സുധീഷ് അമ്മ വീടിൻ്റെ "മോചനം" നാടകം കണ്ട ഒരു മാധ്യമ പ്രവർത്തകൻ്റെ ഒരു കുറിപ്പ്


എങ്കിലും സുധീഷേ എന്നോടീ ചതി വേണ്ടായിരുന്നു.
നാടകം കാണാൻ ക്ഷണിച്ചിട്ട് ഇങ്ങനെ ചെയ്യുമെന്ന് ഒട്ടും കരുതിയില്ല...
നാടകം പണ്ട് മുതൽക്കേ ഇഷ്ടമാണ്.
അധികമൊന്നും കണ്ടിട്ടില്ലെങ്കിൽ കൂടി പഴയ ഉത്സവപ്പറമ്പുകളിലെ നാടക രാവുകൾ ഇപ്പോഴും ഓർമ്മകളിൽ അടുത്ത ബെല്ലിൻ്റെ അകമ്പടിയോടെ ഇടക്കിടെ കടന്നു വരാറുണ്ട്.
അൽപ്പം ചായക്കൂടുതലും, ഒരൽപ്പം നാടകീയതയും (നാടകമാണല്ലൊ) കലർന്ന നാടകങ്ങൾ എന്നും രസിപ്പിച്ചിട്ടേയുള്ളു.
സാറ പഠിക്കുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഞങ്ങൾ രക്ഷിതാക്കൾക്കായി ഇന്നലെ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസുണ്ടായിരുന്നു.
പള്ളിയിൽ നിന്നിറങ്ങിയ നേരത്താണ് സുധീഷ് അമ്മ വീടിൻ്റെ ഫോൺ വന്നത്.
''സ്കൂളിൽ 'മോചനം' എന്ന പേരിൽ ലഹരി വിരുദ്ധ ആശയവുമായി ഒരു ഒറ്റയാൾ നാടകം അവതരിപ്പിക്കുന്നുണ്ട് കാണാൻ വരണം"
സുധീഷിൻ്റെ നാടകങ്ങളെ കുറിച്ച് ഏറെ കേട്ടിട്ടുണ്ട്.
ഇമ്മുട്ടിയുടെ സഹപ്രവർത്തക അൻസി അഷറഫ് വേഷമിട്ട
ഉടുപ്പുകൾ അഥവാ തിരുശേഷിപ്പുകൾ
എന്ന നല്ല നാടകം കണ്ടിട്ടുമുണ്ട്.
എന്തായാലും 'മോചനം'
കാണാനുറച്ചാണ് ചെന്നത്.
എക്സൈസ് ഇൻസ്പെക്ടർ ഷാംനാഥിൻ്റെ ക്ലാസ് കഴിഞ്ഞ് സുധീഷ് അരങ്ങിലെത്തി.
ലഹരിയുടെ തീയിൽ ജീവിതം കത്തിയമർന്നു പോയ ചില മനുഷ്യരുടെ കഥയാണ് മോചനം പറഞ്ഞത്.
പതിഞ്ഞ താളത്തിൽ വിതുമ്പൽ കണക്കെ തുടങ്ങിയ നാടകം ഞാനുൾപ്പടെയുള്ളവരെ കരയിപ്പിച്ചാണ് അവസാനിച്ചത്.
ഒരു തുള്ളി കണ്ണീർ കൊണ്ട് മിഴിനീർ പ്രവാഹം സൃഷ്ടിച്ചാണ് സുധീഷ് വേദി വിട്ടത്.
മറ്റുള്ളവരുടെ മുന്നിൽ കരഞ്ഞ് ചീത്തപ്പേരുണ്ടാക്കാതിരിക്കാൻ കണ്ണടക്കുള്ളിലൂടെ കണ്ണീർ തുടച്ച് രക്ഷപ്പെടാൻ ഞാൻ നടത്തിയ ശ്രമം പാഴായി.
തൊട്ടപ്പുറത്ത് നിന്നും ഒരു ഏങ്ങലടി കേട്ട് നോക്കിയപ്പോഴുണ്ട് പരിചയക്കാരായ അമ്മമാർ ജിൻസിയും, ബീനയും കരഞ്ഞവശരായിരിക്കുന്നു.
ഹാളിൽ ഇരിക്കുന്ന ബഹു ഭൂരിപക്ഷത്തിൻ്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല.
വല്ലാത്തൊരു വിങ്ങലോടെയാണ് ഇരിപ്പിടം വിട്ടെഴുന്നേറ്റത്.
എങ്കിലും സുധീഷേ എന്നോടീ ചതി വേണ്ടായിരുന്നു.
എന്തഭിനയമാടോ ഇത്... അതോ കഥാപാത്രമായി ജീവിച്ചതോ?
ചായം തേയ്ക്കാതെ ഭാവം കൊണ്ട് മുഖത്ത് ചായക്കൂട്ടൊരുക്കാമെന്ന് സുധീഷ് തൻ്റെ അഭിനയത്തിലൂടെ പറഞ്ഞു തന്നു.
ലഹരി വിരുദ്ധ പ്രവർത്തകരുടെ കൈകളിലേക്ക് സുധീഷ് രാകി മിനുക്കി നീട്ടിയ മൂർച്ചയേറിയ ആയുധമാണ് മോചനമെന്ന നാടകം.
ഈ നാടകം കാണുന്ന ഏതൊരാളും
ലഹരി നുണയാൻ ഒന്നറയ്ക്കും, ഒരു പക്ഷെ രണ്ട് വട്ടം ചിന്തിക്കും, അതുമല്ലെങ്കിൽ പുറംതിരിഞ്ഞു നടക്കും തീർച്ച...

സുധീഷ് അമ്മവീടിന് ഒരായിരം അഭിനന്ദനങ്ങൾ

നവാസ് പടുവിങ്ങൽ

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)