വെള്ളിയാങ്കല്ലിലേക്ക് വീണ്ടും . സുഭാഷ് ചന്ദ്രന്റെ സമുദ്ര ശില എന്ന നോവലിനെക്കുറിച്ച് സുധീഷ് അമ്മവീട്

വെള്ളിയാങ്കല്ലിലേക്ക് വീണ്ടും ….


സുഭാഷ് ചന്ദ്രന്റെ സമുദ്ര ശില വായിച്ചു , മയ്യഴി പുഴയുടെ തീരങ്ങളിൽ എം മുകുന്ദൻ നമ്മളെ ഭ്രമിപ്പിച്ചതും, വായനയ്ക്കു ശേഷവും നമ്മളെ തളച്ചിട്ടതുമായ ഒരു ഇടമാണ് വെള്ളിയാങ്കല്ല്, മയ്യഴിക്കാരുടെ വിശ്വാസങ്ങളിൽ ജനനത്തിനു മുമ്പും മരണത്തിനുശേഷവും നമ്മൾ വെള്ളിയാങ്കല്ലിൽ തുമ്പികളായി ജീവിക്കുന്നുണ്ടാകുമത്രെ….

ആ വെള്ളിയാങ്കല്ലിലേക്ക് ഒരിക്കൽ കൂടി കൂട്ടി കൊണ്ടുപോകുന്നുണ്ട് , സുഭാഷ്‌ചന്ദ്രൻ തന്റെ നോവലായ സമുദ്രശിലയിലൂടെ ... ആ വെള്ളിയാങ്കല്ലിന്റെ മറ്റൊരു അനുഭവത്തെ അനാവരണം ചെയ്യുകയാണ് സമുദ്രശില.

പൂർവ്വ ജൻമങ്ങളുടെ ശേഷിപ്പുകൾ നമ്മളിലൂടെ കടന്നുപോകുന്നുണ്ടാകാം, അതെ ഒരു അർത്ഥത്തിൽ പഴയ കാലത്തിന് പറയാനുള്ളത് അടുത്ത തലമുറയിലേക്ക് കടത്തി കൊണ്ടുപോകുന്ന ഒരു ചാനൽ മാത്രമാകാം നമ്മുടെ ജീവിതം.


എഴുത്തുകാരൻ മറ്റാരാലോ നിയന്ത്രിക്കപ്പെട്ട് താൻ കൂടി ഭാഗധേയം നിർണ്ണയിക്കുന്ന ഒരു പെണ്ണിന്റെ ജീവിതത്തിലേക്ക് വലിച്ചെറിയപ്പെടുന്നു. അതിന്റെ സങ്കീർണ്ണതയിൽ വികസിക്കുന്ന ഒരു നോവലാണ് സമുദ്ര ശില . അംബ എന്ന കഥാപാത്രം വർത്തമാന കാലത്തെ ഒരു കഥാപാത്രമാകാൻ തരമില്ല, അങ്ങനെയാണെങ്കിൽ പോലും അവൾ പേറുന്ന സഹനം ഈ ജന്മത്തിലേതല്ല. ഭൂതകാലത്തിലെവിടെയോ നീതി നിഷേധിക്കപ്പെട ഒരു പെണ്ണിന്റെ വേദനകളുടെ കയ്പ് അവളെ പൊതിഞ്ഞു നിൽക്കുന്നു. ഇഷ്ടങ്ങളെ നിർണ്ണയിക്കാനും നടപ്പിലാക്കാനും ഒരു സ്വാതന്ത്ര്യവുമില്ലാത്ത പെൺജീവിതങ്ങളുടെ പൂർവ്വ ഭാരം ഈ അംബയും പേറുന്നുണ്ട്.

അവൾ പെറ്റത് തന്റെ മകനെയല്ല, അവന്റെ പിറവി പോലും ചരിത്ര ബന്ധിതമാണ്. ആൺകോയ്മയുടെ ശാപങ്ങളും ശാസനകളുമാണ് മകന്റെ ജീവിതത്തെ ഇത്രയേറെ ദുരിതപൂർണ്ണമാക്കുന്നത്.


