ഒരു പൂന്തോട്ടം തുന്നി പിടിപ്പിച്ച ആ ഉടുപ്പ്
പൂന്തോട്ടം തുന്നി പിടിപ്പിച്ച ആ ഉടുപ്പ്... ആ വയലറ്റ് ഉടുപ്പു കണ്ടുവോ...? ഒരു പൂന്തോട്ടം തുന്നി പിടിപ്പിച്ച ആ ഉടുപ്പ് വിടരാൻ കൊതിച്ച് കുറെ മഞ്ഞ പൂമൊട്ടുകൾ അവളുടെ കളി ചിരി വർത്തമാനങ്ങളിൽ നൃത്തം ചെയ്യുന്നത് കണ്ടിട്ടുണ്ടോ? കുറ്റിക്കാട്ടിൽ നിന്നും ഒടുവിലത് അത് കണ്ടെടുക്കുമ്പോൾ അതിനകത്ത് ചതഞ്ഞ ഒരു ഉടലുണ്ടായിക്കുന്നു... അതിലെ പൂക്കൾക്ക് ചോരയുണങ്ങിയ കറുപ്പു നിറം.. പൂന്തോട്ടത്തിൽ ചീന്തിയിട്ട കരുവാളിച്ച ഇതൾ പോലെ. ... നിന്റെ നിലവിളികളിൽ കാതു പൊത്തിയ ദൈവം നിന്റെ പിടച്ചിലിൽ കണ്ണുപൊത്തിയ ദൈവo ആരുടേതാണ്. നീ തിരഞ്ഞു പോയ നിന്റെ കുതിരകൾ നിന്നെ കൂടാതെ തിരികെയെത്തുമ്പോൾ അമ്പല മണികൾ നിർത്താതെ മുഴങ്ങുന്നുണ്ട്.. ! ഒരു കുഞ്ഞിന്റെ ചോരമോന്തി ഒരു ദൈവo ഭക്ത പ്രീതിക്കായ് ഉറഞ്ഞു തുള്ളുന്നുണ്ട്..! കനം വെച്ച ഈ ഉടുപ്പ് പിഴിഞ്ഞ ചോര കൊണ്ട് കൈ കഴുകി ശുദ്ധി വരുത്തു.. പറഞ്ഞേക്കരുത് ഈ ചോരയിൽ ദൈവങ്ങൾക്ക് പങ്കില്ലെന്ന്... ഉറങ്ങി കിടക്കുന്ന എന്റെ മകൾക്കും നിന്റെ അതേ പ്രായം അതേ മുഖം പതിഞ്ഞ കാലൊച്ചകൾ കേട്ട് അവൾ ഞെട്ടി ഉണരുന്നു കയ്യകലത്തും നെഞ്ചിലും മൂർച്ചയുള്ള ഒരു വെട്ടരിവാളുണ്ടെന്ന ഉറപ്പിൽ ...