ചില തിരിവുകൾ തിരിഞ്ഞാൽ ജീവിതം നേരെയാകും - സുധീഷ് അമ്മവീട്

ചില തിരിവുകൾ തിരിയുമ്പോൾ ജീവിതം നേരെയാകും .... - സുധീഷ് അമ്മവീട്

"തിരിവുകൾ "        അപരത്വത്തെ തൊടുന്ന  അനുഭവം സമ്മാനിച്ച ഒരു ചെറിയ സിനിമ . രാജേഷ് ഇരുളം രചനയും സംവിധാനവും നിർവ്വഹിച്ച തിരിവുകൾ നിരാശപ്പെടുത്തിയില്ല. മാത്രമല്ല ചെറുതല്ലാത്ത ഒരു നീറ്റൽ ശേഷിപ്പിക്കുകയും ചെയ്തു. ജീവിതത്തിന്റെ യഥാർത്ഥ തിരക്കഥയിൽ വില്ലനെയും നായകനെയും തീർക്കുന്നത് സാഹചര്യങ്ങളാണ്. ഇരയ്ക്കും വേട്ടക്കാരനും അവന്റെ നിലനിൽപ്പിനെ ന്യായീകരിക്കുന്ന കാഴച്ചകളുണ്ടാകും. പബ്ലിക്ക് നോർമ്സ് (Norms)അനുസരിക്കാത്ത മുഹൂർത്തങ്ങളിലൂടെ നമ്മൾ ഓരോരുത്തരും കടന്നുപോയിട്ടുണ്ടാകും. സാക്ഷികളില്ലാത്തത് കൊണ്ട് - തെളിവുകൾ ഇല്ലാത്തത് കൊണ്ട്  തെളിയിക്കാനാകാത്ത കുറ്റകൃത്യങ്ങളുടെ ഭാഗമായി നമ്മളും മാറിയിട്ടുണ്ടാകാം .നമ്മൾ ആത്മ  പരിശോധനയിൽ  സ്വയം കുറ്റകാരനല്ല എന്ന് വിധിക്കുന്നത് രാജ്യത്തിന്റെ നിയമ പുസ്തകം നോക്കിയല്ല അതിജീവന സിദ്ധാന്തത്തെ  അടിസ്ഥാനപ്പെടുത്തിയാണ്.

മൂലധന കേന്ദ്രീകൃതമായ ഒരു ലോകത്ത് - ഒരു കാലത്ത് മനുഷ്യ ബന്ധങ്ങളുടെ മൂല്ല്യനിർണ്ണയത്തിന് പണം എന്ന അളവുകോലിനപ്പുറം മറ്റ് എന്ത്. കൊടുക്കൽ വാങ്ങലുകളിലൂടെ ഇരട്ടിയാകുന്ന പണത്തിന്റെ പ്രഹരശേഷി നമ്മൾ ചിന്തിക്കുന്നതിനപ്പുറമാണ്. ക്രയശേഷി കുറഞ്ഞവർ കമ്പോളത്തിൽ നിന്നു മാത്രമല്ല ജീവിതത്തിൽ നിന്നു തന്നെ പുറത്താക്കപ്പെടും.
ജീവിതം തിരികെ പിടിക്കാൻ വേണ്ടി അവൻ എല്ലാ അടവുനയങ്ങളും പുറത്തെടുക്കും.ഇരയും വേട്ടക്കാരനും ആകും. കടം കയറും അടവു തെറ്റി താഴെ വീഴും കളവു പറഞ്ഞ് -കളവ് ചെയ്ത് പിടിച്ചു നിൽക്കാൻ ശ്രമിക്കും. ചെറുതും വലുതുമായ കുറ്റകൃത്യങ്ങളിലേക്ക് അവന്റെ നിലനിൽപ്പിനായുള്ള  അടവുകൾ അവനറിയാതെ നീങ്ങും. എത്ര പ്പെട്ടെന്നാണ് പേപ്പർ കറൻസികൾ ഒരു ക്രിമിനൽ മൂലധനമായി വളരുന്നത്