അവന്റെ പിറവിക്കു കാരണമായ ഇടം ആത്മാക്കളുറങ്ങുന്ന വെള്ളിയാങ്കല്ലാകുന്നത് യാഥൃശ്ചികമല്ല , ഭൂതകാലവും വർത്തമാനകാലവും സന്ധിചെയ്യുന്ന ഒരു ഇടത്താകണമായിരുന്നു അവൻ പിറക്കേണ്ടത്.

പ്രണയിച്ചതിന്റെ പേരിൽ അപമാനിതരായ, തിരസ്കൃതരായ പെൺ സത്വങ്ങളുടെ പ്രതിനിധിയാണ് അംബ,

വെള്ളിയാങ്കല്ലിനെ കുറിച്ച് സുഭാഷ്ചന്ദ്രൻ എഴുതിയ മനോഹരമായ ഒരു ആർട്ടിക്കിൾ വായിച്ച് ആരാധനയോടെ അംബ സുഭാഷ് ചന്ദ്രനെ വന്നു കാണുകയായിരുന്നു.

താൻ അനുഭവിച്ച വെള്ളിയാങ്കല്ലിനെ വാക്കുകളാക്കി മാറ്റിയ സുഭാഷ് ചന്ദ്രനെ അവൾ അഭിനന്ദിക്കുന്നുണ്ട്.

അനുഭവിച്ചതിനെ പകർത്തി വെക്കുന്നത് എളുപ്പമല്ല മറ്റൊരാളെ അതേ തീവ്രതയിൽ അനുഭവിപ്പിക്കലും എളുപ്പമല്ല.

അംബ ജീവിച്ച ജീവിതത്തെ അംബയേക്കാൾ തീവ്രമായി ഈ എഴുത്തുകാരൻ അനുഭവിച്ചതായി നമുക്കു അനുഭവപ്പെടുന്നു. യാഥാർത്ഥ്യമാണോ കാൽപ്പനീകമായ ഒരു ആഖ്യാനമാണോ ഈ കഥ.

സുഭാഷ് ചന്ദ്രൻ എന്ന എഴുത്തുകാരൻ സത്യമാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ സത്യമാണ് വെള്ളിയാങ്കല്ല് സത്യമാണ് ... വെള്ളിയാങ്കല്ലിനെ മനോഹരമായി വിശദീകരിച്ച മാതൃഭൂമിയിലെ ലേഖനം സത്യമാണ്. അങ്ങനെയെങ്കിൽ

അംബ, അനന്തപത്മനാഭൻ എന്ന അപ്പു ഇവരും സത്യമാകാതെ തരമില്ല.


കൃസ്റ്റഫർ നോളന്റെ ഇൻസെപ്ഷൻ എന്ന ഒരു വിഖ്യാത സിനിമയുണ്ട്. സ്വപ്നങ്ങൾക്കുള്ളിലെ സ്വപ്നത്തെ നിർവ്വചിച്ച സിനിമ. സ്വപ്നമാണോ സ്വപ്നത്തിനുള്ളിലെ സ്വപ്ന മാണോ  യാഥാർത്ഥ്യം എന്നറിയാതെ സങ്കീർണ്ണമായ ഒരു ആഖ്യാനമാണതിന്. ഈ നോവലിലെ കൽപനകളും അത്തരത്തിൽ ഭ്രമാത്മകമായ ഒരു അവസ്ഥയിൽ നമ്മളെ എത്തിക്കുന്നുണ്ട്. വായനയ്ക്കു ശേഷവും നമ്മൾ അവിടെ കുടുങ്ങി കിടക്കുന്നുണ്ട്. സുഭാഷ് ചന്ദ്രൻ പറഞ്ഞതിന്റെ ബാക്കി തേടി അസ്വസ്ഥമാകുന്നുണ്ട് വായനക്കാരും ...

                  നന്ദി

                  -    സുധീഷ് അമ്മവീട്

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)