വിഷു - തുല്ല്യമായ രാവും പകലും പോലെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പ്പര്യത്തിന്റെ ഉത്സവം - സുധീഷ് അമ്മവീട്

വിഷു - തുല്ല്യമായ രാവും പകലും പോലെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പ്പര്യത്തിന്റെ ഉത്സവം
     - സുധീഷ് അമ്മവീട്


ഇതാ ഒരു വിഷുക്കാലം കൂടി കടന്നുവരുന്നു. മനുഷ്യന്റെ എല്ലാ ആഘോഷങ്ങൾക്കു പിന്നിലും അവൻ സാമൂഹ്യ ജീവിയായി പരിണമിക്കപ്പെട്ട കാലം മുതലുള്ള ചരിത്ര ധാരയുണ്ട്.
കൂട്ടമായി ജീവിക്കാനും കൃഷി ചെയ്യാനും തുടങ്ങിയപ്പോൾ അവന് തങ്ങാൻ സ്ഥിരമായി ഇടങ്ങൾ വേണ്ടി വന്നു. അവൻ തമ്പടിച്ച ഇടങ്ങളിലെ ആവാസ വ്യവസ്ഥ അവനിലും അവൻ തിരിച്ച് ആ വാസവ്യവസ്ഥയിലും ഇടപെടാൻ തുടങ്ങി. നല്ല വിളവ് എന്നത് നല്ല ഭക്ഷണം അതിന്റെ കരുതിവെപ്പ് ഓരോ സ്ഥലകാലങ്ങൾക്കനുയോജ്യമാംവിധം ചിട്ടപ്പെടുത്താൻ തുടങ്ങി. അവന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും അവന്റെ തു മാത്രമല്ലാത്ത ഒരു സമൂഹത്തിന്റേതു കൂടിയായപ്പോൾ അവന്റെ ആഹ്ലാദങ്ങൾക്ക് ഉത്സവ സമാനമായ രൂപം ഉണ്ടായി. അവിടെ   സർഗ്ഗാത്മകമായ ആവിഷ്ക്കാര സാധ്യതകളുണ്ടായി അതിന്റെ തുടർച്ചകൾ ആചാരങ്ങളായി അടുത്ത കാലത്തേക്കോ  അടുത്ത തലമുറയിലേക്കോ പകർത്തപ്പെട്ടു. പകൃതിയുമായുള്ള അവന്റെ പങ്കു വെക്കലിനെയും താതാത്മ്യപെടലിനെയുമാണ് മനുഷ്യസംസംക്കാരമെന്ന് നമ്മൾ നിരന്തരമായി പറഞ്ഞു കൊണ്ടിരിക്കുന്നത്. അത് എവിടെയോ രൂപം കൊള്ളുകയും ഉറച്ചു പോയതുമായ ഒന്നല്ല അത് അനുദിനം പുതുക്കപ്പെടുകയും കൂട്ടി ചേർക്കപ്പെടുകയും ചെയ്തതാണ് . ഒരേ കാലത്ത് ജീവിച്ച സമൂഹങ്ങൾ പരസ്പ്പരം വെച്ചു മാറുകയും കടമെടുക്കുകയും ചെയ്തിട്ടുണ്ട്.

