പ്രകാശൻ മതിലകത്തിന്റെ കടലാഴങ്ങൾ എന്ന പുസ്തകത്തെ കുറിച്ച് സുധീഷ് അമ്മവീട്
കടലാഴങ്ങൾ വായിച്ചു.
ഏതാണ്ട് ഒറ്റയിരുപ്പിൽ തന്നെ …
കടലു പോലെ മോഹിപ്പിക്കുകയും
തിരയുടെ കൈകൾ നീട്ടി നമ്മെ അതിന്റെ അഗാധതയിലേക്ക് വലിച്ചടുപ്പിക്കും
പോലെയുള്ള ഒരു എഴുത്ത് …
കടൽ എനിക്ക് മതിവരാത്ത ഒരു കാഴ്ച്ചയാണ് … പ്രണയാർദ്രമായ ഒരു കവി മനസ്സ് എന്നെ ചൂഴ്ന്ന് നിൽക്കുന്നതു കൊണ്ടോ അതോ കടലിന്റെ കാൽപ്പനീകത പലരും പറഞ്ഞ് പഴകി ഉറച്ചു പോയതു കൊണ്ടോ ആകാം … കടൽ തീരം
ഒഴുവുസമയം വന്നിരിക്കാൻ കൊതിക്കുന്ന ഇടമാണ് …
അഴീക്കോടും ആറാട്ടു കടവും കമ്പനി കടവും സ്നേഹതീരവും പൊക്ളായിയും ആഴ്ച്ചയിൽ ഒരു ദിവസം മാറി മാറി
വന്നു പോകാറുണ്ട് …
ഹെമിംഗ് വെയുടെ കിഴവനും കടലും വായിച്ചതിനു ശേഷം
കടലിനെ ചുറ്റിപ്പറ്റിയുള്ള ജീവിതങ്ങളെ കുറിച്ചുള്ള ആലോചനയിലേക്കും
ഞാൻ കടന്നുപോയി തുടങ്ങി…
കടൽ ഒരു കാൽപ്പനീക അനുഭവം മാത്രമല്ല എന്നും അതിന്റെ
ഉയർച്ചതാഴ്ച്ചകൾ, രൂപ മാറ്റങ്ങൾ
അടിയൊഴുക്കുകൾ
നീർച്ചുഴികൾ ഇതെല്ലാം അതിനോട്
മല്ലടിച്ചു ജീവിക്കുന്നവരുടെ
കണ്ണിലൂടെ കൂടിയുള്ള കാഴ്ച്ച
കിഴവനും കടലും സാധ്യമാക്കി തന്നു.
കടലാഴങ്ങൾ വായിക്കുമ്പോൾ അതിനു സമാനമായ ഒരു അനുഭവത്തിലൂടെയാണ് ഞാൻ കടന്നുപോയത് ….
കടലാഴങ്ങൾ എന്ന പുസ്തകം പങ്കു വെക്കുന്നത് കടലിൽ നിന്ന് ഉപജിവനം തേടുന്ന ഒരു പറ്റം മനുഷ്യരുടെ ജീവിതം
അതിന്റെ യഥാർത്ഥ ഭൂമികയിൽ
നിന്നു വിശദീകരിക്കുന്നു എന്നതാണ്.
കൗതുകവും സാഹസികതയും
നിറഞ്ഞ ഒരു ജീവിതം ജീവിക്കുന്ന ആ മനുഷ്യർക്ക്. കരയിലെ ഭാഷയോ സംസ്ക്കാരമോ അല്ല കടലിൽ
കരയിലെ പെരുമാറ്റമല്ല
കടലിൽ അവരുടെ പെരുമാറ്റം
കടലു പോലെ പ്രവചനാതീതമാണ്
കടലിൽ അവരുടെ പെരുമാറ്റം …
കരയിലെ പാട്ടല്ല അവർക്ക് കടലിലെ പാട്ട് കരയിലെ രുചിയല്ല അവർക്ക് കടലിലെ രുചി …… !!
വല കണ്ണികൾ എന്ന പോലെ സ്നേഹത്താൽ ബന്ധിതമെങ്കിലും
അവർ കലഹിക്കും
ആക്രോശിക്കും പിണങ്ങും
അത് സാഹചര്യം ഏൽപ്പിക്കുന്ന
സമ്മർദ്ദങ്ങൾക്കനുസരിച്ചാണ്.
അനുഭവമാണ് അവരുടെ പാഠപുസ്തകം അത് കൊണ്ട് കടലിൽ ജീവിച്ചു തീർത്ത കാലത്തിന്റെ
ദൈർഘ്യത്തിനാണ് പ്രാധാന്യം …
കടലിന്റെ സ്വഭാവമാറ്റത്തെ പിടിച്ചെടുക്കാനുള്ള റഡാറുകൾ
അവരുടെ കൈവശമാണ് ഉള്ളത്.
മീനിന്റെ വരവും പോക്കും
മീനിന്റെ ഒളിയിടങ്ങൾ അതിനിടയിൽ
പതിയിരിക്കുന്ന ചതികൾ
ഇതെല്ലാം എളുപ്പം തിരിച്ചറിയാനുള്ള
ശേഷിയാണ് കടൽ ജീവിതങ്ങൾക്ക്
അതി ജീവന ശേഷി നൽകുന്നത്.
അവർക്കൊപ്പം ജീവിച്ച് അവരുടെ
സന്തോഷങ്ങളിൽ സങ്കടങ്ങളിൽ
പറ്റി ച്ചേർന്ന് നിന്ന് കൊണ്ടാണ്
പ്രകാശൻ മതിലകം ഒരു ത്രില്ലിങ്ങ് നോവലിന് സമാനമായ കടലാഴങ്ങൾ
എന്ന പുസ്തകത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
കടൽ ജീവിതങ്ങൾ ജീവിക്കുന്നവരുടെ ജീവന് എന്ന പോലെ
ജീവിതത്തിനും യാതൊരു സുരക്ഷയുമില്ല പട്ടിണിയും വറുതിയുമാണ് പലപ്പോഴും
പ്രകൃതിയുടെ ഭാവമാറ്റങ്ങൾക്കൊപ്പമുള്ള ഒരു തരം ചൂതുകളിയാണ് ഇവരുടെ ഓരോ ദിനവും … കരയിലെ കാറ്റും മഴയുമല്ല
കടലിൽ അവരെ കാത്തിരിക്കുന്നത്
ഒറ്റ കാറ്റുമതി ഊതി കെടുത്തിയതു പോലെ കരയിൽ അവരെ കാത്തിരിക്കുന്നവരുടെ പ്രതീക്ഷകൾ കെട്ടുപോകാൻ ….
നമ്മുടെ ആലോചനകളിൽ
കടന്നുവരാത്ത ചില ജീവിത പരിസരങ്ങളെ സംഘർഷങ്ങളെ
അതി ഗംഭീര മായി പ്രകാശൻ മതിലകം
അവതരിപിച്ചിരിക്കുന്നു …
"കടലാഴങ്ങൾ "
ഇന്ദുലേഖ ബുക്ക്സ് പുറത്തിറക്കുന്ന
ഈ പുസ്തകം
കണ്ടെത്തി വായിക്കണം
തീർച്ചയായും പുതിയ ഒരനുഭവമായിരിക്കും…
- സുധീഷ് അമ്മവീട്
Comments
Post a Comment