ദ്വീപ് നാടകത്തെക്കുറിച്ച് ശ്രീകല കിരൺ എഴുതുന്നു.


വെളുത്ത മണ്ണ്  ചിരിച്ചു വിളങ്ങുന്ന നാട്' ലക്ഷദ്വീപ് എന്ന അവരുടെ നാട്...ആ നാടിന്റെ പൊള്ളുന്ന അകം തുറന്നു കാട്ടിയ നാടകമാണ് 'ദ്വീപ്'. സ്വന്തം നാടിനെ അത്രമേൽ സ്നേഹത്തോടെ ചേർത്തു പിടിച്ച ഒരു ജനത ഇന്ന് ഒന്നാകെ പ്രതിഷേധിച്ചും,കരഞ്ഞു വിളിച്ചും തളർന്നു പോകുന്ന പോലെയാണ്. സ്വന്തമായിരുന്നതൊക്കെയും നഷ്ടമാകുമോ എന്ന ഭയത്താൽ ജീവിക്കുകയാണ്.ഭരണ കൂടത്തിന്റെ ഫാസിസ്റ്റ് സമീപനങ്ങൾക്ക് ഇരയാകേണ്ടി വന്ന അവരുടെ വിലാപങ്ങളുടെ നേർക്കാഴ്ച്ചയാവുകയാണ് സുധീഷ് അമ്മവീട് രചനയും സംവിധാനവും നിർവഹിച്ച 'ദ്വീപ്' എന്ന ഈ കൊച്ചു നാടകം.
         നാടകത്തിലെ പാത്തുവിന്റെ ഉപ്പയെ പോലെ പലരും ഇന്ന് ദ്വീപിലെ ജയിലിൽ ആണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കുറ്റകൃത്യങ്ങൾ ഇല്ലാത്ത ഒരു നാടായിരുന്നു ലക്ഷദ്വീപ്.അതുകൊണ്ട് തന്നെ പേരിനൊരു പോലീസ് സ്റ്റേഷനും അടഞ്ഞു കിടക്കുന്ന ജയിലുമാണ് അവിടെ ഉണ്ടായിരുന്നത്.ഇന്ന് അത് സ്വന്തം നാടിനു വേണ്ടി പ്രതികരിച്ചവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.പ്രതികരിക്കുന്നവരെ നിശ്ശബ്ദരാക്കുവാനും അവരുടെ ശബ്ദം മറ്റുള്ളവരുടെ കാതുകളിൽ എത്താതിരിക്കുവാനും ഭരണകൂടം കണ്ടെത്തിയ മാർഗം ജയിൽ ആണ്.നേരോടെ എല്ലാം നാടകത്തിൽ വിളിച്ചു പറഞ്ഞിട്ടുമുണ്ട്.
     ഈ കെട്ടകാലത്തിൽ തിരശീലകൾ ഉയരാത്ത നാടകശാലകൾക്ക് നാവുകളില്ലാതാവുന്നിടത്ത് കലാകാരന്മാർക്ക് പ്രതികരിക്കാതിരിക്കാനാവില്ലല്ലോ. പുതിയ മാർഗങ്ങളിൽ അവർ വിളിച്ചു പറയുന്നുണ്ട് ഈ നടക്കുന്നതൊന്നും അത്ര ശരിയല്ല എന്ന്. മിണ്ടാതിരിക്കരുത് നാം പ്രതികരിക്കണമെന്ന്. 'ദ്വീപ് ' എന്ന നാടകം കാണുന്ന ഏതൊരാൾക്കും അത്രമേൽ ആഴത്തിൽ തന്നെ ലക്ഷദ്വീപിലെ പ്രശ്നങ്ങൾ എന്താണെന്ന് തിരിച്ചറിയാവുന്നതാണ്.സംഘപരിവാർ അജണ്ടകളോടെ കയറി വന്ന അഡ്മിനിസ്ട്രേറ്റർ നടത്തിയ ഭരണ പരിഷ്‌കാരങ്ങൾ ദ്വീപുവാസികളുടെ പരമ്പരാഗത ജീവിതരീതിയെയും അവരുടെ സമാധാനത്തെയും ആണ് താറുമാറാക്കിയത്.
ടൂറിസം വികസനം എന്ന വ്യാജേന സാമുദായിക മതവികാരത്തെ വ്രണപ്പെടുത്തുന്ന ഇടപെടലുകളാണ് ഭരണ കൂടം നടത്തിയത്. മദ്യം ഉപയോഗിക്കാത്ത മനുഷ്യർ ജീവിക്കുന്ന സ്ഥലത്ത്‌ മദ്യനിരോധനം എടുത്ത്‌ കളയുക, 
ബീഫ്‌ കഴിക്കുന്നവരുടെ ഇടയിൽ ബീഫ്‌ നിരോധിക്കുക,മത്സ്യബന്ധനം പ്രധാന വരുമാന മാർഗ്ഗമായിരുന്ന ഇവരുടെ ബോട്ടുകൾ സൂക്ഷിക്കാറുള്ള കടൽ തീരത്ത് ഉള്ള ഷെഡ് യാതൊരു മുന്നറിയിപ്പും ഇല്ലാതെ പൊളിച്ചു കളയുക,
