന്നാട്ടം ദൃശ്യമാകുന്നു. കാലങ്ങൾക്കു ശേഷം ഒന്നിച്ചു കൂടിയ ആ സുഹൃത്തുക്കൾ വെറും മൂന്നു ജാതി ഉടലുകളായ് പിരിയുന്നു.


ദളിതനായ ശിവരാമനും സവർണ്ണനായ ബലരാമനും ഇടയിൽ ഒരു രാമനായ് കഥാ നായകനെയോ അതോ തന്നെ തന്നെയോ അവരോധിച്ചു കൊണ്ടാണ് കഥ വികസിക്കുന്നത്. 

നവോത്ഥാനത്തിന്റെ പുതിയ ചിന്തകൾ ,പുതിയ ലോകത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ ,ജാതി മതം എന്നിവയുടെ നിരർത്ഥകതയെ കുറിച്ചുള്ള പുരോഗമന ആലോചനകൾ എത്രത്തോളം ഒരു ജനതയെ ആത്മ പരിവർത്തനത്തിന് വിധേയമാക്കി എന്നത് ഒരു തർക്കവിഷയമാണ്. ജതീയതയുടെ മതത്തിന്റെ വിശ്വാസങ്ങളുടെ ആചാരങ്ങളുടെ കെട്ടിമാറാപ്പുകൾ എന്നിവയിൽ നിന്നു ഒരു ജനത മോചിപ്പിക്കപ്പെട്ടിട്ടില്ലെന്ന എന്ന ബോധ്യം നമ്മെ അസ്വസ്ഥമാക്കിയത് ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ പ്രക്ഷുബ്ദു സാഹചര്യങ്ങളിലാണ്. നമ്മുക്കിടയിലെ ജാതി അതിന്റെ വലിപ്പ ചെറുപ്പങ്ങളെ നമ്മൾ എത്രമാത്രം താലോലിക്കുന്നുണ്ട് എന്ന് വർത്തമാന കേരളത്തിലെ ആനുകാലിക സംഭവങ്ങൾ നമ്മെ ബോധ്യപ്പെടുത്തി തരുന്നുണ്ട്.


നവോത്ഥാനത്തിന്റെ ചലനാത്മകതയുടെ അതി തീവ്രത നിലനിലനിന്നിരുന്ന കാലത്തെ രാഷ്ട്രീയ ബോധ്യങ്ങൾ ഒരു അർത്ഥത്തിൽ ഒരു ജനതയുടെ മസ്തിഷ്ക്കത്തിൽ നിന്നു അടുത്ത തലമുറയിലേക്ക് പ്രേഷണംചെയ്യാനായിട്ടില്ല. അത് കൊണ്ട് തന്നെ ആ കാലത്തെ ജനങ്ങൾക്കിടയിലുണ്ടായ വെട്ടം  പോലും അടുത്ത കാലത്തേക്ക് പകർത്താനായില്ല. അതുകൊണ്ടാകാം കാലം കഴിയുംതോറും ജാതിവാലുകൾ നമ്മുടെ പേരിനൊപ്പം കൂടുതൽ ശക്തമായി ചേർത്തു പിടിപ്പിക്കാനാവുന്നത്.

പുരോഗമന പ്രസ്ഥാനങ്ങളുടെ പൊതു പ്ലാറ്റ്ഫോമുകളിൽ നമ്മൾ കളവ് പറഞ്ഞ് നമ്മൾ ചേർന്നിരുന്ന് മതേരതയുടെ , ജാതിഇതരയുടെ സ്വപ്നസമാനമായ വാഗ്ദത്ത ഭൂമിക കൾ രൂപകൽപ്പന ചെയ്തു. തമ്മിൽ വേർപ്പെട്ട് സ്വന്തം ജാതി ബോധത്താൽ അഭിമാനിതരാവുകയും ചെയ്യും.

