നീലക്കുയിൽ കഥ വെറുമൊരു പാട്ടു കഥയല്ല അത് കൊടുങ്ങല്ലുരിൻ്റെ രാഷ്ട്രീയ ഭൂപടത്തെ കൂടി ചർച്ചക്കെടുക്കുന്നുണ്ട്….!?


നീലക്കുയിൽ കഥ വെറുമൊരു പാട്ടു കഥയല്ല അത് കൊടുങ്ങല്ലുരിൻ്റെ രാഷ്ട്രീയ ഭൂപടത്തെ കൂടി ചർച്ചക്കെടുക്കുന്നുണ്ട്….!?

പി.എസ് റഫീക്കിൻ്റെ

 ‘’നീലക്കുയിൽ” കഥ വായിച്ചു

ശോകാർദ്രമായ ഒരു പാട്ടുകേട്ട പോലെ ഞാനതിൽ ഇപ്പോഴും തളം കെട്ടി കിടക്കുന്നു.

എന്തൊരു ഭാഷയാണിത് ......

പി.ഭാസ്ക്കരൻ മാഷുടെ പാട്ടുകളാണ് ഈ കഥ യും കഥാപാത്രവും സഞ്ചരിക്കുന്ന

വൈകാരിക ഭാഷ. അത് വായനക്കാരനെ ആട്ടി തെളിച്ച്

പലവിധ ഭൂതകാലങ്ങളിൽ

കൊളുത്തിയിടുന്നുണ്ട്.

ഈ കഥയിൽ നമ്മളെ ഈറനണിയിക്കാൻ മാത്രമെന്തുണ്ട് എന്ന് ചോദിച്ചേക്കാം പക്ഷെ

ഇത് ഓർമ്മകൾ കൊണ്ടു പൂരിപ്പിക്കുന്ന ഒരു കഥയാണ്.

അത് കൊണ്ട് ഇത് പലർക്കും

പല കഥയാണ്.


ഒരു പാട്ടുകേൾക്കുമ്പോൾ നമ്മൾ ചില പേരുകൾ ഓർക്കും

ചില മുഖങ്ങൾ ചില മുഹൂർത്തങ്ങൾ…ഗന്ധങ്ങൾ

രുചികൾ….

ഒരർത്ഥത്തിൽ ഓരോ പാട്ടും ഓരോ ഓർമ്മകളാണ്.

ചിലതും കുളിരുപകരും ചിലത്

സങ്കടം തരും വേദന തരും.....

പ്രണയിച്ചതിൻ്റെ ഓർമ്മയിൽ കൊളുത്തപ്പെട്ട ഒരു പാട്ടുണ്ടാകും നമുക്ക് ..... പ്രണയിച്ച് പരാജയപ്പെട്ടപ്പോൾ മറ്റൊന്ന്.

ഒറ്റപ്പെട്ടപ്പോൾ ഒന്നിച്ചിരുന്നപ്പോൾ

അങ്ങനെയങ്ങനെ.....

ഒരു പാട്ട് നഷ്ടകാലത്തിൻ്റെ സമൃതികളിങ്ങനെ കൊളുത്തി വലിക്കുമ്പോൾ നമ്മളിങ്ങനെ ഒരു

തുരുത്തിൽ ഒറ്റപ്പെട്ടു കിടക്കും.

ഭാസ്ക്കരൻ മാഷും ബാബുക്കയും

ചേർന്ന് സൃഷ്ടിച്ചത് ചില പാട്ടുകൾ

മാത്രമായിരുന്നില്ല

അത് നമ്മളുടെ ജീവിത ശീലങ്ങളെ

കുറെ കൂടി ലാവണ്യ 

വൽക്കിക്കുകയായിരുന്നു 

എന്നു പറയാം .


പക്ഷെ നീലക്കുയിൽ എന്ന കഥ

ഉന്നയിക്കുന്നത് വയക്തികമായ

നഷ്ടബോധങ്ങളെ മാത്രമല്ല.

അതിന് കൊടുങ്ങല്ലൂരിൻ്റെ

രഷ്ട്രീയ ദിശാഭ്രംശത്തെ ആഴത്തിൽ പഠിച്ച് അവതരിപ്പിക്കുന്നുണ്ട്. 

ഭാസ്ക്കരൻ മാഷ് ചേരമാൻ പള്ളിക്കടുത്തുള്ള പഴയ ഒരു മുസ്ലീം കൂട്ടൂകാരനെ അന്വേഷിച്ച് കണ്ടെത്താനാകാതെ തോറ്റു പോകുന്നുണ്ട്.

കൊടുങ്ങല്ലൂരിൻ്റെ ഹൃദയത്തിലൂടെ 

ഇരുവശത്തെയും പുൽച്ചെടികളെ

വരെ വിറപ്പിച്ചുകൊണ്ട് പോകുന്ന

കാവി കൊടി കുത്തിയ അനൗൺസ് മെൻ്റ് വാഹനം ഇപ്പോൾ നമുക്ക് സ്ഥിരം കാഴ്ച്ചയാണ്.

ആരോടോ പകതീർക്കാൻ ആയുധം ഒളിപ്പിച്ച ഭാഷയിലാണ് അവർ പലപ്പോഴും സംസാരിക്കുന്നത്. 