വിഷു അത്തരത്തിൽ കാലങ്ങൾക്കപ്പുറമെപ്പോഴോ രൂപം പ്രാപിച്ച ഒരു കാർഷിക ഉത്സവം തന്നെയാണ്. ഓണം നെൽകൃഷിയുടെ വിളവെടുപ്പുമായി ബന്ധപ്പെട്ടു കിടക്കുന്നതുപോലെ
വിഷു  നെല്ലിനൊപ്പം മറ്റെല്ലാ കാർഷിക ഉൽപ്പന്നങ്ങളുടേയും വിളവെടുപ്പുമായി ബന്ധപ്പെട്ടു കിടക്കുന്നു.
വിളവെടുപ്പിന്റെ ഉത്സവക്കാലം എന്നതുപോലെ അടുത്ത വിളവിറക്കലിനുള്ള തയ്യാറെടുപ്പുകാലം ക്കൂടിയാണ്. ഇപ്പോൾ ഉണ്ടായതിനേക്കാൾ മെച്ചപ്പെട്ട ഒന്നിനെക്കുറിച്ചുള്ള ആലോചന വളരെ പ്രധാനമാണ്. 
കൃഷിയിടങ്ങളിൽ പുതിയ ചാലു കീറൽ,
പുതിയ കൃഷി ആയുധങ്ങൾ പണിതെടുക്കുക , പുതിയ വിത്തിനങ്ങൾ കണ്ടെത്തുക, പുതിയ കാർഷീക രീതികൾ അവലംബിക്കുക ഇത്തരം
തിരക്കിട്ട ആലോചനകളും നടപടികളും ഒരർത്ഥത്തിൽ കൃഷിയിടങ്ങളെ ഉത്സവ സമാനമാക്കും.
പൂത്തിരിയും മത്താപ്പും മണ്ണിലും മനസിലും വർണ്ണ വിസ്മയം തീർക്കുന്ന കാലം . കണിക്കൊന്നകൾ മഞ്ഞ പൂക്കളാൽ പകൃതിയെ അണിയിച്ചൊരുക്കുമ്പോൾ മറ്റെല്ലാ വൃക്ഷങ്ങളിലും പൂക്കളോ പഴങ്ങളോ നിറഞ്ഞു കിടക്കും . മനുഷ്യരെന്ന പോലെ പക്ഷികളും മൃഗങ്ങളും അവരുടെ ഭക്ഷണം കണ്ടെത്താനും കരുതി വെക്കാനും പകൃതിയുടെ മടിത്തട്ടിൽ തിരക്കിട്ട ഓട്ടത്തിലായിരിക്കും.
കുട്ടികൾ സ്ക്കൂൾ അവധിയുടെ  ആരവങ്ങളിലേക്ക് പറന്നിറങ്ങും സൗഹൃദത്തിന്റെ പുതിയ മേച്ചിൻ പുറങ്ങൾ തേടും
പകൃതിയിലെ എല്ലാ ജീവജാലങ്ങളുമെന്ന പോലെ മനുഷ്യനും അതിന്റെ കണ്ണിയാണെന്ന്
ഓർമ്മപ്പെടുന്ന കാലമാണ് 
വിഷുക്കാലം .


വിഷുവം എന്ന വാക്കിൽ നിന്നാണ് വിഷു എന്ന പദം രൂപം കൊണ്ടത് എന്ന് പറയപ്പെന്നു തുല്ല്യമായത് എന്നാണതിനർത്ഥം. ഈ സമയത്ത് സൂര്യന്റെ ഭ്രമണപഥം ഭൂമധ്യരേഖയോട് ചേർന്നാണ് അത് കൊണ്ട് രാത്രിയും പകലും തുല്ല്യമായിരിക്കും. പക്ഷെ പ്രപഞ്ചത്തിലെ പലതിലും സംഭവിച്ചിരിക്കുന്ന  ചെറിയ മാറ്റങ്ങൾ ,അതിനെ കുറിച്ചുള്ള ശാസ്ത്ര അന്വേഷണങ്ങളിൽ  വന്ന വിപ്ലവകരമായ കണ്ടെത്തലുകൾ ഇവയെല്ലാം  സൂര്യന്റെ ഭ്രമണപഥത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകൾ പുതുക്കപ്പെടുന്നുണ്ട്.
അത് കൊണ്ട്  വിഷു ദിനത്തിൽ രാത്രിയും പകലും തുല്ല്യമാണോ എന്നതിലെല്ലാം വ്യതിയാനങ്ങളുണ്ടാകാം. പക്ഷെ തുല്ല്യമാകുക എന്നതിന് നീതിയെ കുറിച്ചുള്ള ഒരു ആലോചനയുണ്ട്.
രാവും പകലും തുല്ല്യമാകുമ്പോൾ - അധ്വാനവും വിശ്രമവും തുല്ല്യമാകുന്നതിലേക്ക്  അത് വിരൽ ചൂണ്ടും . പകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പ്പര്യത്തിന്റെ ഒരു രാഷ്ട്രീയ സൂചകമായും വിഷു വിനെ വായിക്കാം.


