അതിമഹാരഥി രാവണപുത്രൻ - ശ്രീരാജ് ലോഹിതാക്ഷൻ
ശ്രീരാജ് ലോഹിതാക്ഷന്റെ "അതിമഹാരഥി രാവണപുത്രൻ " മിത്തിക്കൽ നോവൽ വായിച്ചു …
അതിന്റെ DTP വർക്ക് മുതൽ കൂടെയുണ്ടായിരുന്നത് കൊണ്ട് … അതിന്റെ കുറേ ഭാഗങ്ങൾ ഞാൻ മുൻപ് വായിച്ചിട്ടുണ്ട് … എങ്കിലും തുടക്കം മുതൽ വായിച്ചനുഭവിക്കുമ്പോൾ വല്ലാത്തൊരു കൗതുകം തോന്നി …
രാജ്യവും രാജാവും കൊട്ടാരങ്ങളും
യുദ്ധഭൂമിയും നമ്മുടെ ഭാവനയുടെ ലോകത്ത് നിർമ്മിച്ചെടുക്കാൻ
ശ്രീരാജിനെ കൊണ്ട് എളുപ്പത്തിൽ കഴിഞ്ഞു…. അത്ര തീവ്രമായി തന്നെ അത്തരം മിത്തുകളെ പുനരാവിഷ്ക്കരിക്കാൻ ശ്രീരാജ് ശ്രമിച്ചിട്ടുണ്ട്. തന്റെ കേട്ടറിവുകൾ അത് മുന്നോട്ട് നയിച്ച പ്രത്യേകതരം വായന
അതിഭാവുകത്വ ത്തിന്റെ കഥ പറച്ചിൽ രീതിയിലേക്ക് ശ്രീരാജിനെ തളച്ചിട്ടുണ്ട് … യുക്തി എന്നത് മിത്തുകൾക്കിടയിൽ നമ്മൾ മറന്നു വെക്കേണ്ടിവരും…
ലക്ഷം ,കോടി എന്ന് ഒക്കെ പറയുന്നതിലെ പ്രായോഗികത നമ്മുടെ യുക്തികളെ കൊന്നു കളയും ….
പക്ഷെ ഇന്നത്തെ ആലോചനകളിൽ നിന്ന് ഇന്നലെയുടേത് എന്ന് പറയുന്ന ഒരു കഥ മെനഞ്ഞെടുക്കുമ്പോൾ അതിനെ യാഥാർത്ഥ്യവുമായി ബന്ധിപ്പിക്കാൻ ശ്രീരാജ് നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണ് … ചില സ്ഥലങ്ങൾ അതിന്റെ ഭൂമിശാസ്ത്ര പരമായ സ്ഥാനം നിർണ്ണയിക്കാൻ നമ്മളെ അത് വിശ്വസിപ്പിക്കാൻ
ഭാഷ കൊണ്ട് നടത്തുന്ന പ്രയത്‌നം ചെറുതല്ല.
രാവണൻ എന്നത് ഒരു രാക്ഷസരൂപമാണ് എന്നത് നിലനിൽക്കുന്ന ഒരു പൊതുബോധമാണ് … ആ കുലത്തിൽ പിറന്നത് മാത്രമാണ് മേഘനാഥന്റെ കുറ്റമെന്ന് പറയുമ്പോൾ നിലനിൽക്കുന്ന പൊതുബോധനിർമ്മിതികളെ പറഞ്ഞുറപ്പിക്കുന്നുണ്ട് ശ്രീരാജ് …
നിലവിൽ പറഞ്ഞു പഴകിയ മിത്തുകളിൽ കയറി പുതിയ കാലത്തിന് അനുഗുണമായി കഥാസന്ദർഭങ്ങളെ വിപ്ലവാത്മകമായി സമീപിക്കാൻ ശ്രീരാജ് ശ്രമിക്കുന്നില്ല …
എം ടി രണ്ടാമൂഴത്തിലും വടക്കൻ വീരഗാഥയിലും നടത്തുന്ന ശ്രമം അത്തരത്തിലായിരുന്നു … അത് കൊണ്ട് അത്തരം ആലോചനകൾ പുതിയ കാലത്തിനോടുള്ള നീതിയാകും.
എങ്കിലും ശ്രീരാജ് ലോഹിതാക്ഷൻ എന്ന എഴുത്തുകാരൻ രാമായണത്തിന്റെ പ്രതിപക്ഷ വിഭാഗത്തിൽ നിന്നും
ഒരു നായകനെ വളരെ മികച്ച രീതിയിൽ
അടയാളപ്പെടുത്താൻ ശ്രമിക്കുന്നത്
അഭിനന്ദനീയം തന്നെ …
പുതിയ എഴുത്തുകാരന്റെ എന്നു തോന്നാത്ത വിധം പരിചിത ഭാഷയുടെ
കരുത്ത് പേറുന്നുണ്ട് ഈ പുസ്തകം …
മിത്തുകളിൽ അഭിരമിക്കുന്ന ഒരു ജോണർ ശ്രീരാജിന്റെ ശക്തിയായി തോന്നുന്നു …
വായിക്കപ്പെടണം … ശ്രീരാജ് ….
അത്യന്തം വിഷ്വൽ സാധ്യതയുള്ള അവതരണമാണ് ഈ നോവലിന്റെ പ്രത്യേകത …
അത്തരത്തിലുള്ള വായനകൾ ഇഷ്ടപ്പെടുന്നവരെ ഈ പുസ്തകം നിരാശപ്പെടുത്തില്ല.
കുട്ടികാലം മുതൽ നമ്മൾ കേട്ട കഥകളുടെ ഒരു പൂരിപ്പിക്കൽ ആണ്
ഈ നോവൽ. നമ്മുടെ പ്രതിഷേധങ്ങൾ നമ്മുടെ ആശങ്കകൾ പുതിയ കാലം ഈ മിത്തിനെ ഉപയോഗിക്കുന്ന രീതി
ഇതൊന്നും ശ്രീരാജിന്റെ വിഷയമല്ല…
ശ്രീ രാജ് അതിനെ കാണാൻ ശ്രമിക്കുന്നത് മുത്തശ്ശീ മാരുടെ കഥ കേട്ടിരിക്കുന്ന ഒരു കുട്ടി മനസ്സിന്റെ
കൗതുകങ്ങളിലൂടെയാണ് …
അതിന്റെ നിഷ്കളങ്കതയും നിരുത്തരവാദിത്തവും ഈ നോവലിന്റെ
ശക്തി ദൗർബല്യമാണ് എന്ന് പറയാതെവയ്യ …
സ്നേഹത്തോടെ ഈ നോവൽ നിങ്ങളുടെ വായനയ്ക്ക് നിർദ്ദേശിക്കുന്നു..
-സുധീഷ് അമ്മവീട്
13 - 01 -2023
Comments
Post a Comment