കല്യാണിയെന്നും ദാക്ഷായാണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത
ഇഷിക എഴുതിയത് (Copy)
"കല്യാണിയെന്നും ദാക്ഷായാണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത" വായിച്ചപ്പോൾ എന്തൊക്കെയോ എഴുതണമെന്ന് തോന്നി, അങ്ങനെ കുറിച്ചിട്ടതാണ്. പൂർണമായിട്ടില്ല, മനസിൽ തോന്നുന്നത് മുഴുവൻ എഴുതിയിടാൻ എന്തുകൊണ്ടോ എന്നെക്കൊണ്ട് പറ്റുന്നില്ല, അടുത്തിടെ വായിച്ചതിൽ ഏറ്റവും മികച്ച വായനാനുഭവം. ശക്തിയേറിയ പെണ്ണെഴുത്ത്.
ഒരുപാട് നാളുകൾക്ക് ശേഷം ആഴത്തിലൊരു പുസ്തകം വായിച്ചതിന്റെ സന്തോഷം. ഞാൻ ജനിച്ചു വളർന്ന നാടിനെ മറ്റൊരു ദിശയിലൂടെ നോക്കിക്കാണാൻ എന്നെ പ്രേരിപ്പിച്ച പുസ്തകം.
കുടുംബ മഹിമയോ, കുല മഹിമയോ, സ്ഥല മഹിമയോ ആവശ്യപ്പെടാനില്ലാത്ത രണ്ടു പെണ്ണുങ്ങൾ. ( കണ്ണൂരിലെ സാദാ നാട്ടിൻപുറത്തുകാരികൾ ആയതുകൊണ്ടാണ് അവർക്ക് സ്ഥല മഹിമ കൂടെയില്ലയെന്നു തറപ്പിച്ചു പറയുന്നത്).
കഥ നടക്കുന്ന കാലഘട്ടം 1970-80 കൾ മുതൽ ഇങ്ങോട്ടാണെന്നു കരുതുന്നു (കഥാകാലത്തെ സൂചിപ്പിക്കാൻ നിരവധി സൂചകങ്ങൾ എഴുത്തുകാരി ഒളിപ്പിച്ചിട്ടുണ്ടെങ്കിലും, എന്റെ അറിവിന്റെയും പ്രായത്തിന്റെയും പരിമിതിമൂലം കൃത്യമായി പറയാൻ കഴിയുന്നില്ല!) എങ്കിലും ഇതൊരു പഴമ്പുരാണമല്ല, ഇന്നിലേക്കും നാളെകളിലേക്കും തുറന്നിട്ട വഴികളാണ്.
ഫെമിനിസത്തെപ്പറ്റിയും പെണ്ണെഴുത്തുകളെക്കുറിച്ചും കാര്യമായ ചർച്ചകൾ നടക്കുന്ന ഇന്ന് കാര്യമാത്ര പ്രസക്തമായി ചർച്ച ചെയ്യപ്പെടേണ്ട "കത"യാണിത്.