ഭരണനിർവ്വഹണ സംവിധാനങ്ങളിൽ നിന്ന് പ്രദേശവാസികളെ പുറത്താക്കുക,
അംഗനവാടികൾ അടച്ചുപൂട്ടുകയും,കലാകായിക വിഷയങ്ങൾ പഠിപ്പിച്ചിരുന്ന അധ്യാപകരെ യാതൊരു കാരണങ്ങൾ ഇല്ലാതെ പിരിച്ചു വിടുകയും,അടിസ്ഥാന ആവശ്യങ്ങൾ വരെ വിലക്കുന്ന നിയമങ്ങൾ കൊണ്ടു വരികയും ചെയ്യുന്നതുകൊണ്ട്‌ അവരെ പ്രകോപിപ്പിക്കുക എന്നതല്ലാതെ എന്താണ് ഭരണകൂടത്തിന്റെ ലക്ഷ്യം?
      ദ്വീപുവാസികളുടെ ക്ഷേമത്തിനായി വേണ്ടിയാണ് ഇതൊക്കെയെങ്കിൽ അവരുടെ അടിസ്ഥാന ആവശ്യങ്ങൾക്കല്ലേ മുൻഗണന നൽകേണ്ടത്? നാടകത്തിൽ പറയുന്ന പോലെ ഒരു ഹോസ്പിറ്റലോ മറ്റു സൗകര്യങ്ങളോ ഒക്കെയാണ് ആ പാവങ്ങളുടെ ആവശ്യം .
പ്രദേശവാസികളെ സന്തുഷ്ടരാക്കി സമാധാനത്തോടെ വസിക്കാൻ സഹായിക്കുക എന്നതാവണ്ടേ സർക്കാരിന്റെ ഉത്തരവാദിത്വം? ജനങ്ങളെ അത്രമേൽ സങ്കടത്തിലാക്കി എന്ത് വികസനമാണ് ഭരണകൂടം ഉണ്ടാക്കാൻ ശ്രമിക്കുന്നത്?.  
    ദ്വീപ് എന്ന നാടകം ഉന്നയിക്കുന്നതും അതേ ചോദ്യങ്ങൾ ആണ്. ടൂറിസം മറയാക്കി കോർപ്പറേറ്റ് ഭീകരന്മാരുടെ കൈകളിലേക്ക് ലക്ഷദ്വീപിനെ എറിഞ്ഞു കൊടുക്കാനാണ് അവരുടെ ലക്ഷ്യം.ജനങ്ങളുടെ സമാധാന ജീവിതം ഇല്ലാതാക്കി കൊണ്ട് വരുന്ന വികസനങ്ങൾ ഒരിക്കലും അവരുടെ നന്മയ്ക്കാവില്ല,ജനിച്ച നാട്ടിൽ നിന്നും പടിയിറക്കപ്പെട്ട് അഭയാർഥികൾ ആകേണ്ടി വരിക എന്നത് മരണ തുല്യമാണ്. പ്രതികരിക്കേണ്ടത് ഇപ്പോൾ നമ്മുടെ കൂടി ആവശ്യമാവുകയാണ് അല്ലെങ്കിൽ നാളെ നമ്മളും പടിയിറക്കപ്പെടാം... നിശ്ശബ്ദരാക്കപ്പെടാം...ലക്ഷദ്വീപിലെ വെളുത്ത മണൽതരികളും തിരകളും അവിടുത്തെ ജനങ്ങളുടെ ചോരയിൽ ചുവന്നു പോകാതിരിക്കട്ടെ... അവരുടെയും നമ്മുടെയും ഇടങ്ങൾക്കായി നമുക്കും പ്രതികരിച്ചു തുടങ്ങാം...
      നാടകം അവസാനിക്കുമ്പോഴും ഇതു തന്നെയാണ് വിളിച്ചു പറയുന്നത്.നമ്മളും പ്രതികരിച്ചേ മതിയാകു.
    മൂന്നു പേർ മാത്രം അഭിനയിച്ച ഈ കൊച്ചു നാടകം കാണികളുടെ മനസിൽ അത്രമേൽ ആഴ്ന്നിറങ്ങുന്നതാണ്. ഒരു വേദിയിൽ അവതരിപ്പിക്കുന്ന അതേ പ്രതീതി ഉണ്ടായിരുന്നു.പരിമിതികളിൽ നിന്നു കൊണ്ട്‌ ഉണ്ടാക്കിയെടുത്ത ഒരു നല്ല സൃഷ്ടിയാണ് 'ദ്വീപ്' എന്ന ഈ നാടകം.അഭിനേതാക്കൾ എല്ലാം വളരെ നന്നായി അവരുടെ ഭാഗങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.ഇനിയും ഉണ്ടാകട്ടെ ഇതുപോലുള്ള നല്ല നാടകങ്ങൾ... അണിയറ പ്രവർത്തകർക്ക് ആശംസകൾ... സലീൽ ഉസ്മാൻ എഴുതുന്നു
നാടകം വലിയൊരു സമരമാർഗമാണ്..കാലത്തോട് പ്രതികരിച്ചതിൽ നാടക