ഭാസ്ക്കരൻ മാഷുടെ ആധികളിൽ, 

വ്യഥകളിൽ നിറഞ്ഞു നിൽക്കുന്നത് കൊടുങ്ങല്ലൂരിൻ്റെ ഈ നിറം മാറ്റം ആകാം.


മാഷ് ഓർത്തെടുക്കുന്നുണ്ട്

ക്ഷേത്ര മൈതാനത്തിന് പണ്ട്

ഗാന്ധി മൈതാനമെന്നായിരുന്നു പേര്. നമുക്കത് ഇന്നത്തെ അവസ്ഥയിൽ വിശ്വസിക്കാനാവുന്നില്ല.

ആ ഞെട്ടൽ സത്യത്തിൽ ഒരു അപകട സൂചനയാണ്.....

നമ്മളും അവരുടെ ചട്ടങ്ങളിൽ

പരുവപ്പെട്ടിട്ട് കാലമെത്രയായി

എന്ന ഓർമ്മപ്പെടൽ.

നമ്മൾ അബ്ദുറഹിമാൻ സാഹിബിനെ

കൊടുങ്ങല്ലൂരിൻ്റെ ഭൂപടത്തിൽ

അടയാളപ്പെടുത്താൻ ഒരുപാട് പാടുപെടുന്നുണ്ട് . മറവി കൊണ്ട് ചരിത്രത്തിൽ നിന്ന് നമ്മൾ പുറത്താക്കിയത് എത്ര പേരുകളാണ് എത്ര സ്ഥലങ്ങളാണ്

എത്ര സംഭവങ്ങളെയാണ്

എന്തിന് നമ്മൾവരെ ഇന്ന് ചരിത്രത്തിന് പുറത്താണ്.

 

നിലക്കുയിൽ എന്ന കഥയ്ക്ക് ഒരു സാമ്പത്തീക ശാസ്ത്രമുണ്ട്.

കൊടുങ്ങല്ലൂർ വിശപ്പിനെ മറികടക്കാൻ സ്നേഹം കൊണ്ട് പരുവപ്പെടുത്തിയ ഒന്നാണ് അത്.

പടിഞ്ഞാറെ നടക്കും പടിഞ്ഞാറ് കാസിംക്കയുടെ കടയിൽ 10 രൂപക്ക് ഊണു കിട്ടുമായിരുന്നു.

ഒരു ചെറിയ പാത്രത്തിൽ ഒരു കഷ്ണം മീനും അടങ്ങിയ മീൻ കറിയും കിട്ടും. കാസിംക്കാക്ക് ഇത് എങ്ങനെ മുതലാകുമെന്ന് ആരും ചോദിച്ചില്ല. വിശപ്പു മാറിയവരുടെ മുഖത്തെ ചിരികൊണ്ടാണ് അത് മുതലായത് എന്ന് കാസിംക്കാക്കു മാത്രമറിയാം.. പുതിയ വിപണി തന്ത്രങ്ങൾ കൊണ്ട് നിർദ്ധാരണം ചെയ്യാനാകാത്ത ഒരു സാമ്പത്തിക ശാസ്ത്രം ഓരോ നാടിൻ്റെ അടിത്തട്ടിലും കാണാം.

കൊടുങ്ങല്ലൂരിൽ അഞ്ചുരൂപയ്ക്ക് ചായ കിട്ടുന്ന ഇടമുണ്ട്. കവികളും

കഥാകാരൻമാരും നോവലിസ്റ്റും

യുക്തിവാദികളും വന്നിരിക്കുന്ന ആൽത്തറയിൽ ചിന്തകളും തർക്കങ്ങളും മുത്ത് പഴുത്ത് വിശക്കുമ്പോൾ അഞ്ചു രുപ ചായ മൊത്തി ക്കുടിച്ച് അവർ വയറിനെ

പറ്റിക്കും. 

കൊടുങ്ങല്ലൂർ ആൽത്തറ എല്ലാവരുടെയുമായിരുന്നു.

ഭാസ്ക്കരൻ മാഷ് അത് ഉറക്കെ 

വിളിച്ചു പറഞ്ഞു

“കൊടുങ്ങൂരമ്മ കമ്മൂണിസ്റ്റാണ്”

നമ്മൾ അത് മറന്നു. ഭാസ്ക്കരൻ മാഷ് അത് ഓർമ്മിക്കുന്നു.


പി.എസ് റഫീക്ക് എഴുതിയ

‘നീലക്കുയിൽ’ പറഞ്ഞു പറഞ്ഞു

വലുതാക്കേണ്ട കഥയാണ്......

നമ്മൾ കൂടി അതിൽ ചേരുമ്പോഴാണ്

ആ കഥ പൂർണ്ണമാകുക......

കഥ വായിച്ചു കഴിഞ്ഞാൽ

നമ്മുടെ കണ്ണുകൾ ഒന്നു നനയും

അത് ഒരിക്കലും ഒരേ കാരണത്താലാകില്ല കാരണം

നിങ്ങൾ വായിച്ചത് ഞാൻ വായിച്ച കഥയല്ല തന്നെ…


സുധീഷ് അമ്മവീട്

 9745064712

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)