പടവുകൾക്കപ്പുറം


പടവുകൾക്കപ്പുറം

ആ പതിനെട്ടു പടവുകൾ 

അവൾക്കു പ്രിയപെട്ടതാകുന്നത്

 എന്തുകൊണ്ടായിരിക്കും... 

സ്വർഗ്ഗാരോഹണത്തിനുള്ള 

താക്കോൽ അവിടെ 

ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് 

വെറുതെ പോലും അവൾ കരുതിയിട്ടില്ല ...! 

നാളിതുവരെ ഏറ്റ പീഢനപർവ്വത്തിന്റെ മോചനം 

ആ പടവുകൾക്കപ്പുറമാണെന്നു 

അവളെയാർക്കും പറഞ്ഞു പറ്റിക്കാനുമാവില്ല ... 

പിന്നെ ?
അവളുടെ പാദസ്പർശത്താൽ 

മോക്ഷം തേടുന്ന അഹല്യ ശിലകൾ 

ഒരു പെണ്ണിന്റെ

 കണ്ണുനീർഘനീഭവിച്ചതാണെന്ന്

 അവൾക്കാരും പറഞ്ഞു കൊടുക്കേണ്ടതില്ല !
പ്രണയാർദ്രമായ ഒരു പെണ്ണിനെ 

പറഞ്ഞുപറ്റിച്ച കൊടുംചതിയുടെ

 നിഗൂഢതകൾ പതിയിരിക്കുന്നത് 

അവളെ തെല്ലും ഭയപെടുത്തിയില്ല .....
ഇര ഇരയെ ചേർത്തുപിടിക്കുംപോലെ

 അവളെ യവൾ നെഞ്ചിൽ കുടിയിരുത്തും.. 

ഈ കത്തുന്ന പക നിനക്ക് വേണ്ടിയാണെന്ന്

 ഈ തീണ്ടൽ നിനക്കും കൂടിയാണെന്ന് 

അവൾ ജപിച്ചു കൊണ്ടേയിരിക്കും
ആ പതിനെട്ടു പടവുകൾ ..!!
അതുകൂടി താണ്ടിയാലേ

 പറഞ്ഞു പഴകിയ ആണധികാര

 നിസ്സാരതയെ കാട്ടി തരാനാകൂ ...
ഉടൽ എന്റെ അടിമത്തമെല്ലന്ന്
അതൊരു സ്വാതന്ത്ര്യ പ്രഖ്യാപനമാണെന്ന് 

ആ പടവുകൾക്കപ്പുറം

 അവൾക്കു കോറിയിടണം 

നാൾ തെറ്റി വർഷിച്ച രക്തപുഷ്പങ്ങളാൽ

 ആൺ കോയ്മയുടെ ശിലാവിഗ്രഹങ്ങളെ 

അഭിഷേകം ചെയ്യണം 

രക്തം ഉറവപൊട്ടി നിലവിളിക്കുമ്പോൾ

 നട്ടെല്ല് പിളരുന്ന വേദനയുടെ നാളികേരം

 ആ നടയിൽ എറിഞ്ഞുടക്കണം
ഓരോ പെണ്ണും നാളിതുവരെ 

പേറിയ അപമാന ഭാരത്തിൻറെ

 ഇരുമുടികെട്ടുമായി അവിടെ വരും ..... 

കൃഷ്ണപ്പരുന്തുകൾ അന്ന് 

പതിവിലേറെ വേഗത്തിൽ വട്ടമിട്ടുപറക്കും! 

ദൈവം അപ്പോൾ സ്വയം ജ്വലിച്ച് 

ആകാശം മുട്ടുംതീപ്പന്തമായി

 എഴുന്നേറ്റുനിൽക്കും .......! 

ആണഹങ്കാരങ്ങൾ കത്തിയമരുന്ന

 തീനാളങ്ങൾ കണ്ട് 

ദിവ്യ ജ്യോതിയെന്നു പേരിട്ടപേരിട്ട്

 ലോകമതിനെ വിശുദ്ധമാക്കും... 

    --- സുധീഷ് അമ്മവീട്


Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)