കലാരൂപത്തിന് വലിയ പ്രാധാന്യമുണ്ട് , അത്തരം വ്യത്യസ്തമായ ഒരു നാടകാനുഭവമായിരുന്നു ലക്ഷദ്വീപ് പശ്ചാത്തലത്തിൽ പറഞ്ഞ ദ്വീപ് എന്ന നാടകം …ശബ്ദിക്കുന്ന / പ്രതികരിക്കുന്ന മനുഷ്യനെ കൊന്നുകളയുന്നകാലത്തിനെതിരെ നാടക സമരം തീർക്കുകയായിരുന്നു “ദ്വീപ്” എന്ന നാടകത്തിലൂടെ...എന്റെ പ്രിയ സുഹൃത്ത് “ആദിത്യൻ കാതിക്കോട്…ആവിഷ്കാരസ്വാതന്ത്യ്രം ഇത്രയും അപകടത്തിലായ കാലഘട്ടത്തിൽ , കാലത്തോട് പ്രതികരിക്കാന്‍ കഴിയുന്നസമൂഹത്തെ സൃഷ്ടിക്കാന്‍ ഇതുപോലുള്ള തുറന്നു പറച്ചിൽ നാടകങ്ങൾ അത്യാവശ്യമാണ്, വ്യത്യസ്തമായ ഒരു നാടകാനുഭവമായിരുന്നു “ദ്വീപ്” സമ്മാനിച്ചത് !!..ഈ നാടകം കാലത്തോട് വിളിച്ചു പറയുന്നത് ഇങ്ങിനെയാണ്‌ :-“സാഹോദര്യവും സ്നേഹവും ഉമ്മവെച്ചിരുന്ന ദ്വീപ് സമൂഹത്തിൽ വെറുപ്പിന്റെ ,കണക്കു പുസ്തകത്തിലേക്ക് സാധുക്കളായ ലക്ഷദ്വീപ് സമൂഹത്തെ ചേർത്തുവെക്കരുതേ ...എന്ന് വർഗീയ വിഷംപൂണ്ട കരിനിയമങ്ങൾ കൊണ്ടുവന്ന് നിഷ്കളങ്കരായ ദ്വീപ് നിവാസികളെ ഒറ്റപ്പെടുത്തുമ്പോൾ ..കടലിനോട് അദ്ദേഹം സങ്കടംപറയുന്നിടം ഈ നാടകം വ്യത്യസ്തത പുലർത്തുന്നു ……അരികുവത്കരിക്കപ്പെട്ടവന്റെ 
ദുഃഖങ്ങൾ ജനഹൃദയങ്ങളിലേക് നേരിട്ട് എത്തിക്കാൻ ആദിത്യനും / സുധീഷിനും /കൊച്ചുകുട്ടിക്കും കഴിഞ്ഞു എന്നതും പ്രത്യകം എടുത്തു പറയേണ്ടതാണ്. ഉള്ളിലെ വ്യഥകൾ അഭിനയ മുഹൂർത്തങ്ങളായി അരങ്ങിൽ ആദിത്യൻ കാതിക്കോട് ‌എന്ന നടൻ ഗംഭീരമായി അവതരിപ്പിച്ചു !!!!!.അതും ആനുകാലിക പ്രസക്തിയുള്ള, കാലഘട്ടത്തിനത്യാവശ്യമായ വിഷയം പറഞ്ഞപ്പോൾ !!! ... അത് വ്യത്യസ്തമായ നാടകാനുഭവമായി മാറി. 
ഇത്രയും ഗംഭീരമായി സങ്കീർണമായ ഒരു വിഷയം അവതരിപ്പിച്ച ഈ നാടകം സംവിധാനം
ചെയ്ത"സുധീഷ് അമ്മവീട് പ്രത്യകം അഭിന്ദനം അർഹിക്കുന്നു..
വിഷയങ്ങളുടെ പുതുമയെക്കാള്‍ രചനയുടെ പ്രൗഢിയും ഈ നാടകത്തിൽ വേറിട്ട്
നില്കുന്നത് കാണാൻ കഴിഞ്ഞു , നാടകം കാണാനുള്ളതുമാത്രമല്ല,
അതറിയേണ്ടതാണ്, ഒപ്പം നടക്കേണ്ടതാണ് എന്ന സത്യം രംഗങ്ങളിലൂടെ
പ്രേക്ഷകരിൽ എത്തിച്ചു . ഈ നാടകത്തിൽ പ്രധാന കഥാപാത്രം അഭിനയിച്ച
" ആദിത്യൻ” അദ്ദേഹം അഭിനയിക്കുകയായിരുന്നില്ല മറിച്ചു യഥാർത്ഥത്തിൽ അരങ്ങിൽ ജീവിക്കുകയായിരുന്നു ..ഇപ്പോളെല്ലങ്കിൽ പിന്നെ എപ്പോൾ നമ്മൾ ഒറ്റകെട്ടായി ഇതിനെതിരെ പ്രതികരിക്കും എന്ന് നാടകം നമ്മോട് പറയുന്നു ….എല്ലാ അഭിനേതാക്കൾക്കും ,സംവിധായകനും നാടകത്തിനു പിന്നിൽ
പ്രവർത്തിച്ച എല്ലാവര്ക്കും അഭിന്ദനങ്ങൾ ....,സ്നേഹത്തോടെ..സലീൽ ഉസ്മാൻ കാതിക്കോട്
https://youtu.be/UnCLYM5cBmI