                പുരോഗമന പ്രസ്ഥാനങ്ങൾ നവോത്ഥാന മൂല്യങ്ങളെ -വിപ്ലവ മൂല്യങ്ങളെ മുന്നോട്ട് നയിക്കുന്നതിൽ, ഏറ്റെടുക്കുന്നത് എവിടെയോ വെച്ച് സംഭവിച്ച ദിശാഭ്രംശത്തെ വിമർശനവിധേയമാക്കുന്നുണ്ട് ഈ കഥ. ഇടതുപക്ഷം ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയിരുന്ന ജാതീയതക്കെതിരെയുള്ള രാഷ്ട്രീയത്തെ തുടർച്ചകളില്ലാത്ത വിധം കൈവിട്ടു കളഞ്ഞതും സവർണ്ണ ജന്മിത്ത ബോധങ്ങൾ അത്തരം പുരോഗമന പ്രസ്ഥാനങ്ങളുടെ അന്തർധാരകളിൽ ശക്തിപ്പെട്ടതും ഈ കഥ വിമർശനാത്മകമായി ഓർമ്മപ്പെടുത്തുന്നു. ഒരർത്ഥത്തിൽ ബലരാമൻ ഇടതുപക്ഷത്തിന്റെ നല്ല കാലങ്ങളിലൂടെ കടന്നുപോയതായി പറയുന്നു. എങ്കിലും അതിന്റെ പുരോഗമനമൂല്യങ്ങൾ അയാളെ സ്പർശിക്കുകയോ വേണ്ട വിധത്തിൽ പരിവർത്തന വിധേയമാക്കുകയോ ചെയ്തിട്ടില്ല. അയാളിലെ സവർണ്ണ മേൽ കോയ്മ മൂല്യങ്ങളെ കൊഴിച്ചു കളയുകയും ചെയ്തില്ല. മാത്രമല്ല അത്തരത്തിൽ സവർണ്ണ മൂല്യങ്ങൾ പേറുന്ന ഒരാൾക്ക് സുരക്ഷിതമായി പ്രവർത്തിക്കാൻ കഴിയുന്ന ഒരിടമായി ഇടതുപക്ഷ പ്രസ്ഥാനങ്ങൾ മാറിയിട്ടുണ്ടോ? അതിന്റെ ആനുകൂല്യം പറ്റാനും മറ്റെവിടെയും എന്ന പോലെ ഇവിടെയും അവർക്ക് ആകുന്നു. മറ്റൊരർത്ഥത്തിൽ ദളിതനായ ശിവരാമനെ ഏതെങ്കിലും തരത്തിൽ ഈ പ്രസ്ഥാനമോ അതിന്റെ പ്രാദേശിക നേതൃത്വം പേറുന്ന കഥാനായകനോ സംരക്ഷിക്കുന്നതായോ കാണാൻ കഴിയുന്നില്ല. എന്നാൽ അയാളെ വേണ്ടപ്പോഴെല്ലാം ഉപയോഗപ്പെടുത്തുന്നതായി കാണുന്നുണ്ട്. വീടുപണിയുടെ സമയത്ത് ശിവരാമന്റെ ഇടപെടലുകൾ കഥാ നായകനെ വളരെ പ്രയോജനകരമാണെന്ന് പറയുന്നുണ്ട്. ബലരാമന്റെ വീട്ടിൽ വെച്ച് ജാതി സ്വത്വത്തിന്റെ പേരിൽ അപമാനിതനാകുന്ന ശിവരാമനെ ഏതെങ്കിലും തരത്തിൽ പിന്തുണക്കുന്നതായോ സംരക്ഷിക്കുന്നതായോ പറയുന്നില്ല. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾ കൈവിട്ട ദളിത് സ്വത്വ രാഷ്ട്രീയത്തെ പ്രശ്നവത്കരിക്കുന്നുണ്ട് ശിവരാമനിലൂടെ ഈ കഥ.

സഖാവ് കറപ്പൻ മാഷ് - അയാൾ മാഷൊന്നുമല്ല അതിനുള്ള വിദ്യാഭ്യാസമൊന്നും അയാൾക്കില്ല എന്നും അയാൾ പാർട്ടി പ്രവർത്തകർക്ക് സ്റ്റഡി ക്ലാസ് എടുക്കും അത്രമാത്രം . ഇത് പുതിയ പാർട്ടി പ്രവർത്തകരുടെ ഒരു മനോഭാവമാണ്. പുഴയിൽ മണലുവാരുന്ന - തെങ്ങുകയറുന്ന - മണ്ണിൽ പണിയെടുക്കുന്ന സഖാക്കൾ നേതൃത്വം കൊടുത്തിരുന്ന പാർട്ടി . കോട്ടിട്ട പാർട്ടി അംബാസിഡർമാർ മാത്രമാണ് പാർട്ടി പ്രവർത്തകർ എന്ന മാനോഘടനയിലേക്ക് മാറിയ ഒരു ജനതയുടെ കണ്ണിൽ 

സഖാവ് കറപ്പൻ അക്ഷരാഭ്യാസമില്ലാത്തവനും ഗ്രേഡ് ഇല്ലാത്തവനുമാകുന്നു. പാർട്ടി ക്ലാസ്സ് എടുത്തിരുന്ന - നിവർന്നു നിൽക്കാൻ മനുഷ്യരെ പഠിപ്പിച്ച കറപ്പനെ പോലുള്ള സഖാക്കളായിരുന്നു അദ്യത്തെ നമ്മുടെ സാമൂഹ്യ അധ്യാപകർ. അവരെയാണ് ജനത സ്നേഹത്തോടെ ഹൃദയം കൊണ്ട് മാഷെ എന്ന് വിളിച്ചത്. 