"ഇന്ത്യയിലെ കാർഷിക പഞ്ചാംഗത്തിലെ
ആദ്യദിനമാണ്‌ കേരളത്തിൽ വിഷു ആയി ആഘോഷിക്കുന്നത്‌. ഇന്ത്യയിലെമ്പാടും ഇതേ ദിവസം ആഘോഷങ്ങൾ ഉണ്ട്‌. ഉദാഹരണത്തിന്‌ അസമിലെ ബിഹു. വൈശാഖമാസത്തിലെ ബൈഹാഗ്‌ ആണ്‌ അവർക്ക്‌ ബിഹു. അന്നേ ദിവസം കാർഷികോത്സവത്തിനു പുറമെ നവവത്സരവും, വസന്തോത്സവവും എല്ലാമായി അവർ ആഘോഷിക്കുന്നു. കൃഷിഭൂമിപൂജ, വളർത്തുമൃഗപൂജ, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനങ്ങൾ നൽകുക, സംഘനൃത്തം എന്നിവയെല്ലാം ബിഹുവിന്റെ ഭാഗമാണ്‌. കൃഷിയിടങ്ങളിലെ പൊലിപ്പാട്ടും, വളർത്തുമൃഗങ്ങളെ കണികാണിക്കലും, കൈനീട്ടം നൽകലും എല്ലാം വിഷുവിലും ഉണ്ട്.
ബീഹാറിലെ ആഘോഷത്തിനും ബൈഹാഗ്‌ എന്നാണ്‌ പറയുക. പഞ്ചാബിൽ ഇതേ സമയം വൈശാഖിയും തമിഴ്‌നാട്ടിൽ പുത്താണ്ടും ആഘോഷിക്കുന്നു. കർണാടകയിലും ആന്ധ്രാപ്രദേശിലും ഇക്കാലത്ത്‌ ഉഗാദി എന്ന ആഘോഷം കൊണ്ടാടുന്നു. യുഗ-ആദി ആണ്‌ ഉഗാദി ആയത്‌, അർത്ഥം ആണ്ടുപിറപ്പ്‌ എന്നു തന്നെ. "(കടപ്പാട്)

വിഷു കേരളത്തിലെ ഒരു കൾച്ചറൽ ഇവന്റ് എന്ന നിലയിൽ വിവിധങ്ങളായ ആവിഷ്ക്കാരങ്ങളുമായി പിണഞ്ഞു കിടക്കുന്നു.
കലാസൃഷ്ടികളായാലും
ആഹാര രൂപങ്ങളായാലും രുചികളായാലും ഓരോ പ്രദേശത്തെ ലഭ്യമായ വിഭവങ്ങൾക്ക് അനുസരിച്ച്   പരുവപ്പെട്ടത് . വിളവെടുപ്പ് പാട്ടുകൾ, പൊലിക പൊലിക പോലുള്ള പുള്ളുവപ്പാട്ട് , വിളവെടുപ്പു ഇടങ്ങളിൽ അവരുടെ അധ്വാനത്തിന്റെ ഭാരം കുറക്കാൻ വട്ടം ചവിട്ടു പാട്ടു കളികൾ …ഒരോ പ്രദേശത്തും അവരുടേതായ രീതിയിൽ പരുവപ്പെട്ട വിനോദങ്ങൾ .
വിഷ്വൽ സൗന്ദര്യത്തെ വലിയ രീതിയിൽ ആഘോഷിക്കുന്ന ഉത്സവം എന്ന നിലയിൽ പൂത്തിരി ,മാത്താപ്പു, പടക്കങ്ങൾ രാത്രികളെ വർണ്ണ വിസ്മയങ്ങളാക്കുന്നതാണ് വിഷുവിന്റെ ഒരു പ്രത്യേകത.
ചക്ക, മാങ്ങ പോലുള്ള മധുര ഫലങ്ങളുടെ വിളവുകാലമായതിനാൽ
ഇതു കൊണ്ടുള്ള ഭക്ഷണ വിഭവങ്ങൾ
കേരളത്തിന്റെ തീൻ മേശകൾ കീഴടക്കും . പുതിയ അരി തേങ്ങാപാൽ ചേർത്ത് വേവിച്ച് ജീരകം ചേർത്ത് വറ്റിച്ച് കേക്ക് രൂപത്തിൽ ഉണ്ടാക്കി വാഴയിലയിൽ വിളമ്പുന്ന വിഷുക്കട്ട
വിഷു കാലത്തെ പ്രധാന വിഭവമാണ്.