സാoസ്ക്കാരിക പ്രവർത്തകൻ
സുലൈമാൻ കയ്പമംഗലം എഴുതുന്നു
പ്രിയമുള്ളവരേ..,

എപിക് തിയറ്ററിന്റെ 'ദ്വീപ്' നാടകം കാലിക പ്രസക്തമായ മികച്ച ആവിഷ്കാരമായി അനുഭവപെട്ടു. 

ക്രോണി കാപ്പിറ്റലിസത്തിന്റെ അതിഭീകരങ്ങളായ അധിനിവേശങ്ങൾ വളരെഊർജ്ജസ്വലമായി,അക്രമാത്മകമായി നടമാടുകയും പുതിയ അധിനിവേശങ്ങൾക്കായുള്ള അരങ്ങൊരുക്കങ്ങൾ
അണിയറയിൽ തകൃതിയായി നടക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണല്ലോ. 

നമ്മുടെ നാട്ടിലെ ഓരോ പച്ചതുരുത്തുകളും, കാടും, കടലും,മലകളും,പുഴകളുമടക്കം എല്ലാം എന്നേ
കച്ചവട വിഭവങ്ങളായതാണ്. എന്നാൽ കോർപറേറ്റ് ശക്തികൾക്ക് ഇവയെല്ലാം വൻ ലാഭമുണ്ടാക്കാനായി വിട്ടുകൊടുക്കുന്ന ഭരണകൂട ഒത്താശകൾ
രാജ്യസ്നേഹത്തിന്റെ ഭാഗമാകുകയും ,അതിനെതിരെ പ്രതികരിക്കുന്നത് രാജ്യദ്രോഹമാകുകയും ചെയ്യുന്ന വിചിത്ര നീതിശാസ്ത്രം ഇതിനുമുൻപ് നമുക്ക് അത്ര പരിചയമുള്ളതല്ല.

രാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ടങ്ങളിലടക്കം പിന്തിരിഞ്ഞുനിന്ന് വൈദേശിക ശക്തികൾക്ക് ഒത്താശ ചെയ്തവർ ഭരണത്തിലെത്തിയപ്പോൾ ഇന്നും മറ്റു മാർഗ്ഗങ്ങളിലൂടെ ചെയ്യുന്നത് അതു തന്നെയാണ്. എന്നിട്ടും ദേശസ്നേഹത്തിന്റെ മൊത്തം കുത്തക അവകാശപ്പെട്ടുകൊണ്ട് സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ ജീവനും,ജീവിതവും സമർപ്പിച്ചവരുടെ പിന്തലമുറക്കാരെ ദേശദ്രോഹികളായി ചിത്രീകരിച്ച് ആ ജനതയുടെ ജീവിതവും തകർക്കുന്ന ഏറെ വിഭീഷണമായ അധിനിവേഷങ്ങളാണ് ലക്ഷദ്വീപിലടക്കം രാജ്യത്തിന്റെ വിവിധയിടങ്ങളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. 

ഇന്ന് ലക്ഷദ്വീപിലാണെങ്കിൽ നാളെയത് കേരളത്തിലും സംഭവിക്കുമെന്നതിൽ സന്ദേഹിക്കേണ്ടതില്ല.
അത്തരത്തിലാണ് നമ്മുടെ ഫെഡറൽ സംവിധാനങ്ങളെ തകർത്ത് ഏകാശിലാ മാതൃകയിൽ വാർത്തെടുക്കാനുള്ള അഭിശപ്ത നീക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. 

ഇത്തരമൊരു രാഷ്ട്രീയ സന്നിഗ്ദതകളിൽ; എന്തെല്ലാം പരിമിതികൾക്കുള്ളിലായിരുന്നാലും,ഭീഷണികൾ നേരിട്ടാലും ഭരണകൂടത്തിന്റെ
ഇത്തരം ദേശദ്രോഹ-അമാനവീക
നീക്കങ്ങൾക്കെതിരെ പ്രതികരിക്കാതിരിക്കാൻ മനുഷ്യപക്ഷത്ത് നിലകൊള്ളുന്ന കലാകാരന്മാർക്ക് കഴിയില്ല. നാളെ ചരിത്രത്തിൽ അഭിമാനപുരസ്സരം രേഖപെടുത്തപ്പെട്ടത് നമ്മുടെ പിന് തലമുറ വായിച്ചു ഊറ്റം കൊള്ളുന്ന പാഠങ്ങളിൽ എപിക് തിയറ്ററിന്റെ ഈ തിളക്കമുള്ള പരിശ്രമങ്ങളുമുണ്ടാകും.

നാടകവുമായി ബന്ധപ്പെട്ട് എന്തെങ്കിലും
കുറവുകൾ കണ്ടെത്താൻ തലകുത്തിനിന്നു നോക്കിയിട്ടും കഴിഞ്ഞില്ല. എല്ലാ കലാകാരന്മാരും,കലാകാരിയും വളരെ നന്നായി ലക്ഷദ്വീപിന്റെ മണ്ണിന്റെയും,മനസ്സിന്റെയും വേവുകൾ ഒപ്പിയെടുത്ത് പകർത്തിയിരിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരുന്ന എല്ലാ കലാഹൃദയങ്ങൾക്കും കടപ്പാടുകൾ ചേർത്ത് ഹൃദയം തൊട്ട് അഭിവാദ്യം ചെയ്യുന്നു.

ഇനിയും നമുക്ക് പൊള്ളുന്ന പാതയിലൂടെ
ഏറെ സഞ്ചരിക്കാനുണ്ട്
വരും കാലം അത്രകണ്ട് ശോഭനമായിരിക്കും എന്ന് വിശ്വസിക്കാൻ പലരേയുംപോലെ നമുക്കാവില്ല.
കൈകൾ കോർത്ത്,ഹൃദയങ്ങൾ ചേർത്ത് നമുക്കൊന്നായി മുന്നോട്ട് പോകാം.

സ്നേഹാഭിവാദ്യങ്ങൾ..

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)