ചെറുപ്പത്തിൽ അമ്മമ്മമാരുടെ നടുവിലാണ് ഞാൻ വളർന്നത് (അച്ഛന്റെ അമ്മയുടെ അമ്മയും, അമ്മയുടെ അമ്മയും). (മാവിൽ കല്ലെറിയുക, തൊട്ടു വക്കിൽ മീൻ പിടിക്കാൻ പോവുക തുടങ്ങിയ യാതൊരു ബാല്യകാലാനുഭവങ്ങളും എനിക്കില്ല. പല കഥകളും സിനിമകളും കണ്ടപ്പോ എനിക്ക് തോന്നാറുണ്ട് എനിക്ക് ഓർക്കാൻ മാത്രം എന്ത് കുട്ടിക്കാലമാണുള്ളതെന്ന്.) ഈ അമ്മമ്മമാർ പറയുന്ന കഥകളും ഉപകഥകളും പാട്ടുകളും കേട്ടാണ് ഞാൻ വളർന്നത്. ആ ഓർമകളിലേക്ക് എന്നെ പിന്നെയും വലിച്ചിട്ടത് ഈ നോവലാണ്. അവരു പകർന്നു നൽകിയ അറിവുകൾ, അവരുടെ ലോകം, അതെല്ലാം എനിക്കി "കത"യിൽ നിന്ന് ഒന്നുകൂടി അനുഭവിക്കാൻ പറ്റി. ( എന്റെ അമ്മമ്മമാരും ദാക്ഷായാണിയെപോലെയും കല്യാണിയെപോലെയുമാണ് സംസാരിക്കുക)
എന്റെ വീട്ടിനടുത്തും ഒരു കോട്ടമുണ്ട്. ചോന്നമ്മയുടെയും ശാസ്താവിന്റെയും. പഴേ തറവാട്ട് വീട്ടിൽ ഗുളികന്റെയും നാഗത്തിന്റെയും സ്ഥാനവുമുണ്ട്. അതുകൊണ്ട് തന്നെ, സന്ധ്യയ്ക്ക് മുടിയഴിച്ചിട്ടാ ഗുളികൻ പിടിക്കും, രാത്രി ചെമ്പകപ്പൂ പറിച്ചാ ഗന്ധർവൻ കൂടും... എന്തൊക്കെ മിത്തുകളും, വിശ്വാസങ്ങളും നിറഞ്ഞതായിരുന്നു എന്റെ കുട്ടിക്കാലം.
തലങ്ങനേം വിലങ്ങനേം ജീവിതം കൊഞ്ഞനം കുത്തികാണിക്കുമ്പോ, "പോയിപ്പണിനോക്കാമ്പറ" എന്നും പറഞ്ഞു തിരിഞ്ഞു നടന്ന രണ്ടു പേരാണ് കല്യാണീം ദാക്ഷായാണീം. നമ്മള് നോക്കുമ്പോ രണ്ടാളും നമ്മടെ നാട്ടിലെ സാധാരണ പെണ്ണുങ്ങളാണ്. എന്നാലോ, മൂന്നാം ക്ലാസ്സില് പഠിക്കുമ്പോ, തുടയ്ക്ക് നുള്ളിയ മാഷിനെ "നായിന്റെ മോനെ നീ പുഴുത്തു പോവും"ന്ന് പ്രാകിക്കൊണ്ടു സ്കൂളിന്റെ പടിയിറങ്ങിയ കട്ട ഫെമിനിച്ചികളാണ് ( അങ്ങനെ വിളിക്കാനുളള സ്വാതന്ത്ര്യം ഉണ്ടോന്നറിയില്ല!) രണ്ടും.
സ്വന്തം കാര്യം വളരെ നന്നായി നോക്കാനാറിയാവുന്ന, സ്വന്തം ഇഷ്ടപ്രകാരം ( അതിനി നാട്ടുകാർ അല്ല സ്വന്തം മോൻ പോലും എന്ത് പറഞ്ഞാലും) ജീവിയ്ക്കാൻ ഇടങ്ങിപ്പുറപ്പെട്ട ഒരുമ്പെട്ടവളുമാരാണ് രണ്ടുപേരും.
പുസ്തകം വായിച്ച കാലം തൊട്ട് ഓർക്കുന്നത് "നല്ല മലയാളത്തിലോ", വള്ളുവനാടൻ ഭാഷയിലോ എഴുതപ്പെട്ട പുസ്തകങ്ങളാണ്. ( ബഷീറിന്റെ പുസ്തകങ്ങളെ ഈ ലിസ്റ്റിൽ നിന്ന് മനപൂർവം ഒഴിവാക്കുന്നു.) കണ്ണൂർ ഭാഷ ഇങ്ങനെ എഴുതിപ്പിടിപ്പിക്കാൻ പറ്റുമെന്ന് പോലും ഞാൻ വിചാരിച്ചിട്ടില്ല. പലപ്പോഴും എഴുതാൻ ശ്രമിച്ചിട്ടും, അൻപത്തൊന്നക്ഷരങ്ങളും ചിഹ്നങ്ങളും കൂട്ടു വന്നില്ല. എന്റെ ഭാഷയിൽ എഴുതപ്പെട്ട പുസ്തകമെന്നത് കൊണ്ട് കൂടെയാവും ഈ പുസ്തകം ഏറെ ചേർന്നു നിൽക്കുന്നത്. കണ്ണൂർ ഭാഷയെ പുച്ഛിച്ചു തള്ളിയ എന്റെ തെക്കൻ കേരളത്തിലെ സുഹൃത്തുക്കളെയും ഞാൻ ഈ അവസരത്തിൽ സ്മരിക്കുന്നു!