കഥാ നായകന്റെ ആത്മഭാഷണങ്ങളിലൂടെ വികസിക്കുന്ന കഥ ഒരു ഇടതുപക്ഷ മനസിന്റെ ഏറ്റുപറച്ചിലായോ കുറ്റസമ്മതമായാ ചിലർക്കെങ്കിലും അനുഭവപ്പെടാനിടയുണ്ട്.

ഇ ജൻമ പാശങ്ങളുടെ ബന്ധനം പേറുന്നവർ ബലരാമൻ മാത്രമല്ല ശിവരാമനും കഥാ നായകനായ മറ്റൊരു രാമനും ഇതേ ജൻമ പാശത്തിന്റെ ബന്ധനത്തിൽ നിന്നു മോചിതരല്ല.

പുരോഗമന കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്കൊപ്പം സഞ്ചരിച്ച കഥാ നായകനായ രാമനിൽ നിന്നും ജന്മപാശത്തിന്റെ കെട്ടുകൾ അഴിഞ്ഞു പോകുന്നില്ല. സവർണ്ണ മേൽക്കോയ്മയുടെ പ്രതാപങ്ങൾ ജീർണ്ണിച്ചിട്ടും അത്തര അതിശക്ത ബോധങ്ങൾ മനസിനെ അസ്വസ്ഥമാക്കുന്ന ബലരാമന്റെ ചിത്രം, ആൺകോയ്മയുടെ അഹന്തകൾക്ക് പ്രഹരമേൽപ്പിച്ച് അവനെ വിട്ടുപോയ ഭാര്യയും മക്കളും ബലരാമന്റെ ഇപ്പോഴത്തെ അവസ്ഥയെ കൂടുതൽ വികൃതമാക്കുന്നു.എന്നിട്ടും തന്നിലെ സവർണ്ണ അഹന്തകൾ വിട്ടൊഴിഞ്ഞു പോകുന്നില്ല. തോറ്റു പോയ വനാണെന്നും വീണു പോയവനാണെന്നും പല തവണ ആവർത്തിക്കുമ്പോഴും താൻ തോറ്റുപോയിട്ടില്ലെന്നും ഓർമ്മപ്പെടുത്താനാണ് അയാൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഭൂതകാല സ്മൃതികളിൽ, അതിന്റെ പ്രതാപങ്ങളിൽ അഭിരമിക്കുന്ന ബലരാമൻ ആത്മബലി കൊണ്ടാണ് പ്രതിഷേധിക്കുന്നത്. അത് തങ്ങളുടെ പ്രതാപങ്ങളെ കെടുത്തിക്കളഞ്ഞ കമ്മ്യൂണിസത്തിനോടാണ് അയാൾ ക്ഷോപിക്കുന്നത്. പക്ഷേ അവിടെ നിന്നും ഒരു ചുവടുപോലും മുന്നോട്ട് പോകാതെ കിതച്ചു നിൽക്കുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റു രാഷ്ട്രീയ ബോധങ്ങളെ ഇപ്പുറത്ത് ശിവരാമന്റെയും കഥാ നായകനായ മാറ്റൊരു രാമന്റെയും രൂപത്തിൽ പ്രതിസ്ഥാനത്ത് നിറുത്തുന്നുണ്ട് കഥ.


പുരോഗമന രാഷ്ട്രീയ പരിസരത്തെ പ്രശ്നവൽക്കരിക്കുകയും വിമർശന വിധേയമാക്കുകയും ചെയ്യുന്ന ഒരു കഥയാണ് പഠിക്കൽ മഠത്തിൽ ബലരാമൻ എന്ന കഥ .