ഒരു കൂട്ടമെന്ന രീതിയിലോ കുടുംബമെന്ന ഒരു ഘടനയിലോ  വിളവെടുത്ത മൊത്തം കാർഷിക വിഭവങ്ങളുടെ അധികാരിയായിരിക്കും തലവൻ / മൂപ്പൻ അഥവാ ഗൃഹനാഥൻ.
 എല്ലാവരുടേയും അധ്വാനത്തിന്റെ ഫലം ഒന്നിച്ച് ഒരുക്കി വെച്ച്  അടുത്ത പുലർച്ചയിൽ  അഭിമാന ബോധത്തോടെ ഒന്നിച്ചു നിന്നു  കാണുന്ന ഒരു കാഴ്ച്ചയുണ്ടല്ലോ അത് ആയിരിക്കും വിഷു കണി എന്ന ആശയം … കുറേക്കൂടി മെച്ചപ്പെട കാഴ്ച്ച അടുത്ത തവണ ഒരുങ്ങണമെങ്കിൽ
കുറേക്കൂടി മെച്ചപ്പെട്ട അദ്ധ്വാനം നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ഓരോ അംഗവും മൂപ്പനുമായ് ചേർന്ന് നടത്തുന്ന പ്രതിജ്ഞയുമാകാം.
വിളവു മുതൽ അല്ലെങ്കിൽ വിറ്റു കിട്ടിയ പണം  ഓരോ അംഗത്തിനും മൂപ്പൻ
തുല്ല്യമായോ അദ്ധ്വാന മൂലധന നിക്ഷേപങ്ങളുടെ അടിസ്ഥാനത്തിൽ പങ്കു വെക്കുന്നതിന്റെ ഒരു രൂപമാകാം
വിഷുക്കണി എന്ന ആശയം.


കാലങ്ങൾ കഴിയുമ്പോൾ യാഥാർത്ഥ്യ ങ്ങളേക്കാൾ കേൾക്കാൻ സുന്ദരമായ കെട്ടുകഥകളാൽ മനുഷ്യൻ അവന്റെ ഭൂതകാലത്തെ അലങ്കരിക്കാൻ ശ്രമിക്കും. നിലനിന്നിരുന്ന മിത്തുകളും പഴങ്കഥകളും    നിറഞ്ഞ് സത്യത്തെ പൂർണ്ണമായും ഇല്ലായ്മ ചെയ്യും. പുതിയ കഥകൾ പഴയ ശരികൾക്കു മേൽ ആരോപിക്കും. അങ്ങനെയായിരിക്കും രാമാണത്തിന്റെയും മഹാഭാരതത്തിന്റെയും കഥാവഴികളിൽ
വിഷു കുടുങ്ങി പോയത്. അത്തരത്തിൽ വിഷുവിനെ കുറിച്ചുള്ള ഐതീഹ്യങ്ങൾ നിങ്ങൾ കേട്ടിരിക്കുമല്ലോ …

(സുധീഷ് അമ്മവീടിന്റെ
മഴക്കാലത്തെ വിപ്ലവങ്ങൾ എന്ന കവിതാ സമാഹാരത്തിലെ ഒരു കവിത )

" വിഷു സംക്രാന്തി

ഒന്ന്

പുലരിയിലവൾ
നെറുകയിൽ ചന്ദനമായ്
പടരുന്ന കണിക്കൊന്ന
രാത്രിയിൽ ഹൃദയത്തിൽ 
നക്ഷത്രങ്ങൾ വിരിയിക്കുന്ന
പൂത്തിരി


രണ്ട്.

നെഞ്ചിലെ സ്വപ്നങ്ങളുരുക്കി 
പേറ്റുനോവിൽനീറ്റികണ്ണീരിൽ
ആറ്റിയെടുത്തകുഞ്ഞിന്റെ
വിശപ്പടങ്ങാത്ത രാത്രിയിൽ
വെറുംകയ്യോടെ കയറിവന്ന എന്റെ മുന്നിൾ അവൾ
നനഞ്ഞ പടക്കം പോലെ ചീറ്റി

മൂന്ന്

വിശ്രമമില്ലാത്ത പകലിന്റെ ചായ് വിൽ
പ്രതീക്ഷയും ആശ്വാസവുമായ്
അവളിലേക്ക് പടർന്ന്
ധൃതിയിൽ തളർന്നു വീഴുമ്പോൾ
കത്തിയാളുന്ന കണ്ണാൽ അവൾ
നെഞ്ചിലേക്ക് കുടഞ്ഞിട്ടത്
നിലയ്ക്കാതെ പൊട്ടുന്ന ഞാലിപടക്കം.
വിഷു പരാജിതന്റെ മേൽ
ലോകത്തിന്റെ ആഹ്ലാദമാണ്. "