രണ്ടു വർഷങ്ങൾക്ക് മുൻപ് മാതൃഭൂമിയുടെ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ തെറിയുടെ രാഷ്ട്രീയം എന്ന ചർച്ചയിൽ പങ്കെടുത്തിരുന്നു. അന്നത്തെ ആ വേദിയിൽ മുഖ്യ ക്ഷണിതാക്കളായുണ്ടായത് ലാസർ ഷൈൻ, കൽപ്പറ്റ നാരായണൻ, ദിനു, പിന്നെ ഒരു വിവാദമായ കോളേജ് ( പേര് മറന്നു പോയി) മാഗസിന്റെ അണിയറ പ്രവർത്തകരും ആയിരുന്നു. ആദ്യമായാണ് ഒരു എഴുത്തുകാരി തെറിയുപയോഗിച്ചു കാണുന്നത്. തെറി വാക്കുകൾക്ക് ആശയത്തെ ഇത്രമാത്രം ശാക്തീകരിക്കാൻ കഴിയുമെന്ന് ഇപ്പോഴാണ് പൂർണമായും മനസ്സിലാവുന്നത്.
ഭൂതവും വർത്തമാനവും വിശ്വാസങ്ങളും മനുഷ്യരും മരണപ്പെട്ടവരുടെ ആത്മാക്കളും പ്രകൃതിയും എല്ലാം കൂടിക്കലർന്നൊരു വഴിയിലൂടെയാണ് ഈ "കത" സഞ്ചരിക്കുന്നത്.
കല്യാണിയും ദാക്ഷയാണിയും കാണുന്ന ദേശങ്ങൾ, ഉപ്പും പുളിയും എരിവും ചവർപ്പുമായ അനുഭവങ്ങൾ, നാടൻ കള്ളിന്റെയും വറുത്തരച്ച മീൻകറിയുടെയും, തേങ്ങാക്കൊത്തിട്ട കല്ലുമ്മക്കായുടെയും രുചികൾ, ബീടിപ്പുകയുടെയും പഴുത്ത കശുമാങ്ങകളുടെയും മണം ഇതെല്ലാം ചേർന്നതാണ് എഴുത്തുകാരി സൃഷ്ടിക്കുന്ന ലോകം.
എല്ലായിടത്തും ഇത്തരത്തിലുള്ള പെണ്ണുങ്ങളെ നിങ്ങൾ കണ്ടേക്കാം. നിങ്ങളുടെ സദാചാര ബോധം കൊണ്ടോ, യുക്തികൊണ്ടോ അളക്കാൻ കഴിയാത്തത്ര വലുതായവർ. നിങ്ങളുണ്ടാക്കിയ ചുറ്റുമതിലുകൾ തകർത്തുകൊണ്ട് നിങ്ങളെ കൊഞ്ഞനം കുത്തുന്നവൾ. നിങ്ങളവരെ വേശ്യയെന്നോ, തലതെറിച്ചതെന്നോ, ഭ്രാന്തിയെന്നോ മുദ്രകുത്തി ഒറ്റപ്പെടുത്തും. നാടിന്റെ ചരിത്രത്തിലും അവർക്കത്രെ സ്ഥാനം ഉണ്ടാവുകയുള്ളു. അല്ല അവരുടെ പേരുകൾ ഉണ്ടാവാറെയില്ല.
അടയാളപ്പെടുത്തലുകളില്ലാതെ നടന്നതിനാൽ കാലം മായ്ച്ചു കളയുന്ന ചില പെണ്ണുങ്ങൾ.
അവരെയാണ് എഴുത്തുകാരി വരച്ചിടുന്നത്, അവരിലൂടെ ഒരു ദേശത്തെയും അതിന്റ വർത്തമാനങ്ങളും...
-ഇഷിക
Comments
Post a Comment