കരിവീട്ടി - നവോത്ഥാനത്തിന്റെ ചരിത്ര വഴികളിലെ കുതിപ്പും കിതപ്പും അനാവരണം ചെയ്യുന്നു.

ജാതീയതയുടെ മലീമസമായ ഒരു കാലത്തെ ഓർത്തെടുക്കാനും പുതിയ തലമുറയോട് ഇങ്ങനെയുമൊരു കാലമുണ്ടായിരുന്നെന്ന് വിളിച്ചു പറയാനുമുള്ള ഒരു നാടക ശ്രമമാണ് അഥവാ ചരിത്രദൗത്യമാണ്
പി.ഡി. പൗലോസ് എന്ന ഒറ്റയാൾ നാടകക്കാരൻ ഏറ്റെടുക്കുന്നത്.
ഈ .ഡി. ഡേവിസ് എഴുതി വി.ടി.ഭട്ടത്തിരിപാടി ന്റെ ജീവിതം പറയുന്ന ഇരിക്ക പിണ്ഡം കഥ പറയുമ്പോൾ എന്ന നാടകത്തിന് സാംസ്കാരിക പ്രവർത്തകനും ഗായകനുമായ പി.ഡി.പൗലോസ് നൽകിയ ഒറ്റയാൾ നാടക ആവിഷ്ക്കാരമാണ് *കരിവീട്ടി.*

നവോത്ഥാനത്തെ കുറിച്ച് സമൂഹത്തിൽ
നിൽക്കുന്ന ഒരു വലിയ തെറ്റിദ്ധാരണ
അത് ദളിതുകൾക്കു വേണ്ടി മറ്റാരോ മുകളിൽ ഇറക്കി തന്ന ഒന്നാണെന്നാണ്.
അത്യന്തം ദുഷിച്ച ബ്രാഹ്മണ സമൂഹങ്ങളിലെ മനുഷ്യർക്കു  പോലും ഒരു ജീവിത ക്രമം ഉണ്ടാക്കി കൊടുത്ത ഒന്നിന്റെ പേരാണ് അത്. വെളിച്ചം കടക്കാതെ അടച്ചിടപ്പെട്ട ,  ദുഷിച്ച ആചാരങ്ങളാൽ വ്രണം വെച്ച ഓരോ സമുദായത്തിലും രൂപപ്പെട്ട പൊട്ടിയൊലിക്കലിന്റെ ഭാഗമായാണ്
നവോത്ഥാന മുന്നേറ്റങ്ങൾ സംഭവിച്ചത്.
ബ്രാഹ്മണ സമൂഹത്തിൽ  വിപ്ലവാത്മകമായ  മാറ്റങ്ങൾ ഉണ്ടാക്കിയ മഹാത്മാവാണ് വി.ടി.
കരിവീട്ടി എന്ന നാടകം അത്തരത്തിലുള്ള ചില അബദ്ധ മുൻവിധികളെ തകർക്കുന്നതിന് ഒരു കാരണമാകുകയാണ്. വീ.ട്ടി. സമൂഹത്തോട് സംവദിക്കാനുള്ള ശക്തമായ ഉപകരണമായി നാടകത്തെ ഉപയോഗിച്ചപ്പോൾ. വി.ട്ടി. യെ അടയാളപ്പെടുത്താനും നാടകം കരുത്തുറ്റ ഉപകരണമാകുകയാണ്.

പി.ഡി.പൗലോസ് എന്ന നടൻ 
ഉടൽ ഭാഷ കൊണ്ട് നാടകത്തെ വലിയ ഒരു അനുഭവമാക്കി മാറ്റുന്നുണ്ട്.
വൈകാരിക സമസ്യകളെ ഭാവതീവ്രമായി നിർദ്ധാരണം ചെയ്യുന്നുണ്ട് പൗലോസ് എന്ന നടൻ. നിമിഷ നേരങ്ങൾ കൊണ്ട് ഒരു കഥാപാത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് നടത്തുന്ന പരകായ പ്രവേശം അത്ഭുതപെടുത്തുന്ന ഒന്നാണ്.
ഒറ്റയാൾ നാടകമെന്ന പരിമിധിയെ മറികടക്കാൻ ഉപയോഗിക്കുന്ന വേഷവിധാനങ്ങൾ പ്രോപ്പർട്ടികൾ
എന്നിവ വിദഗ്ദ്ധമായി നാടകത്തിൽ സന്നിവേശിപ്പിക്കപ്പെട്ടു. 
പഴയൊരു കാലത്തെ
ചരിത്ര സംഭവങ്ങളെ കോർത്തിണക്കുമ്പോൾ ഡോക്യുമെന്ററി തലത്തിലേക്ക് വീണു പോകാത്ത വിധം
സംഭവ ബഹുലമായി ദൃശ്യങ്ങളെ സമന്വയിപ്പിക്കുന്ന എഴുത്തുകാരന്റെ ബ്രില്ല്യൻസിനൊപ്പം നിൽക്കുന്ന നടന ശേഷി എടുത്തു പറയേണ്ടതു തന്നെ ...
അനാചാരങ്ങളുടെ ദുർഭൂതങ്ങളെ തിരികെ കൊണ്ടുവരാൻ
ബ്രാഹ്മണിക്കൽ ഫാസിസം ശ്രമിക്കുന്ന കാലത്ത്  ഇ.ഡി. ഡേവിസ് , പി.ഡി.പൗലോസ്  എന്നിവർ നിർവ്വഹിക്കുന്ന ചരിത്ര ദൗത്യം വളരെ വലുതാണ്.
വായനശാലകൾ
ക്ലബ്ബുകൾ
പുരോഗമന പക്ഷത്ത് നിലയുറപ്പിക്കുന്ന കൂട്ടായ്മകൾ
ഈ നാടകം ഏറ്റെടുക്കണം
നമുക്കിടയിൽ ഈ നാടകം അവതരിപ്പിക്കപെടണം
അത് ഉത്തരവാദിത്വമായി
കാണുകയും വേണം.

                - അഭിവാദ്യങ്ങളോടെ
                   സുധീഷ് അമ്മവീട്

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)