കുമ്പസാരം

കുമ്പസാരം
-----------------------------------
ഓരോരുത്തരിലുമുണ്ടാകും
ആരാലും തുറക്കാനാവാത്ത
ചില അറകൾ ...
ഒളിച്ചു വായിച്ചപ്പോഴെല്ലാം
ആരുടെയെങ്കിലും 
കാൽപെരുമാറ്റം കേട്ട്
തിടുക്കത്തിൽ ഒളിപ്പിച്ചു വെച്ച
കൊച്ചു പുസ്തകം പോലെ
ചിലതുണ്ട്  അതിൽ .....
പറയാതെ വിഴുങ്ങിയ വാക്കുകൾ
പിറവി കാത്തു കിടപ്പുണ്ടാകും ...
ബന്ദികളായി  കുറെ മോഹങ്ങൾ
മോചനം  സ്വപ്നം കണ്ടങ്ങിനെ. ....
അവൾ  ഒരു കലങ്ങിയ കടലാണ്
ആഴങ്ങൾ  എന്നത്
അവളിലേക്ക്‌  ഇറങ്ങിപോയി
തിരികെയെത്താത്തവന്റെ
വെറും തോന്നലാണ്
വിവേകത്താൽ
അളന്നെടുക്കാനാവുകില്ല
വികാരത്തിൽ ഒരു പക്ഷെ
മുറിച്ചു കടക്കാനായേക്കും  
എന്നാലും
ആത്മാവ് എന്ന ഒന്നിനെ  അവൾ
ഉടല് കൊണ്ടു  മറച്ചുപിടിക്കും ...
ഉടൽ അവൾക്കു ആയുധമാണ്
അത് കൊണ്ട്അവൾ  സ്നേഹിക്കും
അതുകൊണ്ടു തന്നെ  ശിക്ഷിക്കും....
അത്ര മേൽ സ്ത്രീവിരുദ്ധമായ
രാത്രികളിൽ
എന്നിൽ നിന്നും വേർപെട്ട
അവളുടെ  തളർന്ന കയ്യിൽ
ചിലപ്പോൾ ഒരു കൊച്ചു പിച്ചാത്തി
വെച്ചുകൊടുക്കാൻ  തോന്നും ...
ഓരോ വെറുപ്പും  സ്നേഹമാണെന്ന്
ഓരോ വേദനയും  ആനന്ദമാണെന്ന്
കള്ളം പറഞ്ഞ  അവളുടെ
സഹനത്തിന്റെ  പേരാണ്  ഞാൻ
എന്ന നാണക്കേടിൽ നിന്നും
എന്നെ മോചിപ്പിക്കാൻ വേണ്ടി......
               ---  സുധീഷ് അമ്മവീട്

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)