ഒരോ മനുഷ്യരും അവരുടെ സാഹചര്യത്തിനും മാനസീക അവസ്ഥകൾക്കും അനുസരിച്ചാണ് ഓരോ ആഘോഷങ്ങളിലും ഭാഗവാക്കാകുന്നത് . ഒരു സന്തോഷവും സാർവ്വത്രീകമായ അനുഭവമല്ല.

കേരളത്തിന്റെ ഒരു സാമൂഹിക അന്തരീക്ഷം എന്തായിരുന്നു എന്ന ബോധ്യങ്ങളിൽ നിന്നു കൊണ്ടു കൂടി
വിഷുവിനെ മനസിലാക്കാൻ ശ്രമിക്കണം. 
10 % ത്തിൽ താഴെ വരുന്നവരുടെ കൈവശമുണ്ടായിരുന്ന ഭൂമിയും അനുബന്ധ കാർഷിക വിഭവ സാധ്യതകൾ  അവിടെ അടിമകളെ പോലെ പണിയെടുക്കുന്ന കുറേ പേർ.
ജാതിയതയുടെ അതി ഭീകരമായ ഒരു കാലത്ത്. നല്ല പാർപ്പിടമോ നല്ല ഭക്ഷണമോ നല്ല വസ്ത്രമോ ഇല്ലാത്ത
ഒരു സമൂഹം ഇത്തരം ഉത്സവങ്ങൾ
എങ്ങനെയായിരിക്കും ആഘോഷിച്ചിട്ടുണ്ടാകുക എന്നത് നമ്മൾ ചിന്തിക്കണം.
സെറ്റ് മുണ്ട് - സെറ്റ് സാരി - വിഷു കണി - വിഷു കൈനീട്ടം എന്നിങ്ങനെയുള്ള
വിഷു മിത്തുകൾ കേരളത്തിന്റെ പൊതു
ജീവിത ഭാഗധേയം എന്ന നിലയിൽ കൊണ്ടാടുമ്പോൾ ഇത്തരം ആഘോഷങ്ങൾക്ക് പുറത്തുണ്ടായിരുന്ന മഹാ ഭൂരിപക്ഷം ജനങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട വലിയ ഗൃഹാധുരത്വം ഉണ്ടാകേണ്ടതില്ല.

വിഷുവിനെയും വിഷുവിന്റെ അടയാളമായ കണിക്കൊന്നയെയും  സാമൂഹ്യവും പാരിസ്ഥിതികവുമായ രാഷ്ട്രീയ വായന സാധ്യമാക്കിയ വൈലോപ്പിള്ളിയുടെ വിഷുക്കണി എന്ന കവിത അതു പോലെ
അയ്യപ്പ പണിക്കരുടെ പൂക്കാതിരിക്കാനെനിക്കാവതില്ലെ എന്ന കവിത എന്നിവ ഓർക്കപ്പെടണം

"ഏതു ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും
ഏതു യന്ത്രവല്‍ക്കൃതലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും

മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും "
(വൈലോപ്പിള്ളിയുടെ വിഷുക്കണി എന്ന കവിതയിൽ)

നഗരവൽക്കരണവും  സാങ്കേതികവിദ്യകളും  മനുഷ്യവ്യവഹാരങ്ങളുടെ ജൈവീകതയെ കടന്നാക്രമിക്കുമ്പോൾ
ഗ്രാമ വിശുദ്ധികൾ കൈവിടരുതെന്ന്
കവി പറഞ്ഞു വെക്കുന്നുണ്ട് ഇതിൽ