ഭൂതകാലങ്ങളിൽ അഭിരമിക്കുന്നത് വർത്തമാന കാലത്ത് ജീവിക്കാൻ കഴിയാതിരിക്കുകയും ഭാവിയെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷയും പ്രത്യാശയും കൈവിടുകയും ചെയ്ത ഒരു ജനതയാണ്. ജൻമ പാശം ഒരു മിഥ്യയാണ്. പുതിയ കാലത്തിനൊപ്പം പോകാനിടമില്ലാതെ സ്വയം നവീകരിക്കാനാവാതെ നിസ്സഹായരായ ഒരു ജനതയത്രെ ഭൂത കാല കുളിരിൽ പനിച്ചു കിടക്കുന്നത്. ആ പനി ചില പുരോഗമന പ്രസ്ഥാനങ്ങളെയും ബാധിച്ചിട്ടുണ്ട്. അതുകൊണ്ടാകും ഭൂതകാല സ്മൃതികളിലെ വലിയ വിപ്ലവത്തെക്കുറിച്ചുള്ള ഓർമ്മകൾ അയവിറക്കി മാത്രം കിടന്നു പോകുന്നത്.

ഒരു അർത്ഥത്തിൽ എല്ലാവരിലും ജൻമപാശത്തിന്റെ ശാപം പോലെ

ആ ഭൂതകാല കുളിർ പൊട്ടി മുളക്കുന്നുണ്ട് എന്ന് പറഞ്ഞു വെക്കുന്നു പടിക്കൽ മഠത്തിൽ ബലരാമൻ എന്ന കഥ.

പുതിയ കാലത്തോട് സംവദിക്കാനാകാതെ അതിനുള്ള ആയുധങ്ങളില്ലാത തോറ്റു പോകുന്നതു കൊണ്ട് മാത്രമാണ് ഭൂതകാലം അയവിറക്കുന്നത്. പുതിയ കാലത്തോട് സംവദിക്കാൻ പുതി അപ്ഡേഷൻ വേണം അത് വ്യക്തിക്കായാലും പ്രസ്ഥാനത്തിനായാലും . കാറ്റും വെളിച്ചവും കടക്കാത്ത മുറികളിൽ വിപ്ലവം കടന്നുവരുമെന്ന് സ്വപ്നം കണ്ട് അതിലുറങ്ങി പോയേക്കും.എല്ലാ രാമൻമാരും തിരിച്ചു വരികയാണല്ലോ എന്ന വർത്തമാനം ബോധപൂർവ്വമാണ്.

ദളിതു സ്വത്വ രാഷ്ട്രീയവും സവർണ്ണ മൂല്ല്യ രാഷ്ട്രീയവും ശക്തി പെടുമ്പോൾ ഇടയിൽ ജനാധിപത്യ പരവും വിപ്ലവോൻ മുഖമായ മറ്റൊരു രാമനായി ഇടതുപക്ഷ പുരോഗമന ആശയങ്ങളെയും അവതരിപ്പിക്കാനാകണം ആ പ്രയോഗം.

അത് പലതായ് ഇഴ പിരിച്ചെടുക്കാവുന്ന  ഒരു ഡിസ്ക്കഷൻ സ്പെയ്സാണ്.

പരസ്പരം സ്വാധീനിക്കാനാതെ പാരലലായി മാത്രം നീങ്ങുന്ന പ്രത്യയ ശാസ്ത്ര ആലോചനകൾ . ഐക്യ പെണ്ടേതും മാറ്റി നിറുത്തേണ്ടതും ഏതെന്നുമറിയാതെ വ്യാജ ബോധ നിർമ്മിതികളിലും ഉപരിപ്ലവമായ പ്രകടനങ്ങളിലും മുഴുകുന്ന സത്യാനന്തര കാലത്തെ സാമൂഹ്യ അന്തരീക്ഷം അനാവരണം ചെയ്യുന്ന ഒരു കഥയാണ്

ഇത്. ഇന്നലകളുടെ ചരിത്രം പ്രതിഷ്ഠാ ബിംബങ്ങളായി മാറ്റ പെടരുത് അത് നാളെയ്ക്ക് ഒരു ചുവടു വെക്കാനുള്ള ചവുട്ടു പടികളാകണം. ജൻമ പാശത്തിന്റെ എക്സമ് ഷൻ ഓർഡർ വാങ്ങി ഒരു മഹത്തായ ഒരു സങ്കൽപത്തെ ഒറ്റികൊടുക്കരുത് …. പിറകോട്ടല്ല മുന്നോട്ടാണ് മനുഷ്യവംശത്തിന്റെ പ്രായാണം അത് കൊണ്ട് ഭൂത കാല കുളിരിൽ പനിച്ചു കിടക്കുന്ന ബലരാമൻ മാരെ

നമുക്കിടയിൽ ആട്ടി പായിക്കാം.

നന്ദി.


സുധീഷ് അമ്മവീട്

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)