സതീഷ് കുന്നത്ത് എന്ന നടന്റെ പകർന്നാട്ടം കണ്ട ഒരു സിനിമ. മുഖ്യധാര മലയാള സിനിമയിലേക്കുള്ള സതീഷ് കുന്നത്തിന്റെ  പ്രവേശനം ആർക്കും തടഞ്ഞു നിറുത്താനാകാത്തവിധം പറഞ്ഞുറപ്പിച്ചു ഈ സിനിമയിലെ അദ്ദേഹത്തിന്റെ പ്രകടനം . വിരലുകളുടെ നേർത്ത ചലനം പോലും വൈകാരിക പ്രകടനങ്ങൾക്കുള്ള ശരീര ഭാഷയാക്കിയ സുഷ്മ അഭിനയത്തിന്റെ ഉജ്ജ്വലമുഹൂർത്തങ്ങൾ .
ഒരു അടിസ്ഥാന ജനതയുടെ ജീവിത സാഹചര്യങ്ങളിൽ നിന്നു കഥ  പറയുമ്പോൾ അവിടത്തെ തനതു ജീവിത കാഴ്ച്ചകൾ ,നിറങ്ങൾ, മണങ്ങൾ അതിന്റെ സ്വാഭാവികതയിൽ പകർത്തിതരാനുള്ള ജീവസുറ്റ ഉപകരണമായി ക്യാമറയെ ഉപയോഗിച്ച ഹോളിവുഡ് നൗഷാദ് അഭിനന്ദനങ്ങൾ. വെളിച്ചത്തേക്കാളേറെ ഇരുട്ടു മുറ്റി നിൽക്കുന്ന ജീവിത സാഹചര്യങ്ങളുടെ സ്വാഭാവിക കാഴ്ച്ചകളെ ഭംഗിയാക്കി. കരി പിടിച്ച ചുമരുകൾ മാത്രമല്ല കരിപടർന്ന അവരുടെ ഉടലുകളെയും വലിയ സാധ്യതയായി ഉപയോഗിച്ചു. രാത്രികൾ എത്ര കൃത്യമായാണ് പകർത്തി തന്നത്. മുഖങ്ങളെ ഇരുട്ടിലൊളിപ്പിച്ച് ശബ്ദങ്ങളിലൂടെയും നിഴലനക്കങ്ങളിലൂടെയും കഥ പറയാൻ ശ്രമിച്ച രാജേഷ് ഇരുളം, താങ്കൾക്ക് ബിഗ് സലൂട്ട് ... ഒരു വേട്ടക്കാരനെ മനുഷ്യനാക്കി തിരിച്ചു വിട്ട താങ്കളിലെ മനുഷ്യനെ പരിഗണിക്കാതെ വയ്യ.  കടം വാങ്ങി മുങ്ങിയവനെ (ആന്റണിയെ ) തേടി വരുന്ന ആ കഥാ പാത്രം പറയേണ്ടിരുന്ന ഫ്ലാഷ്ബാക്കുകളെ വളരെ ബുദ്ധിപൂർവം സമാന്തരമായ മറ്റൊരു കഥ കൊണ്ട് അനാവരണം ചെയ്ത ഡയറക്ടേഴ്സ് / റൈട്ടേഴ്സ് ബ്രില്യൻസ്… ഹോ ഗ്രേറ്റ്.
പ്രദീപ് റോയ് മിതമായ ശരീര ഭാഷ കൊണ്ട് ആ കഥാപാത്രം ഉജ്വലമാക്കി.   

കാർ മുഖ്യ കഥാപാത്രമാകുന്നത് അതിന്റെ സാന്നിദ്ധ്യ ദൈർഘ്യം കൊണ്ടല്ല മറിച്ച് അതിനകത്തിരിക്കുന്നവരുടെ വൈകാരി ഭാവങ്ങളെ  കാർ എന്ന ടൂൾ പുറത്തു കൊണ്ടുവന്നു. കാർ നിയന്ത്രിക്കുന്ന വനിൽ സംഭവിക്കുന്ന ഇമോഷണൽ വേരിയേഷനുകളെ കൃത്യമായി കാറിന്റെ ഗതിവേഗങ്ങളിലൂടെ അനാവൃതമാക്കി.

കഥാപാത്രങ്ങളായി മാറിയ ഓരോരുത്തരും
ബിജുജയാനന്ദൻ, രാജീവ് നമ്പീശൻ , മാസ്റ്റർ ഡാവിൻജി , സന്ധ്യ സജു .
മറ്റു ശബ്ദം കൊണ്ടും സാന്നിദ്ധ്യം കൊണ്ടും ഈ സിനിമയുടെ ഭാഗമായ എല്ലാവർക്കും സജീവ് മാടവന തുടങ്ങിയ  മറ്റു അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.
അഭിമാനത്തോടെ തന്നെ പരിചയപ്പെടുത്താം നിങ്ങൾ ഈ സിനിമയുടെ ഭാഗമായിരുന്നു എന്ന് .
 - സ്നേഹത്തോടെ 
        സുധീഷ് അമ്മവീട്
https://youtu.be/_QFrxx3NX-A

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)