"
എനിക്കാവതില്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ കണിക്കൊന്നയല്ലേ
വിഷുക്കാലമല്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ വിഷുക്കാലമെത്തി-
ക്കഴിഞ്ഞാലുറക്കത്തിൽ ഞാൻ ഞെട്ടി-
ഞെട്ടിത്തരിക്കും ഇരുൾതൊപ്പി പൊക്കി-
പ്പതുക്കെ പ്രഭാതം ചിരിക്കാൻ ശ്രമിക്കും
പുലർച്ചക്കുളിർക്കാറ്റ് വീശിപ്പറക്കും
വിയൽപ്പക്ഷി ശ്രദ്ധിച്ചു നോക്കും
ഞരമ്പിന്റെയുള്ളിൽത്തിരക്കാ-
ണലുക്കിട്ട മേനിപ്പുളപ്പിന്നു പൂവൊക്കെ-
യെത്തിച്ചൊരുക്കിക്കൊടുക്കാൻ തിടുക്കം തിടുക്കം
ഉണങ്ങിക്കരിഞ്ഞെന്നു തോന്നിച്ച കൊമ്പിൻ-
മുനമ്പിൽത്തിളങ്ങുന്നു പൊന്നിൻ പതക്കങ്ങൾ
എൻ താലി നിൻ താലി പൂത്താലിയാടി-
ക്കളിക്കുന്ന കൊമ്പത്തു സമ്പത്തു കൊണ്ടാടി-
നിൽക്കും കണിക്കൊന്നയല്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ."
(അയ്യപ്പ പണിക്കരുടെ പൂക്കാതിരിക്കാൻ എനിക്കാവതില്ലേ )

അതിജീവനത്തിന്റെ അടയാളമാണ് കണിക്കൊന്ന  ചുട്ടുപൊള്ളുന്ന കാലമായാലും ഏവർക്കും കുളിരുപകരുന്ന കാഴ്ച്ചയാകുന്ന ക്കൊന്ന അപര സ്നേഹത്തിന്റെ കൊടിയാളമാകുന്നു. കണിക്കൊന്ന ഇലകൾ പൊഴിക്കുന്നത് ഉഗ്ര താപത്താൽ  അതിന്റെ ജലാംശം വറ്റി പോകാതിരിക്കാനാണ് ഇലകളെല്ലാം പൊഴിഞ്ഞാലും അത് ജീവിച്ചിരിക്കുന്നു എന്ന വിളിച്ചു പറയലാണ് അതിന്റെ പൂക്കൽ …


എങ്കിലും മനുഷ്യൻ എന്ന നിലയിൽ  ഒന്നിച്ചിരിക്കാനും  ഒന്നിച്ച് ആഘോഷിക്കാനും ഉള്ള അവസരങ്ങൾ അന്യമാകുന്ന കാലത്ത് അയൽപക്കങ്ങളായി ജീവിച്ച കുറച്ചു നാളുകൾ മതത്തിനും ജാതിക്കുമപ്പുറം
പങ്കു വെക്കപ്പെട്ട രുചികൾ
കൂട്ടായ്മയുടെ ആവിഷ്ക്കാരങ്ങൾ
തിരികെ പിടിക്കേണ്ടിയിരിക്കുന്നു.

നമ്മളെ ചേർത്തു നിറുത്തുന്നതിൽ
ഭക്ഷണങ്ങളുടെ പങ്കു വെപ്പിന് വലിയ പ്രസക്തിയുണ്ടായിരുന്നു. നോമ്പുതുറ വിഭവങ്ങൾ അയൽപക്കങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് … പെരുനാളിനും വിഷുവിനും ഓണത്തിനും ക്രിസ്തുമസിനും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് … അപൂർവ്വമാകുന്നു …
മതപൗരോഹിത്യം വെറുപ്പിന്റെ രാഷ്ട്രീയം പറഞ്ഞ് നമ്മുടെ മനസുകളെ വിഷം പുരട്ടുന്നു …
ഓരോരുത്തരക്കും അവരവരുടേതായ തുരുത്തുകൾ രൂപപ്പെടുന്നു.

അത്തരം ഭീതിതമായ ഒരു കാലത്ത് പരസ്പ്പരം ചേർന്നിരിക്കുന്നതിനുളള ഒരു അവസരവും നഷ്ടപ്പെടുത്തരുത്.
കലാ ആവിഷ്ക്കാരങ്ങളുടെ ഉൻമാദം അനുഭവിക്കുന്നതിലൂടെ 
രുചികൾ പങ്കു വെക്കുന്നതിലൂടെ
ചില അതിർത്തികൾ മാഞ്ഞു പോകും
മനുഷ്യൻ എന്ന  പദം കൂറേക്കുടി
സുന്ദരമാകും.

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)